• HOME
 • »
 • NEWS
 • »
 • career
 • »
 • US Education | പഠനം മാത്രമല്ല, അമേരിക്കൻ വിദ്യാഭ്യാസം നിങ്ങൾക്കു നൽകുന്നത് പുതുജീവിതം; അനുഭവം പങ്കുവച്ച് പൂർവ വിദ്യാർത്ഥി

US Education | പഠനം മാത്രമല്ല, അമേരിക്കൻ വിദ്യാഭ്യാസം നിങ്ങൾക്കു നൽകുന്നത് പുതുജീവിതം; അനുഭവം പങ്കുവച്ച് പൂർവ വിദ്യാർത്ഥി

ഒരു യു.എസ് സർവ്വകലാശാലയിലെ ബിരുദപഠനം എന്ന് പറഞ്ഞാൽ കോഴ്സ് വ‍ർക്കും ഗവേഷവും മാത്രമല്ല, അത് പുതിയ അനുഭവങ്ങളും സ്വയം കണ്ടെത്തലും കൂടി ചേ‍ർന്നിട്ടുള്ളതാണ്

സിദ്ദ് തഥം (പിൻ നിരയിൽ നടുവിലായി)

സിദ്ദ് തഥം (പിൻ നിരയിൽ നടുവിലായി)

 • Share this:
  ഒരു യു.എസ് സർവ്വകലാശാലയിലെ ബിരുദപഠനം എന്ന് പറഞ്ഞാൽ കോഴ്സ് വ‍ർക്കും ഗവേഷവും മാത്രമല്ല, അത് പുതിയ അനുഭവങ്ങളും സ്വയം കണ്ടെത്തലും കൂടി ചേ‍ർന്നിട്ടുള്ളതാണ്.

  സിദ്ദ് തഥം

  ഒരു അമേരിക്കൻ അക്കാദമിക് ബിരുദം എന്ന് പറഞ്ഞാൽ എല്ലാവരും ജോലിയുടെ സുരക്ഷിതത്വവും തൊഴിൽ സാധ്യതയുമൊക്കെയായിരിക്കും കണക്കിലെടുക്കുക. പഠനത്തിൻെറ വ്യാപ്തി എന്തെന്ന് പലപ്പോഴും നാം മനസ്സിലാക്കാറില്ല. സുഹൃത്തുക്കളെയും വീട്ടുകാരെയും ഒക്കെ വിട്ട് യാത്ര ചെയ്ത് മറ്റൊരു രാജ്യത്തേക്ക് പോവുകയെന്നത് എളുപ്പമല്ലല്ലോ. ആയിരക്കണക്കിന് മൈൽ ദൂരത്ത് പഠിക്കാനായി പോവുകയെന്നത് മാത്രമല്ല ലക്ഷ്യമെന്ന് എൻെറ ആദ്യത്തെ യാത്രയിൽ തന്നെ ഞാൻ ഉറപ്പിച്ചിരുന്നു. ഞാൻ ആറ് അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ അപേക്ഷിച്ചിരുന്നു. അഞ്ചെണ്ണത്തിൽ എനിക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. ഒടുവിൽ 2012 അവസാനത്തോടെ സിൻസിനാറ്റി സർവകലാശാലയിൽ നിന്ന് (യുസി) കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം പഠിക്കാനാണ് ഞാൻ തീരുമാനിച്ചത്.

  'ഗ്രേഡ് ലൈഫ്' എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. സിൻസിനാറ്റിയിലെത്തി മറ്റ് വിദ്യാർത്ഥികളോട് സംസാരിച്ചപ്പോൾ, ചിലർ ഇതെല്ലാം കോഴ്‌സ് വർക്കിനെയും ഗവേഷണത്തെയും കുറിച്ചാണെന്ന് പറഞ്ഞു. മറ്റുള്ളവ‍ർ ഇത് സാഹിത്യവുമായും നിങ്ങളുടെ തിസീസ് വ‍ർക്കുമായും ബന്ധപ്പെട്ടുള്ളതാണെന്നും പറഞ്ഞു. എന്നാൽ വ്യത്യസ്തരായ ഒരു കൂട്ടം സുുഹൃത്തുക്കൾ ഇത് വിദ്യാർഥിയുടെ എംപ്ലോയ്മെൻറുമായി ബന്ധപ്പെട്ടുള്ളതാണെന്ന് പറഞ്ഞു.

  അവരവരുടെ വ്യക്തിപരമായ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോരുത്തരും പ്രതികരിച്ചത്. അവയെല്ലാം വ്യത്യസ്തമായിരുന്നു. എന്റെ അനുഭവങ്ങൾ അവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിരിക്കാമെന്ന് അതോടെ എനിക്ക് തോന്നി. “ഇവിടം വിട്ടുപോകുമ്പോൾ എന്റെ ബിരുദത്തിനപ്പുറത്ത് എന്താണ് ഞാൻ നേടിയെടുക്കേണ്ടത്?" ഞാൻ എന്നോട് തന്നെ ഇടയ്ക്ക് ചോദിച്ചു. ഗ്രേഡ് ലൈഫിൽ ഈ ചോദ്യമാണ് എന്നെ മുന്നോട്ട് നയിച്ചത്. എന്നെക്കുറിച്ച് തന്നെയാണ് ഞാൻ കൂടുതലും മനസ്സിലാക്കിയത്. അമേരിക്കയിലെ വിദ്യാർത്ഥികളുടെ കോളേജ് ജീവിതവും ഞാൻ സൂക്ഷ്മമായി നിരീക്ഷിച്ചു. "ഒരു ബിരുദ വിദ്യാർത്ഥിയെന്ന നിലയിൽ, അവർക്ക് കഴിയുന്നതും എന്റെ കോളേജ് ജീവിതത്തിൽ എനിക്ക് കഴിയാത്ത കാര്യങ്ങളും എങ്ങനെ അനുഭവിക്കാൻ കഴിയും?" ഞാൻ എന്നോട് തന്നെ ചോദിച്ച് കൊണ്ടിരുന്നു.

  ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള എളുപ്പവഴി ക്യാമ്പസിൽ ഏറ്റവും നന്നായി ഇടപെടുക എന്നതായിരുന്നു. ഞാൻ ഇന്ത്യൻ സ്റ്റുഡന്റ് അസോസിയേഷന്റെ പ്രസിഡൻറായും രണ്ട് തവണ ബിരുദ വിദ്യാർത്ഥി സംഘടനയുടെ വൈസ് പ്രസിഡൻറായും യുസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ ഭാഗമായും ഹൈപ്പർലൂപ്പ് യുസിയുടെ ബിസിനസ് ലീഡറായും യുസിയുടെ അന്താരാഷ്ട്ര അംബാസഡറായും പ്രവർത്തിച്ചിട്ടുണ്ട്. TEDxUC, TEDxCincinnati എന്നിവയിലും എനിക്ക് പങ്കെടുക്കാൻ സാധിച്ചു.

  കാമ്പസിലെ ഇടപെടലുകളും പ്രൊഫഷണൽ, അക്കാദമിക് മേഖലകളിൽ ലഭിച്ച വ്യത്യസ്തമായ അവസരങ്ങളും ഞാൻ അനുഭവിച്ച സാംസ്കാരിക വൈവിധ്യവും വ്യക്തിയെന്ന നിലയിൽ എന്നെ വളരാൻ സഹായിച്ചു. വ്യത്യസ്ത സംസ്കാരത്തിലും സാഹചര്യത്തിലും വളർന്നവർ എങ്ങനെ ഒരു ക്യാമ്പസിൽ അത്രയേറെ ഒന്നിച്ച് പരസ്പരം വൈവിധ്യങ്ങളെ ബഹുമാനിച്ച് ജീവിക്കുന്നുവെന്ന് എനിക്ക് പഠിക്കാൻ സാധിച്ചു. വൈവിധ്യങ്ങളെ ബഹുമാനിക്കാതെ വംശീയമായി മുന്നോട്ട് പോവാറുള്ള രാജ്യത്ത് മാത്രം ജീവിച്ചിട്ടുള്ള വിദേശ വിദ്യാർത്ഥികൾക്ക് ഇത്തരം പരസ്പര ബഹുമാനത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കണമെന്നില്ല.

