• HOME
  • »
  • NEWS
  • »
  • career
  • »
  • Major Subject | ഉന്നത പഠനത്തിനായി ഐച്ഛിക വിഷയം തിരഞ്ഞെടുക്കേണ്ടത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Major Subject | ഉന്നത പഠനത്തിനായി ഐച്ഛിക വിഷയം തിരഞ്ഞെടുക്കേണ്ടത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പഠന വിഷയം തിരഞ്ഞെടുക്കുമ്പോൾ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങൾ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    #നഡാഷ മിലാസ്

    ഉന്നത പഠനത്തിനായി ഒരു വിഷയം തിരഞ്ഞെടുക്കുക എന്നത് വളരെ വലിയ ഒരു തീരുമാനം തന്നെയാണ്. നിങ്ങൾക്ക് താൽപ്പര്യമുള്ള വിഷയം എന്താണ്? അടുത്ത നാല് വർഷം നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നത് എന്താണ്? ഒരു നിർദ്ദിഷ്‌ട വിഷയത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന കരിയർ ഓപ്ഷനുകൾ എന്തൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങൾ പലപ്പോഴും വിദ്യാർത്ഥികൾ സ്വയം ചോദിക്കുകയും ഉത്തരം നൽകുകയും ചെയ്യാറുണ്ട്. നിങ്ങൾക്ക് ചിത്രരചനയിലോ നാടകത്തിലോ താൽപ്പര്യമുണ്ടെങ്കിൽ, കലയോ ഡ്രാമയോ ഐച്ഛിക വിഷയമായി പഠിക്കാനാകും നിങ്ങൾ താത്പര്യപ്പെടുക. നിങ്ങൾക്ക് നിയമമോ മെഡിസിനോ പഠിക്കണമെങ്കിൽ ഒരു ലോ സ്കൂളിലോ മെഡിക്കൽ കോളേജിലോ പ്രവേശനം നേടുന്നതിനുള്ള വിഷയമായിരിക്കും തിരഞ്ഞെടുക്കുക.

    യുഎസിലെ മിക്ക കോളേജുകളും അപേക്ഷയിൽ പഠന വിഷയം തിരഞ്ഞെടുക്കാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ ആദ്യ വർഷത്തിലും രണ്ടാം വർഷത്തിലും വ്യത്യസ്ത വിഷയങ്ങൾ പഠിക്കുകയും പൊതുവായ കോഴ്‌സുകളുമായിരിക്കും പഠിപ്പിക്കുക. വിവിധ വിഷയങ്ങളിൽ അടിസ്ഥാനപരമായ അറിവ് നേടാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു, കൂടാതെ ഇത് പ്രധാന വിഷയത്തിന്റെ തിരഞ്ഞെടുപ്പിലേക്ക് വെളിച്ചം വീശുകയും ചെയ്യും. അഡ്മിഷന് ശേഷം നിങ്ങളുടെ ഐച്ഛിക വിഷയം മാറ്റുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു ഉപദേശകനോട് സംസാരിക്കുകയും ചെയ്യാം.

    അമേരിക്കയിലാണ് നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ EducationUSAcenters-ലെ ഉപദേശകരോടും സർവകലാശാല അധികൃതരോടും നിങ്ങളുടെ പഠന വിഷയം തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച സംശയങ്ങൾ ചോദിക്കാവുന്നതാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്ന വിഷയം ഏതായാലും "നിങ്ങളുടെ ഐച്ഛിത വിഷയത്തെ സ്നേഹിക്കുക" എന്നതാണ് പൊതുവായ ഉപദേശം. ഉന്നത പഠനത്തിൽ ഐച്ഛിക വിഷയം തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് എജ്യുക്കേഷൻ യുഎസ്എ ഉപദേഷ്ടാവ് ആസ്ത വിർക്ക് സിങ്ങുമായുള്ള അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ ഇതാ:

    പഠനത്തിനായി ഐച്ഛിക വിഷയം തിരഞ്ഞെടുക്കുമ്പോൾ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? ഈ പ്രക്രിയയിൽ പരിഗണിക്കേണ്ട ചില ഘടകങ്ങൾ എന്തൊക്കെ?

