• HOME
  • »
  • NEWS
  • »
  • career
  • »
  • Infosys | ഈ കമ്പനികളിൽ 6 മാസത്തേക്ക് ജോലി തേടരുത്; രാജി വെക്കുന്നവരോട് ഇൻഫോസിസ്

Infosys | ഈ കമ്പനികളിൽ 6 മാസത്തേക്ക് ജോലി തേടരുത്; രാജി വെക്കുന്നവരോട് ഇൻഫോസിസ്

ഇൻഫോസിസിന്റെ തീരുമാനത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

  • Share this:
    രാജി വയ്ക്കുന്ന ജീവനക്കാർക്ക് പുതിയ നിയമവുമായി ഐടി ഭീമൻ ഇൻഫോസിസ് (Infosys). ഇൻഫോസിസിന്റെ ക്ലൈന്റുകൾ തന്നെ തങ്ങളുടെ അഞ്ച് മുഖ്യ എതിരാളികളുടെയും ക്ലൈന്റുകളാണെങ്കിൽ രാജി വെച്ച ജീവനക്കാർ തുടർന്നുള്ള ആറ് മാസങ്ങളിൽ ഈ കമ്പനികളിൽ ജോലിക്ക് പ്രവേശിക്കരുത് എന്നാണ് നിയമം. പ്രധാന എതിരാളികളായ ടിസിഎസ് (TCS), വിപ്രോ (Wipro), കോ​ഗ്നിസന്റ് (Cognizant), ഐബിഎം (IBM), അക്സെഞ്ചർ (Accenture) എന്നിവയാണ് ഈ അഞ്ച് കമ്പനികൾ. ഇൻഫോസിസിന്റെ തീരുമാനത്തിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

    രാജിവെച്ചതോ രാജിവയ്ക്കാൻ ആലോചിക്കുന്നതോ ആയ ഇൻഫോസിസ് ജീവനക്കാരെ സമ്മർദത്തിലാക്കുന്നതാണ് പുതിയ നിയമം. പുതിയ നിയമം തങ്ങൾക്കു മുന്നിലുള്ള അവസരങ്ങൾ വെട്ടിക്കുറക്കുമെന്ന് അവർ ഭയപ്പെടുന്നു. ഈ അന്യായ നിയമത്തിനെതിരെ പരാതി നൽകിയിരിക്കുകയാണ് ഐടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് ( NITES ). കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനാണ് പരാതി നൽകിയിരിക്കുന്നത്.

    ഇൻഫോസിസ് കൊണ്ടുവന്ന പുതിയ നിയമത്തിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും നിയമവിരുദ്ധവും അധാർമികവും അന്യായവുമായ ഇത്തരം നിയമങ്ങൾ നീക്കം ചെയ്യാൻ ഇൻഫോസിസ് ലിമിറ്റഡിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും പരാതിയിൽ പറയുന്നു. തനിക്കും കുടുംബത്തിനും വേണ്ടി ജോലിയെടുക്കാനുള്ള ജീവനക്കാരന്റെ അവകാശത്തെ ബാധിക്കുന്നതാണ് പുതിയ നിയമമെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ജോലിയിൽ പ്രവേശിക്കുന്ന സമയത്തുള്ള ഉത്സാഹം മൂലം ഓഫർ ലെറ്ററിൽ ഒപ്പിടുമ്പോൾ പലരും ഈ നിയമത്തെക്കുറിച്ച് അധികം ചിന്തിക്കുക പോലുമില്ലെന്നും NITES പ്രസിഡന്റ് ഹർപ്രീത് സലൂജ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനയച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

    പുതിയ ജീവനക്കാർക്കുള്ള ഓഫർ ലെറ്ററിൽ, ഇൻഫോസിസ് ഈ പുതിയ നിയമം ചേർത്തിട്ടുണ്ട്.

    എന്തുകൊണ്ട് പുതിയ നിയമം?

    ഐടി രം​ഗത്ത് ശക്തമായ മൽസരങ്ങൾ തുടരുന്നതിനിടെ ഇതുപോലുള്ള പല തീരുമാനങ്ങളും കമ്പനികൾ നടപ്പിലാക്കുകയാണ്. കഴിഞ്ഞ 3 മാസത്തിനിടെ 80,000 ഇൻഫോസിസ് ജീവനക്കാർ രാജിവച്ചതായാണ് റിപ്പോർട്ടുകൾ. മറ്റ് പ്രമുഖ ഐടി സ്ഥാപനങ്ങളുടെ അവസ്ഥയും ഇതുതന്നെയാണ്. പുതിയ നിയമം ചുമത്തുന്നത് ജീവനക്കാരെ രാജിവെക്കുന്നതിൽ നിന്ന് തടയാനുള്ള ഇൻഫോസിസിന്റെ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

    അതേസമയം, കോവിഡ് ലോ‍ക്ഡൗൺ കാലത്ത് സജീവമായി നടപ്പിലാക്കിയ വർക്ക് ഫ്രം ഹോം കുറച്ചു നാളത്തേക്കു കൂടി തുടരുകയാണെന്ന് ഇൻഫോസിസ് വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ 96 ശതമാനത്തിലധികം ജീവനക്കാരും ഇപ്പോഴും വിദൂര സ്ഥലങ്ങളിൽ ഇരുന്നാണ് ജോലി ചെയ്യുന്നതെന്നും മുൻകരുതലുകൾ തുടരുന്നതിനാൽ ഈ വർക്ക് മോഡിൽ നിന്ന് പെട്ടെന്നുള്ള മാറ്റം കമ്പനി ആഗ്രഹിക്കുന്നില്ലെന്നുമാണ് ഇൻഫോസിസ് എച്ച്ആർ മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ റിച്ചാർഡ് ലോബോ അറിയിച്ചത്. ''കോവിഡ് പെരുമാറ്റച്ചട്ടങ്ങൾക്ക് വിധേയമായി, ഏകദേശം 40-50 ശതമാനം ജീവനക്കാർക്ക് ഓഫീസിലേക്ക് മടങ്ങാൻ സാധിക്കുന്ന ഒരു ഹൈബ്രിഡ് മോഡൽ ഞങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും.'' ലോബോ വ്യക്തമാക്കി.
    Published by:Anuraj GR
    First published: