നീറ്റ് (NEET) പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ പത്താം റാങ്ക് സ്വന്തമാക്കി കാശ്മീരില്‍ (Kashmir) നിന്നുള്ള ഹാസിഖ് പര്‍വീസ് ലോണ്‍ (Haziq Parveez Lone). 720ല്‍ 710 മാര്‍ക്ക് സ്വന്തമാക്കിയാണ് 18 കാരനായ ഹാസിഖ് 10ാം റാങ്ക് നേടിയത്. ചെറുപ്പം മുതലേ താന്‍ ഡോക്ടറാവണമെന്ന് ആഗ്രഹിച്ചിരുന്നതായി ഹാസിഖ് പറഞ്ഞു.
മെഡിസിന് ന്യൂഡല്‍ഹിയിലെ എയിംസില്‍ പഠിക്കാനാണ് ഹാസിഖിന് ആഗ്രഹം. പഠനത്തിന് ശേഷം നാട്ടില്‍ തന്നെ പ്രാക്ടീസ് ചെയ്യാനാണ് താല്പര്യമെന്നും ഹാസിഖ് പറഞ്ഞു. പഠനത്തിനായി നാടു വിട്ട് പോകുമെങ്കിലും തിരിച്ച് നാട്ടിലേക്കു തന്നെ തിരിച്ചു വരും. തന്നിലൂടെ കശ്മീരിലെ ജനങ്ങള്‍ക്ക് ലോകനിലവാരത്തിലുള്ള ചികിത്സ സൗകര്യം നല്‍കുകയാണ് ലക്ഷ്യമെന്ന് ഹാസിഖ് ന്യൂസ് 18 നോട് പറഞ്ഞു. ന്യൂറോളജിയില്‍ സ്പെഷ്യലൈസ് ചെയ്യുക അല്ലെങ്കില്‍ മെഡിസിനില്‍ ഗവേഷണം ചെയ്യാനാണ് ഹാസിഖിന്റെ ആഗ്രഹം.
''കശ്മീരിലെ ജനങ്ങള്‍ക്ക് കഴിവുള്ളതും അറിവുമുള്ള ഡോക്ടര്‍മാരെ ആവശ്യമുണ്ട്, അതില്‍ ഒരാളാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്'', ഹാസിഖ് പറഞ്ഞു. പ്ലസ് വണ്‍ മുതലാണ് ഹാസിഖ് നീറ്റ് പരീക്ഷക്കായി പരിശീലനം നേടിയിരുന്നത്.
എന്ത്, എങ്ങനെ പഠിക്കണം എന്നതിലുള്ള വ്യക്തതയാണ് നീറ്റ് പരീക്ഷയില്‍ വിജയിക്കാന്‍ തന്നെ സഹായിച്ചതെന്ന് ഹാസിഖ് വ്യക്തമാക്കി. ''ആദ്യം ഞാന്‍ എനിക്കായി ഒരു ഷെഡ്യൂള്‍ തയ്യാറാക്കിയിരുന്നു. ആദ്യ നാളുകളില്‍ ഞാന്‍ രാവിലെ 9 മണിക്ക് ഉണരുകയും ഉച്ചയ്ക്ക് 1 മണിക്ക് ഉറങ്ങുകയും ചെയ്യുമായിരുന്നു. സ്കൂളിലെ ക്ലാസിനും കോച്ചിംഗിന് ശേഷം ഞാന്‍ പഠിച്ചതെല്ലാം വീണ്ടും റിവിഷന്‍ ചെയ്യുമായിരുന്നു. രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷങ്ങള്‍ പഠിക്കുന്നതിനായി എന്‍സിഇആര്‍ടിയും കോച്ചിംഗ് നോട്ടുകളും റിവിഷന്‍ ചെയുമായിരുന്നു. സ്വന്തമായി നോട്ടുകള്‍ ഉണ്ടാക്കുകയും അത് റിവിഷന്‍ ചെയ്യുകയും ചെയ്യും. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി, ഞാന്‍ രാവിലെ 5 മണിക്ക് എഴുന്നേല്ക്കുകയും പഠനത്തിന് ശേഷം രാത്രി 10:30 ഓടെയാണ് ഉറങ്ങുകയും ചെയ്തിരുന്നു'', ഹാസിഖ് പറഞ്ഞു.
ഇതിന് പുറമെ, പരീക്ഷകളിലും മോക്ക് ടെസ്റ്റുകളിലും ഹാസിഖ് പങ്കെടുത്തിരുന്നു. ഡിസംബറില്‍ ബോര്‍ഡ് പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം, നിരവധി മോക്ക് ടെസ്റ്റുകള്‍ എഴുതിയിരുന്നു.
നീറ്റിന് തയാറെടുക്കുന്നവര്‍ തങ്ങളുടെ ബലഹീനതകൾ ഏതെന്ന് സ്വയം കണ്ടെത്തി വിശകലനം ചെയ്യണമെന്നും ഏതു വിഷയത്തിലാണ് നിങ്ങള്‍ പുറകോട്ടെന്ന് കണ്ടെത്തണമെന്നും ഹാസിഖ് പറയുന്നു. അതോടൊപ്പം സമയം വിലപ്പെട്ടതാണെന്ന് ഓര്‍ക്കണമെന്നും ഹാസിഖ് കൂട്ടിച്ചേർത്തു.
ഗുവാഹത്തി സ്വദേശിനിയായ ഡോ. ഐന്ദ്രില സിംഗ് റോയ് നീറ്റ് പിജി പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 30-ാം റാങ്ക് നേടിയതും വാര്‍ത്തയായിരുന്നു. രണ്ടാം ശ്രമത്തിലാണ് ഐന്ദ്രില ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ ശ്രമത്തില്‍ ഐന്ദ്രിലക്ക് 7300 റാങ്കാണ് ലഭിച്ചത്. ഇവിടെ നിന്നാണ് 30-ാം റാങ്ക് നേടി ഐന്ദ്രില മുന്നേറിയത്. ആദ്യ ശ്രമം കൂടുതല്‍ പഠിക്കാന്‍ തന്നെ പ്രേരിപ്പിച്ചെന്ന് അവര്‍ പറയുന്നു. നിലവില്‍ എംഡി ചെയ്യുകയാണ് ഐന്ദ്രില.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jammu and kashmir, MBBS, Neet