    നിങ്ങളുടെ കോഴ്‌സിന്റെ ഭൂരിഭാഗവും നിങ്ങൾ പഠിക്കുകയും നന്നായി മനസ്സിലാക്കുകയും ചെയ്യേണ്ട വിഷയമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്ന ഐച്ഛിക വിഷയം. മിക്ക വിദ്യാർത്ഥികളും നാല് വർഷത്തെ പഠന കാലയളവിൽ ആദ്യ ഒന്നും രണ്ടും വർഷങ്ങൾ പൊതുവായ കാര്യങ്ങളാകും പഠിക്കുക. കാരണം ഇത് സമഗ്രമായ വിദ്യാഭ്യാസ സമീപനത്തിന്റെ ഭാഗമാണ്. ചില വിദ്യാർത്ഥികൾ ഒരു മേജർ വിഷയത്തിന് പുറമേ ഒരു മൈനർ വിഷയവും തിരഞ്ഞെടുത്തേക്കാം. ചില സ്കൂളുകൾ നിങ്ങളെ രണ്ട് മേജർ വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അനുവദിക്കാറുണ്ട്. എന്നാൽ ഇത് നിങ്ങളുടെ പഠന ഭാരം വർദ്ധിപ്പിക്കും.

    പഠന വിഷയം തിരഞ്ഞെടുക്കുമ്പോൾ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങൾ താഴെ പറയുന്നവയാണ്:

    ഏതുതരത്തിലുള്ള ജീവിതമാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
    നിങ്ങൾ എവിടെ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നത്?
    നിങ്ങളുടെ മൂല്യങ്ങൾ എന്തൊക്കെയാണ്?
    എന്താണ് നിങ്ങൾക്ക് പ്രചോദനം നൽകുന്നത്?
    നിങ്ങളുടെ മുൻഗണനകൾ എന്തൊക്കെയാണ്?
    നിങ്ങൾക്ക് മികച്ച ഗ്രേഡുകൾ ലഭിക്കാൻ സാധ്യതയുള്ള വിഷയങ്ങൾ ഏതൊക്കെ?
    ഏത് വിഷയങ്ങളാണ് നിങ്ങൾക്ക് പഠിക്കാൻ താത്പര്യം?

    നിങ്ങളുടെ അഭിരുചിയും താൽപ്പര്യങ്ങളും വ്യക്തിത്വവും വിലയിരുത്തുന്നത് നിങ്ങൾക്ക് പിന്തുടരാൻ താൽപ്പര്യമുള്ള വിഷയങ്ങളും തൊഴിലുകളും മനസ്സിലാക്കാൻ സഹായിക്കും.

    ഉടൻ ഒരു ഐച്ഛിക വിഷയം തിരഞ്ഞെടുക്കുന്നതാണോ ഒന്നോ രണ്ടോ വർഷം വിവിധ വിലയിരുത്തലുകൾ നടത്തി തീരുമാനമെടുക്കുന്നതാണോ നല്ലത്?

    നിങ്ങൾ എന്താണ് പഠിക്കാൻ ആഗ്രഹിക്കുന്നതെന്നോ നിങ്ങളുടെ കരിയറിന്റെ കാര്യത്തിൽ നിങ്ങൾ എന്ത് തീരുമാനമാണ് എടുക്കേണ്ടതെന്നോ സംശയം തോന്നുന്നത് തികച്ചും സ്വാഭാവികമാണ്. എന്നാൽ ഈ സുപ്രധാന തീരുമാനം എടുക്കാൻ സഹായിക്കുന്ന നിർണായക വിവരങ്ങൾ ഗവേഷണം ചെയ്യുകയും ശേഖരിക്കുകയും ചെയ്യേണ്ടതുണ്ട്. പല വിദ്യാർത്ഥികൾക്കും സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ബിരുദം സംബന്ധിച്ച് തിരഞ്ഞെടുപ്പ് നടത്തുമ്പോൾ വലിയ സമ്മർദ്ദം അനുഭവപ്പെടാറുണ്ട്. ചിലപ്പോൾ ചിലർ പെട്ടെന്ന് ഒരു തീരുമാനം എടുത്തേക്കാം. പല വിദ്യാർത്ഥികളും യുഎസ് സർവ്വകലാശാലകളിൽ ഐച്ഛിക വിഷയം തിരഞ്ഞെടുക്കാതെ അപേക്ഷിക്കുകയും ഒരു വർഷത്തിന് ശേഷം ഐച്ഛിക വിഷയം തിരഞ്ഞെടുക്കുകയും ചെയ്യാറുണ്ട്. യു.എസ് ഉന്നതവിദ്യാഭ്യാസ രീതി അനുസരിച്ച് ഇത്തരത്തിൽ തീരുമാനമെടുക്കാം.

    ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവുമധികം തിരഞ്ഞെടുക്കുന്ന ഐച്ഛിക വിഷയങ്ങൾ?

    ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ പ്രസിദ്ധീകരിച്ച 2021-ലെ ഓപ്പൺ ഡോർസ് റിപ്പോർട്ട് അനുസരിച്ച്, ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഐച്ഛിക വിഷയങ്ങൾ താഴെ പറയുന്നവയാണ്.

    എഞ്ചിനീയറിംഗ്
    ഗണിതവും കമ്പ്യൂട്ടർ സയൻസും
    ബിസിനസ്സ് മാനേജ്മെന്റ്
    സാമൂഹിക ശാസ്ത്രം
    ഫിസിക്കൽ, ലൈഫ് സയൻസസ്
    ആർട്സ്
    ഹെൽത്ത് പ്രൊഫഷനുകൾ
    കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം
    വിദ്യാഭ്യാസം

    അമേരിക്കയിലെ ഇന്റർനാഷണൽ വിദ്യാർത്ഥികളിൽ 18 ശതമാനവും ഇന്ത്യൻ വിദ്യാർത്ഥികളാണ്.

    ഒരു ഐച്ഛിക വിഷയം തിരഞ്ഞെടുക്കുമ്പോൾ വിദ്യാർത്ഥികൾ എന്തൊക്കെ ഒഴിവാക്കണം?

    ഒരു ഐച്ഛിക വിഷയം തിരഞ്ഞെടുക്കുന്നത് വളരെ അനിവാര്യവും പലപ്പോഴും വെല്ലുവിളി നിറഞ്ഞതുമായ തീരുമാനമാണ്. ഒരു വിഷയം തിരഞ്ഞെടുക്കുമ്പോൾ വിദ്യാർത്ഥികൾ ഒഴിവാക്കേണ്ട കാര്യങ്ങൾ. ചിന്തിക്കാതെ ശമ്പളമോ വരുമാനമോ മാത്രം പരിഗണിച്ച് തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.
    സമപ്രായക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങുകയോ മറ്റാരെയെങ്കിലും പിന്തുടരുകയോ ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങളെ സ്വാധീനിക്കാൻ മറ്റാരെയും അനുവദിക്കരുത്.

    ഒരു യു.എസ് സർവ്വകലാശാലയിൽ ചേരുമ്പോൾ വിദ്യാർത്ഥികൾ ഐച്ഛിക വിഷയം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ആരെയാണ് സമീപിക്കേണ്ടത്?

    നിങ്ങളുടെ സ്വന്തം തീരുമാനമോ ഉപദേഷ്ടാക്കൾ, സ്കൂൾ കൗൺസിലർമാർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സഹായത്തോടെയോ ഒരു വിഷയം തിരഞ്ഞെടുക്കാം. കൂടാതെ, നിങ്ങളുടെ അഭിരുചിയും താൽപ്പര്യങ്ങളും വ്യക്തിത്വവും അളക്കുന്ന സൈക്കോമെട്രിക് ടെസ്റ്റുകൾ നടത്തി കരിയർ തിരഞ്ഞെടുപ്പുകളിൽ വിദ്യാർത്ഥികളെ സഹായിക്കുന്ന പ്രൊഫഷണലിന്റെ സഹായവും തേടാവുന്നതാണ്. എന്നാൽ ഓൺലൈനായി ടെസ്റ്റ് നടത്തുന്ന രീതി പര്യാപ്തമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

