ഉപരിപഠനത്തിനായി കേരളത്തിൽ നിന്നും വിദേശത്തേക്കു പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ. ഇവരിൽ ഭൂരിഭാഗവും പഠനത്തിനായി വിദ്യാഭ്യാസ വായ്പയെ ആണ് ആശ്രയിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മുപ്പതിനായിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കാനായി കേരളത്തിൽ നിന്നും വിദേശത്തേക്ക് ചേക്കേറിയതായി റിപ്പോർട്ട് ചെയ്യുന്നു. ഭൂരിഭാഗം പേരും കാനഡ, യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് തെരഞ്ഞെടുക്കുന്നത്.
''സമീപകാലത്ത് ഏകദേശം 6000 യുവാക്കളെയാണ് ഞങ്ങൾ കാനഡയിലേക്ക് ഉപരിപഠനത്തിനായി അയച്ചത്. 4500 പേർ യുകെയിലേക്കും പോയി'', പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടന്റ് കമ്പനിയായ സാന്റമോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഎംഡി ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു. ന്യൂസിലൻഡാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി തെരഞ്ഞെടുക്കുന്ന മറ്റൊരു രാജ്യമെന്നും അദ്ദേഹം പറഞ്ഞു.
Also Read- KEAM 2022| കേരള എഞ്ചിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: ഒന്നാം റാങ്ക് വിശ്വനാഥ് വിനോദിന്
വിദ്യാർത്ഥികൾ പലരും ബിരുദ കോഴ്സുകളും ബിരുദാനന്തര ബിരുദ കോഴ്സുകളും ചെയ്യാനാണ് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്. ഉപരിപഠനത്തിനായി കൂടുതൽ വിദ്യാർത്ഥികളും തെരഞ്ഞെടുക്കുന്നത് കാനഡയാണ്. പഠനത്തോടൊപ്പം പാർട് ടൈം ജോലികൾ ചെയ്യാനുള്ള ഓപ്ഷനും കോഴ്സ് പൂർത്തിയാക്കിയ ശേഷം മൂന്ന് വർഷം വരെ മുഴുവൻ രാജ്യത്ത് തുടരാനുള്ള അവസരവുമാണ് കാനഡയോട് പ്രിയം കൂടാൻ കാരണം.
ഉപരിപഠനത്തിനായി കേരളത്തിൽ നിന്നും യുകെയിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണവും ഒട്ടും കുറവല്ല. രണ്ട് വർഷത്തെ സ്റ്റേ-ബാക്കും പാർട് ടൈം ജോലി ചെയ്യാനുള്ള അവസരവും യുകെയിലുണ്ട്.
യുക്രെയ്ൻ (ഏകദേശം 2000), ചൈന (ഏകദേശം 500-600) തുടങ്ങിയ രാജ്യങ്ങളിലും മലയാളികളായ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി പോയിട്ടുണ്ട്.
അതേസമയം, ഈ ട്രെൻഡ് ആശങ്കപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിദേശപഠനത്തിനായി പരലും 8 ലക്ഷം രൂപ മുതൽ 35 ഉം 45 ഉം ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള ധാരാളം വിദ്യാർത്ഥികൾ വിദേശ വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസ വായ്പയെ ആണ് ആശ്രയിക്കുന്നതെന്ന് തോമസ് വട്ടക്കുന്നേലും ചൂണ്ടിക്കാട്ടി.
"തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഭൂരിഭാഗം വിദ്യാർത്ഥികൾക്കും അവരുടെ വീട്ടിൽ നിന്നു തന്നെ വിദേശ വിദ്യാഭ്യാസത്തിനുള്ള പണം ലഭിക്കുന്നുണ്ട്. അതേസമയം കേരളത്തിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പയെ ആശ്രയിക്കേണ്ടിവരുന്നു," തോമസ് വട്ടക്കുന്നേൽ പറഞ്ഞു. വിദ്യാർത്ഥികൾ എല്ലാവരും തന്നെ ഈ വായ്പ തിരിച്ചടക്കും എന്ന കാര്യത്തിൽ ബാങ്കുകൾക്ക് ഉറപ്പുണ്ടെന്നും വിദേശപഠനത്തിനായി പോകുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും അതീവ ഗൗരവത്തോടെയാണ് അതിനെ സമീപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കോൺഫറൻസിന്റെ (SLBC) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2019 മാർച്ചു വരെയുള്ള കേരളത്തിലെ ബാങ്കുകളിലെ മൊത്തം വിദ്യാഭ്യാസ വായ്പകൾ 9,841 കോടി രൂപയായിരുന്നു. 2022 മാർച്ചിൽ ഇത് 11,061 കോടി രൂപയായി ഉയർന്നു. ഇക്കാര്യത്തിൽ വലിയൊരു വിപണിയാണ് കേരളമെന്ന് വിദേശ വിദ്യാഭ്യാസ കൺസൾട്ടന്റായ എഡ്‌വൈസ് ഇന്റർനാഷണലിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കേരളത്തിലെ ബാങ്കുകളിലെ നോൺ പെർഫോമിങ്ങ് അസറ്റ് (എൻപിഎ) പരിശോധിച്ചാൽ അതിൽ 4.9 ശതമാനമാണ് വിദ്യാഭ്യാസ വായ്പയിലെ എൻപിഎ എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Higher Education, Higher education in abroad, Malayali students