നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • അഞ്ചു വർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതി: വിദ്യാർഥി-യുവജന സംഘടനകളുമായി ചർച്ച നടത്തി കേരള നോളജ് ഇക്കോണമി മിഷന്‍

  അഞ്ചു വർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതി: വിദ്യാർഥി-യുവജന സംഘടനകളുമായി ചർച്ച നടത്തി കേരള നോളജ് ഇക്കോണമി മിഷന്‍

  സംഘടനകള്‍ എല്ലാം തന്നെ ഉദ്യമത്തിന് തങ്ങളുടെ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയുണ്ടായി. തങ്ങളുടെ സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന 50 ലക്ഷത്തോളം വരുന്ന ചെറുപ്പക്കാരുടെ ഡേറ്റ അവരുടെ സമ്മതത്തോടെ ലഭ്യമാക്കാമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്. കെ. സജേഷ് പറഞ്ഞു.

  • Share this:
   തിരുവനന്തപുരം : അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 20 ലക്ഷം പേര്‍ക്ക് വൈജ്ഞാനിക സമ്പദ്ഘടനയില്‍ തൊഴില്‍ നല്‍കാനുള്ള പദ്ധതിയുടെ കരട് നയരേഖയില്‍ വിദ്യാര്‍ഥി, യുവജന സംഘടനകളുമായി ചര്‍ച്ച നടത്തി. കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തില്‍ നയരേഖ രൂപീകരിച്ച കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൌണ്‍സില്‍ (കെ-ഡിസ്‌ക്), മറ്റ് ഏജന്‍സികള്‍ എന്നിവര്‍ അടങ്ങുന്ന കോര്‍ ടീമാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ഓഗസ്റ്റ് 17 മുതല്‍ സമൂഹത്തിലെ വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി ആരംഭിച്ച ചര്‍ച്ചകളുടെ ഭാഗമായാണ് വിവിധ വിദ്യാര്‍ഥി, യുവജന സംഘടനകളുടെ അഭിപ്രായശേഖരണം നടത്തിയത്.

   സംഘടനകള്‍ എല്ലാം തന്നെ ഉദ്യമത്തിന് തങ്ങളുടെ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയുണ്ടായി. തങ്ങളുടെ സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന 50 ലക്ഷത്തോളം വരുന്ന ചെറുപ്പക്കാരുടെ ഡേറ്റ അവരുടെ സമ്മതത്തോടെ ലഭ്യമാക്കാമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്. കെ. സജേഷ് പറഞ്ഞു. ജോലി എന്നാല്‍ സര്‍ക്കാര്‍ ജോലി എന്ന സമൂഹത്തിന്റെ കാഴ്ച്ചപാട് മാറി പുതിയ കാലത്തിന്റെ ഗിഗ് ജോലികള്‍ കൂടി ഉള്‍ക്കൊള്ളാന്‍ തയാറാവണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം കൂട്ടിച്ചേര്‍ത്തു. മാറുന്ന കാലത്തിന് അനുസൃതമായ സിലബസ് പരിഷ്‌കരണങ്ങളും പുതിയ കോഴ്‌സുകളും ഉണ്ടാവണമെന്നും, പഠനത്തോടൊപ്പം തന്നെ തൊഴിലും ചെയ്യാനുള്ള അവസരങ്ങള്‍ ഉരുത്തിരിയണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബിന്‍ വര്‍ക്കി നിരീക്ഷിച്ചു. ഓരോ മേഖലയിലും നിലവിലുള്ള സ്ഥാപനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് നൈപുണ്യവികസനത്തിനും തൊഴില്‍ലഭ്യതയ്ക്കും പ്രയോജനപ്പെടുന്ന ഹൃസ്വകാല കോഴ്‌സുകള്‍ നടത്തണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് നിര്‍ദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് കോവിഡ് കാലത്ത് ഏറെ പ്രചാരം നേടിയ വര്‍ക്ക് അറ്റ് ഹോം, വര്‍ക്ക് നിയര്‍ ഹോം പ്രവര്‍ത്തനരീതിക്ക് വേണ്ടുന്ന അടിസ്ഥാനസൌകര്യവികസനം ശക്തിപ്പെടുത്തണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പറഞ്ഞു. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ പിന്തുണയ്ക്കുമ്പോഴും, പദ്ധതി രാഷ്ട്രീയവത്കരിക്കപ്പെടുമോ എന്ന ആശങ്കയാണ് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേശ് പങ്കുവച്ചത്.

   വിദ്യാര്‍ഥിസംഘടന പ്രതിനിധികളായി എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.പി. ശരത്ത് പ്രസാദ്, കെ എസ്‌യു എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ സി.കെ. നജാഫ്, കെ എസ് സി (എം) സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ്, എബിവിപി ദേശിയ സമിതി അംഗം സന്ദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. നയരേഖ തയ്യാറാക്കിയ കോര്‍ ടീം അംഗങ്ങളായ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റ് കേരള വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്‍, ഐസിടി അക്കാദമി സിഇഒ സന്തോഷ് കുറുപ്പ്, ജെന്‍പ്രോ സിഇഒ അനൂപ് അംബിക, ട്രിനിറ്റി കോളെജ് ഓഫ് എന്‍ജിനിയറിങ് പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍ സുരേന്ദ്രന്‍, റിട്ട. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് മുഹമ്മദ് സലീം തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

   സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായും പദ്ധതിയില്‍ പങ്കാളികളാകേണ്ട വിവിധ ജനസമൂഹങ്ങളുമായും ഓഗസ്ത് 17 മുതല്‍ കോര്‍ ടീം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. വ്യവസായരംഗത്തെ സംഘടനകള്‍, പ്രൊഫഷണല്‍ സംഘടനകള്‍, വിവിധ സര്‍വകലാശാലകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍, പ്രമുഖ മാധ്യമ പത്രാധിപര്‍മാര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി.വനിതാസംഘടനകളുമായും ട്രേഡ് യൂണിയനുകളുമായും ചര്‍ച്ച നടന്നു. അഭിപ്രായരീപീകരണത്തിനായി കേരള നോളജ് ഇക്കോണമി മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നയരേഖ ലഭ്യമാണ്.
   Published by:Jayashankar AV
   First published:
   )}