കാലടി : കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയ്ക്ക് നാഷണല്‍ അസെസ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ (NAAC) 'എ പ്ലസ്' ലഭിച്ചു. പുതുക്കിയ നാക് അക്രഡിറ്റേഷന് ഫ്രെയിംവര്‍ക്ക് പ്രകാരം 'എ പ്ലസ് ' ലഭിക്കുന്ന കേരളത്തിലെ ആദ്യ സര്‍വ്വകലാശാലയും രാജ്യത്തെ ആദ്യ സംസ്കൃത സര്‍വകലാശാലയുമായാണ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല. നാലില്‍ 3.37 CGPA (ക്യുമുലേറ്റിവ് ഗ്രേഡ് പോയിന്റ് ആവറേജ് ) ലഭിച്ചാണ് സര്‍വ്വകലാശാല ഈ നേട്ടം കരസ്ഥമാക്കിയത്.
അക്രെഡിറ്റേഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് സര്‍വ്വകലാശാലയ്ക്ക് മെച്ചപ്പെട്ട ഗ്രേഡ് ലഭിച്ചത്. സര്‍വകലാശാലയുടെ പഠന, അക്കാദമിക , ഭരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി അഞ്ചംഗ നാക് പിയര്‍ സംഘം സര്‍വകലാശാലയിലും സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. സര്‍വകലാശാല ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ' A' ഗ്രേഡോ അതിനുമുകളില്‍ ഉള്ള ഗ്രേഡോ ലഭിക്കുന്നത്. 2014 ല്‍ നടത്തിയ ആദ്യ നാക് മൂല്യനിര്‍ണയത്തില്‍ സര്‍വകലാശാലയ്ക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു.
മെച്ചപ്പെട്ട സി.ജി.പി.എ. സര്‍വകലാശാലയ്ക്ക് കൂടുതല്‍ ' റൂസ ' ഫണ്ടിംഗ് ലഭിക്കാനുള്ള വഴിയൊരുക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് റൂസ .
'മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും 'നാക് 'ന്റെ എ പ്ലസ് ഗ്രേഡ് നേടാനായതില്‍ സന്തോഷവും ചാരിതാര്‍ഥ്യവുമുണ്ടെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ഡോ ധര്മരാജന് അടാട്ട് പറഞ്ഞു. ഐക്യുഎസി (IQAC), നാക് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, സ്റ്റാറ്റിയൂട്ടറി സമിതിയിലെ അംഗങ്ങള്‍, അധ്യാപകര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ ഒത്തൊരുമയോടെയും ചിട്ടയായുമുള്ള പ്രവര്‍ത്തനങ്ങളാണ് നേട്ടം കൈവരിക്കാന്‍ തങ്ങളെ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കവികുലഗുരു കാളിദാസ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയ പ്രൊഫസര്‍ ശ്രീനിവാസ വര്‍ഖേഡി ആയിരുന്നു നാക് പിയര്‍ സംഘത്തിന് നേതൃത്വം നല്‍കിയത്. അഞ്ചു വര്‍ഷത്തിലധികമായി സര്‍വകലാശാലയില്‍ മൂല്യനിര്‍ണയം നടന്നുകൊണ്ടിരിക്കുയായിരുന്നു. അതിന്റെ അവസാന ഘട്ടമെന്ന നിലയിലായിരുന്നു നാക് ടീമിന്റെ സന്ദര്‍ശനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.