• HOME
  • »
  • NEWS
  • »
  • career
  • »
  • പഠനത്തിന് മുന്‍പ് 10 മിനിറ്റ് 'ധ്യാനം' നിര്‍ബന്ധം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം

പഠനത്തിന് മുന്‍പ് 10 മിനിറ്റ് 'ധ്യാനം' നിര്‍ബന്ധം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം

  • Share this:
അധ്യയനം ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ ക്ലാസുകളിലും 10 മിനിറ്റ് നേരം 'ധ്യാനം' നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശവുമായി കര്‍ണാടക സര്‍ക്കാര്‍.  സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് പത്ത് മിനിറ്റ് സമയം വിദ്യാര്‍ത്ഥികള്‍ ധ്യാനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷ് നിര്‍ദേശം നല്‍കി. 

വിദ്യാര്‍ത്ഥികളുടെ മാനസികവും ശാരീരകവുമായ പിരിമുറുക്കം കുറയ്ക്കുന്നതിനും ഏകാഗ്രതയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനും എല്ലാ ദിവസവും ധ്യാനിക്കണമെന്ന് മന്ത്രി സര്‍ക്കുലറില്‍ പറഞ്ഞു. ചില സ്കൂളുകളില്‍ ഇതിനോടകം ധ്യാനം നടത്തുന്നുണ്ടെന്നും സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും ഇത് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, മന്ത്രിയുടെ നിർദേശത്തിനെതിരെ വിമര്‍ശമുയര്‍ത്തി ഒരു വിഭാഗം രംഗത്തെത്തി. മന്ത്രിയുടെ തീരുമാനം അടിച്ചേൽപ്പിക്കുകയാണെന്ന് വിദ്യാഭ്യാസ വിദ​ഗ്ധൻ  ഡോ. വി.പി. നിരഞ്ജനാരാധ്യ പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷൻ 29 (1) പ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ-പരിശീലന വകുപ്പിന്റെ യോഗ്യതയുള്ള അധികാരിക്ക് മാത്രമേ അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങൾ എന്തൊക്കെ വേണമെന്ന് തീരുമാനിക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ദേശത്തിനെതിരെ എസ്എഫ്ഐ

ഭഗവദ് ഗീതയും വേദ ഗണിതവും അവതരിപ്പിച്ച് സ്‌കൂൾ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്നും ധ്യാനത്തിന്റെ പേരിൽ മതവത്കരിക്കുകയാണെന്നും  എസ്എഫ്ഐ പ്രസിഡന്റ് അമരേഷ് കഡ​ഗാഡ പറഞ്ഞു. ബിജെപിയുടെ അജണ്ട നടപ്പാക്കുന്നതിന് പകരം മികച്ചതും തുല്യവുമായ വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

എന്നാൽ, ധ്യാനം മതപരമായ ആചാരമല്ലെന്ന് മന്ത്രി നാഗേഷ് മറുപടി പറഞ്ഞു. കൊവിഡിന് ശേഷം കുട്ടികൾക്ക് ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെട്ടു. മൊബൈൽ ഫോണും ഇവർക്ക് ശീലമായി. ഈ സാഹചര്യം ശരിയാക്കാൻ കുട്ടികൾക്ക് ധ്യാനം പലരും നിർദ്ദേശിച്ചു. ചിലർ അതിനെ എതിർക്കുന്നു എന്നതിനാൽ നല്ല ആശയം ഉപേക്ഷിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
Published by:Arun krishna
First published: