ജെഇഇ സെഷൻ 1 പരീക്ഷ (JEE Session 1 Exam) തീയതികൾ പുതുക്കി നിശ്ചയിച്ചതായി (National Testing Agency) നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. ബോർഡ് പരീക്ഷ ഉദ്യോഗാർത്ഥികളിൽ നിന്ന് ലഭിച്ച അഭ്യർത്ഥനയെ തുടർന്നാണ് പരീക്ഷ തീയതി മാറ്റിയതെന്നാണ് എൻടിഎയുടെ വിശദീകരണം. പുതുക്കിയ തിയതി പ്രകാരം ജെഇഇ മെയിൻ 2022 പരീക്ഷ ഏപ്രിൽ 21ന് ആരംഭിച്ച് മെയ് നാലിന് അവസാനിക്കും. ഏപ്രിൽ 21, 24, 25, 29 മെയ് 1,4 തിയതികളിലായിട്ടാണ് പരീക്ഷകൾ സംഘടിപ്പിക്കുകയെന്ന് എൻടിഎ അറിയിച്ചു.
നേരത്തെ ഏപ്രിൽ 16 മുതൽ 21 വരെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ തിയതിക്കാണ് എൻടിഎ മാറ്റം വരുത്തിയിരിക്കുന്നത്. അപേക്ഷകർക്ക് രണ്ടാം ആഴ്ച മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഏപ്രിലിലെ. ജെഇഇ മെയിൻ രണ്ടാം സെഷൻ മെയ് 24 മുതൽ മെയ് 29 വരെ നടക്കും. ഏപ്രിൽ 26നാണ് സിബിഎസ്ഇ ബോർഡ് പരീക്ഷ ആരംഭിക്കുന്നത്.
അതേസമയം, ജെഇഇ മെയിന്‍ പരീക്ഷാ അപേക്ഷാ നടപടി പുരോഗമിക്കുകയാണ്, എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനും അപേക്ഷിക്കാനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് jeemain.nta.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.
സെഷൻ 1 ന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആണ്. ബിഇ, ബിടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള പേപ്പർ 1 ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് കമ്പ്യൂട്ടർ അധിഷ്ഠിത മോഡിൽ നടത്തും. പേപ്പർ 2 എ, പേപ്പർ 2 ബി എന്നിവയ്ക്ക് ഗണിതവും അഭിരുചി പരീക്ഷയും പൊതുവായിരിക്കുമ്പോൾ, ഡ്രോയിംഗ് ടെസ്റ്റും പ്ലാനിംഗും യഥാക്രമം ആർക്കിടെക്ചറിനും ബിപ്ലാനിംഗ് കോഴ്സുകൾക്കും മാത്രമായിരിക്കും.
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ടേം ടു പരീക്ഷ ഏപ്രിൽ 26 മുതൽ
ന്യൂഡല്‍ഹി: സി ബി എസ് ഇ (CBSE) പത്ത്, പന്ത്രണ്ട് ക്ലാസ് ടേം ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 26 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഏപ്രിൽ 26ന് ആരംഭിച്ച് ജൂൺ 15ന് അവസാനിക്കുന്ന വിധത്തിലാണ് ടൈംടേബിൾ. രാവിലെ 10.30 മുതൽ പരീക്ഷ ആരംഭിക്കുമെന്ന് സി ബി എസ് ഇ പത്രകുറിപ്പിൽ അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ 26ന് ആരംഭിച്ച് ജൂൺ 15ന് അവസാനിക്കും. പത്താം ക്ലാസ് പരീക്ഷ ഏപ്രിൽ 26ന് ആരംഭിച്ച് മെയ് 24ന് അവസാനിക്കും.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ കുട്ടികൾ പരീക്ഷയ്ക്ക് കൂടുതൽ തയ്യാറെടുപ്പുകൾ നടത്തുന്നതിനാണ് കൂടുതൽ സമയം അനുവദിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് ഉണ്ടായ പഠന നഷ്ടം ഒഴിവാക്കാനാണ് ടേം വണ്‍, ടേം ടു പരീക്ഷകള്‍ തമ്മില്‍ കൂടുതല്‍ ഇടവേള അനുവദിച്ചിരിക്കുന്നത്.
അതിനാല്‍ വിഷയങ്ങള്‍ പഠിക്കുന്നതിന് ആവശ്യമായ സമയം ലഭിക്കും. ജെഇഇ മെയിന്‍ അടക്കമുള്ള മത്സരാധിഷ്ഠിത പരീക്ഷകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാ തീയതി നിശ്ചയിച്ചതെന്നും സിബിഎസ്ഇ പ്രസ്താവനയില്‍ അറിയിച്ചു. സാധാരണ നിലയിൽ ഏപ്രിൽ മുതൽ മാർച്ച് വരെയാണ് CBSC യുടെ അധ്യയന വർഷം.
പരീക്ഷാ സമയം രാവിലെ 10.30 മുതലാണ് ആരംഭിക്കുന്നത്. 2 മണിക്കൂറാണ് പരീക്ഷാ സമയക്രമം. കുട്ടികൾക്ക് ചോദ്യപേപ്പർ വായിക്കുവാൻ 15 മിനിറ്റ് അധികം അനുവദിച്ചിട്ടുണ്ട്. 26 രാജ്യങ്ങളില്‍ കൂടി പരീക്ഷ നടക്കുന്നതിനാല്‍ പരീക്ഷാ സമയത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് സി ബി എസ് ഇ വ്യക്തമാക്കുന്നു.
ഏപ്രില്‍ അവസാനം ചൂട് കനക്കാൻ സാധ്യതയുള്ളതിനാല്‍ നേരത്തെ പരീക്ഷ നടത്തണമെന്ന തരത്തില്‍ നിര്ദേശങ്ങള്വന്നിരുന്നു. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ ഒരേ സമയം പരീക്ഷ നടക്കുന്നതിനാല്‍ സമയത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് സി ബി എസ് ഇ വ്യക്തമാക്കി. ഇതേ കാരണത്താല്‍ രണ്ടു ഷിഫ്റ്റുകളായി പരീക്ഷ നടത്താനും ബുദ്ധിമുട്ടുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.