ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാലയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (IISc). ഏഷ്യയിലെ തന്നെ ഏറ്റവും വേഗതയിൽ മുന്നേറുന്ന യൂണിവേഴ്സിറ്റികളിലൊന്നായും 19-മത് ക്യുഎസ് യൂണിവേഴ്സിറ്റി റാങ്കിങിൽ (QS University Ranking) IISC സ്ഥാനം പിടിച്ചു. ഇത്തവണ വെറും മൂന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളാണ് പട്ടികയിലെ ആദ്യ 200-ൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ക്യുഎസ് യൂണിവേഴ്സിറ്റി റാങ്കിങിൽ രാജ്യത്തെ പ്രമുഖ സർവകലാശാലകളായ ഡൽഹി യൂണിവേഴ്സിറ്റി, ജെഎൻയു, ജാമിയ മില്ലിയ, ഹൈദരാബാദ് യൂണിവേഴ്സിറ്റി എന്നിവയെല്ലാം നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ പിന്നോട്ട് പോയിരിക്കുകയാണ്.
റാങ്കിങിന്റെ അടിസ്ഥാനത്തിൽ 13 ഇന്ത്യൻ സർവകലാശാലകൾ ഗവേഷണത്തിൽ മികച്ച നിലവാരം പുലർത്തുന്നുണ്ട്. സിപിഎഫ് സ്കോറിൽ അന്താരാഷ്ട്ര സർവകലാശാലകളോട് കിടപിടിക്കുന്നതാണ് ഇവയുടെ പ്രകടനം. അധ്യാപന നിലവാരത്തിന്റെ കാര്യത്തിൽ ഇന്ത്യൻ സർവകലാശാലകൾ പിന്നോട്ട് പോയിട്ടുണ്ട്. 41 എണ്ണത്തിൽ 10 എണ്ണവും കഴിഞ്ഞ വർഷത്തേക്കാൾ മോശം പ്രകടനമാണ് നടത്തിയിരിക്കുന്നത്. ലോകത്തെ 100 പ്രദേശങ്ങളിൽ നിന്നുള്ള 1418 സർവകലാശാലകളുടെ പ്രകടനം വിലയിരുത്തിയാണ് ക്യുഎസ് റാങ്കിങ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആഗോളതലത്തിൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് ഒന്നാം സ്ഥാനം നില നിർത്തിയിരിക്കുന്നത്. ആദ്യ അഞ്ചെണ്ണത്തിൽ മൂന്നെണ്ണം യുഎസിൽ നിന്നും രണ്ടെണ്ണം യുകെയിൽ നിന്നുമുള്ളവയാണ്. ചൈന ഇന്ത്യയേക്കാൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ആദ്യ 50ൽ അഞ്ച് ചൈനീസ് സർവകലാശാലകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ആദ്യ 200ൽ ചൈനയുടെ എട്ട് സ്ഥാപനങ്ങളാണുള്ളത്.
മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ യൂണിവേഴ്സിറ്റികൾഐഐഎസ്സി ബാംഗ്ലൂർ (155), ഐഐടി ബോംബെ (172), ഐഐടി (ഡൽഹി) എന്നിവയാണ് ഏറ്റവും മുന്നിലുള്ള മൂന്ന് ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇന്ത്യയിലെ മികച്ച പത്താമത് യൂണിവേഴ്സിറ്റിയായ ഡൽഹി യൂണിവേഴ്സിറ്റി കഴിഞ്ഞ വർഷത്തെ 501-510 കാറ്റഗറിയിൽ നിന്ന് ഈ വർഷം 521-530 കാറ്റഗറിയിലേക്ക് വീണിരിക്കുകയാണ്. കഴിഞ്ഞ വർഷം 561-570ൽ ആയിരുന്ന ജെഎൻയുവിന്റെ റാങ്കിങ് 601-650ലേക്ക് വീണിരിക്കുകയാണ്. 751-800ൽ ഉണ്ടായിരുന്ന ജാമിയ മില്ലിയ ഇസ്ലാമിയ 801-1000ൽ എത്തി. ജാമിയ ഹംദാർദ് 1001-1200ൽ നിന്ന് 1201-1400 കാറ്റഗറിയിലെത്തി. മറ്റ് പ്രധാന യൂണിവേഴ്സിറ്റികളായ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് (651-700ൽ നിന്ന് 751-800ലേക്ക്), ജാദവ്പൂർ യൂണിവേഴ്സിറ്റി (651-700ൽ നിന്ന് 701-750), ഐഐടി ഭുവനേശ്വർ (701-750ൽ നിന്ന് 801-1000) എന്നിങ്ങനെ പിന്നോട്ട് പോയിരിക്കുകയാണ്.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയാണ് പട്ടികയിൽ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ യൂണിവേഴ്സിറ്റി. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി എന്നിവയാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. “ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ നടക്കുന്ന മികച്ച അക്കാദമിക പ്രകടനങ്ങളെ റാങ്കിങിന്റെ ഭാഗമായി വിലയിരുത്തിയിട്ടുണ്ട്. ഗവേഷണ മേഖലയിൽ പുരോഗതി പ്രാപിക്കുന്നതായാണ് മനസ്സിലാക്കുന്നത്. എന്നാൽ അധ്യാപനത്തിന്റെ കാര്യത്തിൽ ഇപ്പോഴും പ്രതീക്ഷിച്ച പ്രകടനം നടത്തുന്നില്ല. ആ മേഖല മെച്ചപ്പെടുത്തിയാൽ ഇന്ത്യൻ സർവകലാശാലകൾ ഇനിയും ഉയരങ്ങളിലെത്തും,” ക്യൂഎസ് സീനിയർ വൈസ് പ്രസിഡൻറ് ബെൻ സോവ്ടർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.