നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • കെ.എ.എസ്. പരീക്ഷ: ഉന്നത നിലവാരം, വ്യത്യസ്തം, സമ്മിശ്ര പ്രതികരണം

  കെ.എ.എസ്. പരീക്ഷ: ഉന്നത നിലവാരം, വ്യത്യസ്തം, സമ്മിശ്ര പ്രതികരണം

  സിലബസ് ആഴത്തിൽ പഠിച്ച് ചിട്ടയോടെ പരിശീലനം നടത്തിയവർക്ക് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിഞ്ഞു

  kas exam

  kas exam

  • Share this:
   #ജലീഷ് പീറ്റർ, കരിയർ വിദഗ്ധൻ

   കേരള ചരിത്രത്തിലാദ്യമായി നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രാഥമികമായി ലഭിച്ചതെങ്കിലും പൊതുവെ കടുപ്പമായിരുന്നു. യു പി എസ് സി നടത്തുന്ന സിവിൽ സർവീസ് പരീക്ഷയുടെ നിലവാരത്തിലുള്ള ചോദ്യങ്ങൾ കെ എ എസ് പരീക്ഷയുടെ പ്രത്യേകതയായിരുന്നു. നിലവിലുള്ള പി എസ് സി പരീക്ഷകളെക്കാൾ ഉന്നത നിലവാരം പുലർത്തിയ ചോദ്യങ്ങൾ ഉദ്യോഗാർത്ഥികളെ വിഷമത്തിലാക്കി. സിലബസ് പ്രകാരം എല്ലാ വിഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടായിരുന്നു. നാല് ലക്ഷം പേർ പരീക്ഷ എഴുതുമെന്ന് ഉറപ്പ് നൽകിയിരുന്നു എങ്കിലും 3.84 ലക്ഷം പേരാണ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്തത്.

   രണ്ട് ഘട്ടങ്ങളിലായി നടത്തിയ കെ എ എസ് പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ട് പേപ്പറുകൾ ഉണ്ടായിരുന്നു. രാവിലെ പത്ത് മുതൽ 12 വരെ നടന്ന പേപ്പർ ഒന്നിനോട് ഉദ്യോഗാർത്ഥികൾ പ്രതികരിച്ചത് സമ്മിശ്രമായാണ്. ഇന്ത്യ ചരിത്രം, കേരള ചരിത്രം, ലോക ചരിത്രം, കേരള സംസ്കാരവും പൈതൃകവും, ഇന്ത്യൻ ഭരണഘടന, റീസണിംഗ് എബിലിറ്റി, കോഗ്രഫി എന്നീ വിഷയങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ ഉണ്ടായിരുന്നത്. നൂറ് ചോദ്യങ്ങളിൽ എൺപത് ശതമാനം ചോദ്യങ്ങളും ജനറൽ നോളജ് വിഭാഗത്തിൽ നിന്നായിരുന്നു. ഇന്ത്യൻ ഭരണഘടന സംബന്ധിയായ ചോദ്യങ്ങളാണ് കൂടുതൽ പേരെയും ബുദ്ധിമുട്ടിച്ചത്. അന്തർദ്ദേശീയ കാര്യങ്ങൾ സംബന്ധിയായ ചോദ്യങ്ങൾ പി എസ് സി പരീക്ഷകളിൽ തന്നെ ആദ്യമായിരുന്നു. ചരിത്രപരമായ ചോദ്യങ്ങൾ ചിലരെ വലിച്ചിട്ടുണ്ട്. എന്നാൽ റീസണിംഗ് എബിലിറ്റി, കണക്ക് വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ എളുപ്പമായിരുന്നു.

   ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെ നടന്ന പേപ്പർ രണ്ട്, പൊതുവെ എല്ലാവർക്കും എളുപ്പമായി തോന്നിച്ചു. സാമ്പത്തിക മേഖലയും ആസൂത്രണവും, സർക്കാർ പോളിസികൾ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ താരതമ്യേന എല്ലാവരെയും വലച്ചു. എന്നാൽ ഭാഷാപരമായ ചോദ്യങ്ങൾ എളുപ്പമായിരുന്നു.

   സിലബസ് ആഴത്തിൽ പഠിച്ച് ചിട്ടയോടെ പരിശീലനം നടത്തിയവർക്ക് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിഞ്ഞു. സ്ട്രെയിറ്റായുള്ള ചോദ്യങ്ങൾ രണ്ട് പേപ്പറുകളിലും ഇല്ലായിരുന്നു. അതിനാൽ തന്നെ ചോദ്യം മനസ്സിലാക്കിയെടുക്കുവാൻ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ സമയം എടുക്കേണ്ടി വന്നു. അപ്പോൾ സമയം പലർക്കും വില്ലനായി മാറി.

   പ്രിലിമിനറി പരീക്ഷയ്ക്ക് കട്ട് ഓഫ് മാർക്കില്ല. നിലവിലുള്ള ഒഴിവുകളുടെ നിശ്ചിത മടങ്ങ് ഉദ്യോഗാർത്ഥികളെ പ്രിലിമിനറി പരീക്ഷയിലൂടെ മുഖ്യപരീക്ഷയ്ക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുക. ഇതിലെ നിശ്ചിത മടങ്ങ് തീരുമാനിക്കേണ്ടത് പി എസ് സിയാണ്.

   1535 കേന്ദ്രങ്ങളിലായി 384661 പേരാണ് പരീക്ഷ എഴുതിയത്. ഒരു മാസത്തിനകം പട്ടിക പ്രസിദ്ധീകരിക്കുവാനാണ് പി എസ് സി യുടെ ശ്രമം. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് വിവരണാത്മക രീതിയിലുള്ള മുഖ്യപരീക്ഷ ജൂണിലോ ജൂലൈയിലോ നടക്കും.

   ഏതായാലും കെഎഎസ് പരീക്ഷ എഴുതിയവർ യു പി എസ് സി നടത്തുന്ന സിവിൽ സർവ്വീസ് പരീക്ഷയ്ക്കും അപേക്ഷിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് മൂന്നാണ്. മെയ് 31നാണ് പ്രിലിമിനറി പരീക്ഷ. ആത്മവിശ്വാസത്തോടെ പഠനം തുടരുക.

   (14 ജില്ലകളിലും പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളിൽ നിന്നും ലഭിച്ച പ്രാഥമിക വിവരങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയത്)

   (തയാറാക്കിയത് - ജലീഷ് പീറ്റര്‍, കരിയര്‍ വിദഗ്ധന്‍)
   First published:
   )}