  സാംസ്കാരിക വൈവിധ്യത്തെ അമേരിക്കയിലെ പോലെ ബഹുമാനിക്കുന്ന മറ്റൊരിടം കാണാൻ സാധിക്കില്ല. യുസിയുടെ വംശീയ അവബോധ പരിപാടി (ആർഎപിപി) എൻെറ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ജീവിതത്തെയും പൊതുവെ ആളുകളെയും കുറിച്ചുള്ള എന്റെ ധാരണ മാറ്റുന്നതിനും ആ പരിപാടി സഹായിച്ചു. പാർട്ടിയിലേക്ക് ക്ഷണിക്കപ്പെടുകയെന്നത് വൈവിധ്യത്തെ ബഹുമാനിക്കലാണെന്ന് ഞാൻ മനസ്സിലാക്കി. നിങ്ങളോട് നൃത്തം ചെയ്യാൻ കൂടി ആവശ്യപ്പെടുന്നുവെങ്കിൽ അത്രയേറെ അവരിലൊരാളായി കണക്കാക്കുന്നുവെന്നാണ് അർഥം.

  RAPP-ൽ നിന്നുള്ള സുഹൃത്തുക്കൾ വഴി, TEDxCincinnati-യിൽ മൂന്ന് വർഷത്തേക്ക് വോളണ്ടിയറായി പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഒരു TEDx ഇവന്റ് തത്സമയം കാണാൻ ഇന്ത്യയിൽ നിന്ന് തന്നെ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. എൻെറ സിറ്റിയിൽ ഒരിക്കലും ഈ പരിപാടി നടന്നിരുന്നില്ല. കാമ്പസിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് ടീമിന്റെ ഭാഗമായിരുന്ന എനിക്ക് വിദ്യാർഥികളുടെ ടീമിനെപ്പറ്റി ഒരു TEDx പ്രസംഗം നടത്താൻ അവസരം ലഭിച്ചു. 800-ലധികം ആളുകൾക്ക് മുന്നിൽ നിന്ന് സംസാരിക്കുകയെന്നത് എളുപ്പമായിരുന്നില്ല. എന്നാൽ, സഭാകമ്പമൊക്കെ മറികടന്ന് ഞാൻ സംസാരിച്ചു. പ്രസംഗിക്കുകയെന്നത് മുമ്പൊക്കെ എന്നെ വല്ലാതെ പരിഭ്രമിപ്പിക്കുന്ന കാര്യമായിരുന്നു. എന്നാലിന്ന് നാല് പ്രസംഗ ഇവൻറ് വരെ നടത്തിയിട്ടുള്ളയാളാണ് ഞാനെന്നത് അഭിമാനം പകരുന്നു.

  എൻെറ ഓർമകളും അനുഭവങ്ങളും പറഞ്ഞാൽ തീരില്ല. സിനിമകളിൽ മാത്രം കേട്ടിട്ടുള്ള പ്രശസ്തമായ ഗേൾ സ്കൗട്ട് കുക്കികൾ കഴിച്ചതും ഹാലോവീനിന് വേണ്ടിയുള്ള എന്റെ ആദ്യ കോസ്‌പ്ലേയും മനോഹരമായ അനുഭവങ്ങളായിരുന്നു. എനിക്ക് വളരെ പ്രിയപ്പെട്ട ചില സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ബഹിരാകാശയാത്രികർ കഴിക്കുന്ന ഭക്ഷണം കഴിക്കാനും വരെ എനിക്ക് സാധിച്ചു. ലോകബാങ്കിൽ സംസാരിക്കുന്നത് മുതൽ ഹോവാർഡ് ഷുൾട്സിനും എലോൺ മസ്‌കിനും ഒപ്പം നടക്കുന്നത് വരെ എനിക്ക് സ്വപ്നം കാണാൻ പോലും പറ്റാതിരുന്ന കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചു.