    നിങ്ങളുടെ താൽപ്പര്യങ്ങളെയും അഭിരുചികളെയും കുറിച്ച് കൂടുതലറിയാനുള്ള മറ്റ് ചില വഴികൾ തേടുക. ഇത് നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും ഏതെങ്കിലും ബിസിനസ്സിനെയോ സേവനത്തെയോ പ്രവർത്തനങ്ങളെയോ കുറിച്ച് മനസ്സിലാക്കാനും സഹായിക്കും.

    മികച്ച രീതിയിൽ കരിയർ തീരുമാനങ്ങൾ എടുക്കുന്നതിന് ഭാവിയിലെ അവസരങ്ങളെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ ആവശ്യമാണ്. കരിയറിലെയും തൊഴിൽ വിപണികളിലെയും ട്രെൻഡുകൾ മനസ്സിലാക്കേണ്ടതും പ്രധാനമാണ്. ജോലികളെക്കുറിച്ചും അവയുടെ ഭാവിയെക്കുറിച്ചും മനസ്സിലാക്കാൻ നിലവിലെ ട്രെൻഡിനെക്കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമാണ്.

    ഐച്ഛിക വിഷയങ്ങൾ, കരിയർ, തൊഴിൽ അവസരങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി നൽകുന്ന ചില സ്ഥലങ്ങൾ ഇതാ:

    യു.എസ് ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് കൂടുതൽ അറിയാൻ എജ്യുക്കേഷൻ യു.എസ്.എ. EducationUSA ഉപദേഷ്ടാക്കൾ സഹായിക്കും. വിദ്യാർത്ഥികൾക്ക് പ്രവേശനത്തെയും അപേക്ഷാ പ്രക്രിയയെയും കുറിച്ചുള്ള വിവരങ്ങൾ ഇവർ നൽകുന്നു. കൂടാതെ യു.എസ്. തൊഴിൽ സേവനങ്ങൾ, സ്കൂൾ കൗൺസിലർമാർ, പ്ലെയ്‌സ്‌മെന്റ് ഓഫീസർമാർ, കരിയർ കൗൺസിലിംഗിൽ വൈദഗ്ദ്ധ്യം നേടിയ കരിയർ കൗൺസിലർമാർ എന്നിവർ വിദ്യാർത്ഥികളെ സഹായിക്കും.

    ഐച്ഛിക വിഷയം തിരഞ്ഞെടുക്കാൻ ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് നിങ്ങൾ നൽകുന്ന ഉപദേശമെന്ത്?

    തിരഞ്ഞെടുക്കാൻ നിരവധി വിഷയങ്ങൾ ഉള്ളതിനാൽ ഒരു വിഷയം തിരഞ്ഞെടുക്കുന്നത് അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. സ്വാഭാവികമായും, വിദ്യാർത്ഥികൾക്ക് നിരവധി വിഷയങ്ങളിൽ താൽപ്പര്യമുണ്ടാകാം. അതുകൊണ്ട് തന്നെ ഒരു വിഷയം തിരഞ്ഞെടുക്കുക എന്നത് പ്രയാസകരമാണ്. അനുയോജ്യമായ വിഷയം തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് വിവിധ ഉപദേശകരുടെയും വിദഗ്ധരുടെയും സഹായം തേടാം. ഒരു മേജർ വിഷയം തിരഞ്ഞെടുക്കുന്നത് വിദ്യാർത്ഥികൾക്ക് സങ്കീർണ്ണമായ ഒരു പ്രക്രിയയായിരിക്കാം, പക്ഷേ അത് സമ്മർദ്ദകരമായ ഒന്നായി മാറരുത്.

    (ന്യൂയോർക്ക് സിറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഫ്രീലാൻസ് എഴുത്തുകാരിയാണ് നഡാഷ മിലാസ്)
    Courtesy: SPAN Magazine, U.S. Embassy, New Delhi
    Published by:user_57
    First published: