ജാമിയ മിലിയ ഇസ്ലാമിയ (Jamia Millia Islamia) യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎസ്സി ഇലക്ട്രോണിക്സ് പൂർത്തിയാക്കിയ വിദ്യാർഥിക്ക് 6 അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ (US Universities) നിന്ന് സ്കോളർഷിപ്പ് (Scholorship) ലഭിച്ചു. ഡിപ്പാർട്ട്മെൻറ് ഓഫ് അപ്ലൈഡ് സയൻസിൽ നിന്നും 2021ൽ പഠനം പൂർത്തിയാക്കിയിറങ്ങിയ ഉസ്മ ഖാൻ (Usma Khan) എന്ന വിദ്യാർത്ഥിക്കാണ് പിഎച്ച്ഡി ചെയ്യുന്നതിനായി ആറ് പ്രശസ്ത അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ സ്കോളർഷിപ്പോടെ പ്രവേശന ഓഫർ ലഭിച്ചിരിക്കുന്നത്. 100 ശതമാനം പഠനച്ചെലവുകളും വഹിക്കുന്ന സ്കോളർഷിപ്പുകളാണ് കിട്ടിയത്. ‘അണ്ടർവാട്ടർ വയർലെസ് കമ്മ്യൂണിക്കേഷൻ ആൻറ് സിഗ്നൽ പ്രോസസ്സിംഗ്’ എന്ന വിഷയത്തിലാണ് ഉസ്മ ഖാൻ ഗവേഷണം നടത്താൻ ഒരുങ്ങുന്നത്.
ഒമ്പത് യൂണിവേഴ്സിറ്റികളിൽ സ്കോളർഷിപ്പിന് അപേക്ഷിച്ചപ്പോൾ ആറ് യൂണിവേഴ്സിറ്റികളിലും പ്രവേശനം ലഭിച്ചു. ഉസ്മയക്ക് അമേരിക്കയിലെ പഠനത്തിന് ട്യൂഷൻ ഫീസ് നൽകേണ്ടതില്ല. റിസർച്ച് ആൻറ് ടീച്ചിങ് അസിസ്റ്റൻായി പഠനത്തോടൊപ്പം ക്യാമ്പസിൽ തന്നെ ജോലിയും ചെയ്യാം. ഇത് കൂടാതെ എല്ലാ മാസവും സ്റ്റൈപ്പൻഡും ലഭിക്കും. ലെഹി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റി, യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് ബാൾട്ടിമോർ കൗണ്ടി, SUNY (സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്) ബഫലോ അല്ലെങ്കിൽ അൽബാനി, യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹാംഷെയർ എന്നിവിടങ്ങളിൽ നിന്നാണ് ഈ ജാമിയ വിദ്യാർഥിക്ക് പ്രവേശന ഓഫർ ലഭിച്ചിരിക്കുന്നത്.
എന്നാൽ ഗവേഷണത്തിനായി ലെഹി യൂണിവേസ്റ്റിയിൽ ചേരാനാണ് ഉസ്മ തീരുമാനിച്ചിരിക്കുന്നത്. 2022 ആഗസ്റ്റിൽ അവിടെ അഡ്മിഷനെടുക്കും. ഒരു തവണ അമേരിക്കയിൽ എത്തുന്നതിനായുള്ള ചെലവുകളും യൂണിവേഴ്സിറ്റി തന്നെ വഹിക്കും.“എൻെറ വിദ്യാഭ്യാസ യോഗ്യതയും ഗവേഷണ താൽപര്യവും പരിഗണിക്കുമ്പോൾ ലെഹി യൂണിവേസ്റ്റിയാണ് ഏറ്റവും യോജിച്ചതെന്ന് മനസ്സിലായി. എനിക്ക് പറ്റിയ സൂപ്പർവൈസറെയും അവിടെ നിന്ന് ലഭിച്ചു. അതിനാലാണ് അവിടെ പഠിക്കാൻ തീരുമാനിച്ചത്,” ഉസ്മ പറഞ്ഞു. തൻെറ ഗവേഷണവുമായി ബന്ധപ്പെട്ട പഠനത്തിന് ഗുണകരമാവുന്ന തരത്തിലുള്ള ലോകത്തിലെ ഏറ്റവും മികച്ച ലാബുകളിലൊന്ന് ഈ യൂണിവേഴ്സിറ്റിയിൽ ഉണ്ടെന്നും ഉസ്മ വ്യക്തമാക്കി.
വിദേശത്ത് പഠിക്കുന്നതിന് ആവശ്യമായ യോഗ്യതാ പരീക്ഷകളായി IELTS, GRE എന്നിവയിൽ ഉസ്മ നല്ല മാർക്ക് സ്കോർ ചെയ്തിട്ടുണ്ട്. തൻെറ ഗവേഷണ മേഖലയ്ക്ക് പറ്റിയ പ്രൊഫസർമാരെ കണ്ടെത്തിയ ശേഷം ഉസ്മ യൂണിവേഴ്സിറ്റികളിൽ അപേക്ഷിക്കുകയാണ് ചെയ്തത്. ടെക്ക്നിക്കൽ അഭിമുഖത്തിന് ശേഷമാണ് ഓരോ യൂണിവേഴ്സിറ്റിയും സ്കോളർഷിപ്പ് നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയത്. അധ്യാപകരും വിദഗ്ദ സമിതിയും അടങ്ങുന്ന കമ്മിറ്റിയാണ് അഭിമുഖം നടത്തിയത്.
ജാമിയയിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയപ്പോൾ ക്ലാസിലെ ടോപ്പറായിരുന്നു ഉസ്മ. യൂണിവേഴ്സിറ്റിയിൽ നടക്കാൻ പോവുന്ന കോൺവൊക്കേഷനിൽ സ്വർണമെഡൽ ഇവർക്ക് സമ്മാനിക്കും. മിനിസ്ട്രി ഓഫ് സയൻസ് ആൻറ് ടെക്നോളജിയുടെ ഇൻസ്പയർ ഫെല്ലോഷിപ്പും ഉസ്മ സ്വന്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ പ്രമുഖ കമ്പനികളായ ടിസിഎസിലും ഇൻഫോസിസിലും സിസ്റ്റം എഞ്ചിനീയറായി ജോലിയും ലഭിച്ചിരുന്നു. എന്നാൽ ഗവേഷണത്തിൽ താൽപര്യമുള്ളതിനാൽ ഉസ്മ തുടർന്ന് പഠിക്കാൻ തീരുമാനിക്കുകയായിരുന്നു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.