  എന്നാലും ഈ യാത്രകൾ എളുപ്പമായിരുന്നില്ല. തിരക്ക് പിടിച്ച ക്യാമ്പസ് ജീവിതം കാരണം കാമ്പസിലെ മേശയ്ക്കടിയിൽ കിടന്നുറങ്ങിയ സമയങ്ങളുണ്ട്. സ്വന്തമായി പാകം ചെയ്ത് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ല. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പലപ്പോഴും സമയം മാറ്റിവെക്കാൻ സാധിച്ചില്ല. ഏകദേശം എട്ട് വർഷത്തോളം ഞാൻ നാട്ടിലേക്ക് തിരിച്ച് പോവുക പോലും ചെയ്തില്ല. എൻെറ നാട് ഇന്ന് ഏറെ മാറിപ്പോയിരിക്കുന്നു. അതൊന്നും ഞാനറിഞ്ഞില്ല.

  അഞ്ചുവർഷത്തെ ബിരുദവിദ്യാഭ്യാസവും ബിരുദാനന്തര ബിരുദവും ഞാൻ അമേരിക്കയിൽ നിന്ന് സ്വന്തമാക്കി. സുഹൃത്തുക്കൾ മുമ്പ് പറഞ്ഞ പല കാര്യങ്ങളും സത്യമാണെന്ന് എനിക്ക് മനസ്സിലായി. അമേരിക്കയിൽ എത്ര കൊടുക്കുന്നുവോ അതിൻെറ ഇരട്ടിയിലധികം നിങ്ങൾക്ക് തിരികെ ലഭിക്കും. ഞാൻ അനുഭവിച്ചതിലും അപ്പുറം ഇനിയും ഒരുപാട് കാര്യങ്ങൾ യുഎസിലുണ്ട്.

  2012 ൽ ഒരു വിദ്യാർത്ഥിയായാണ് എൻെറ അമേരിക്കൻ ജീവിതം ആരംഭിക്കുന്നത്. 2017 ൽ ബിരുദം നേടി. അതിനുശേഷം സർവ്വകലാശാലയിലെ പവർ പ്ലാന്റിലെ എനർജി എഞ്ചിനീയറായി ജോലി ചെയ്തു. സിൻസിനാറ്റിയിലേക്ക് താമസം മാറിയിട്ട് ഏകദേശം ഒരു പതിറ്റാണ്ടായി. സർവ്വകലാശാല എന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അതെനിക്ക് മറ്റൊരു വീടാണ്. കഴിഞ്ഞ 10 വർഷം എനിക്ക് തന്നത് ഒരുപാട് അനുഭവങ്ങളാണ്. അത് ഒരിക്കലും വിലമതിക്കാനാവാത്തതാണ്. അതിനാൽ, നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പോകുമ്പോൾ എല്ലാം അനുഭവിക്കാനും അറിയാനും ശ്രമിക്കുക. വെറുമൊരു വിദ്യാർഥിയായി ജീവിതം തുടങ്ങിയ എനിക്ക് എല്ലാം ആ രാജ്യം തന്നു.

  (എനർജി എഞ്ചിനീയറും സിൻസിനാറ്റി സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുമാണ് ലേഖകൻ)

  Courtesy: SPAN Magazine, U.S. Embassy, New Delhi.

  Link: https://spanmag.com/a-bearcat-for-life/
  Published by:user_57
  First published: