• HOME
  • »
  • NEWS
  • »
  • career
  • »
  • അഭിനവിന് ആഗ്രഹം പൈലറ്റകാന്‍; CBSE പത്താംക്ലാസ് പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടി മലയാളി വിദ്യാര്‍ഥി

അഭിനവിന് ആഗ്രഹം പൈലറ്റകാന്‍; CBSE പത്താംക്ലാസ് പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടി മലയാളി വിദ്യാര്‍ഥി

രണ്ടുഘട്ടമായി നടന്ന പരീക്ഷയിൽ ഒരു മാർക്കുപോലും നഷ്ടമാകാതെയാണ് അഭിനവ് ഒന്നാമതെത്തിയത്

  • Last Updated :
  • Share this:
    അടുത്തിടെ പ്രസിദ്ധീകരിച്ച സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ 500/500 മാര്‍ക്കും നേടി രാജ്യത്ത് ഒന്നാമതെത്തിയത് ഒരു മലയാളി വിദ്യാര്‍ഥിയാണ്. തിരുവനന്തപുരം പേരൂര്‍ക്കട അമ്പലംമുക്ക് ശ്രീഭദ്രാനഗർ സിൽവർ ക്ലൗഡ്‌സ് ഗാർഡൻസിൽ നവീൻ കെ.ആന്റോയുടെയും സിന്ധുവിന്റെയും മകന്‍ അഭിനവ് കെ.നവീനാണ് കേരളത്തിന്‍റെ അഭിമാനമായത്. നാലാഞ്ചിറ നവജീവന്‍ ബഥനി സ്കൂളിലെ വിദ്യാര്‍ഥിയായിരിക്കേയാണ് അഭിനവ് അഭിമാന നേട്ടം കൈവരിച്ചത്.

    മുക്കോലയ്ക്കല്‍ സെന്‍റ്  മേരീസ് സ്കൂളില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയ അഭിനവിന് ഭാവിയില്‍ ഒരു പൈലറ്റാകാനാണ് ആഗ്രഹം. രണ്ടുഘട്ടമായി നടന്ന പരീക്ഷയിൽ ഒരു മാർക്കുപോലും നഷ്ടമാകാതെയാണ് അഭിനവ് ഒന്നാമതെത്തിയത്. കേരളത്തിലെ വിദ്യാർഥികൾ സിബിഎസ്ഇ പരീക്ഷയ്ക്ക് മുഴുവൻ മാർക്കും നേടുന്നത് അപൂർവമാണ്. നേരത്തെ നടന്ന പരീക്ഷകളിൽ 99 ശതമാനം മാർക്ക് നേടിയിട്ടുണ്ടെങ്കിലും മുഴുവൻ മാർക്കുംനേടി ഒന്നാമനാകുമെന്ന് കരുതിയിട്ടില്ലെന്ന് അഭിനവ് പറഞ്ഞു. അധ്യാപകരുടെ പിന്തുണയാണ് ഇത്രയും തിളക്കമാർന്ന വിജയത്തിനു കാരണം. പ്രിൻസിപ്പൽ ഷാനാ രഞ്ജിത്, അധ്യാപകരായ സോണിയ, കെ.ബിന്ദു എന്നിവരും പ്രത്യേകം പ്രോത്സാഹനം നൽകിയിരുന്നുവെന്ന് അഭിനവ് കൂട്ടിച്ചേര്‍ത്തു.

     Also Read- ക്യാറ്റ് 2022 രജിസ്‌ട്രേഷന്‍ ആരംഭിച്ചു; ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

    ആദ്യഘട്ട പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയത് ആത്മവിശ്വാസം കൂട്ടിയിരുന്നു. ഒൻപതാം ക്ലാസ് വരെ ട്യൂഷനു പോകാതെ സ്വന്തമായി മാത്രമായിരുന്നു പഠനം. പത്താം ക്ലാസിൽ ഫിസിക്‌സിനു മാത്രമാണ് ട്യൂഷനു പോയത്. സഹോദരി മാളവികയും പഠനത്തിൽ സഹായിച്ചു. അതത് ആഴ്ചകളിലെ പാഠഭാഗങ്ങൾ അപ്പോൾത്തന്നെ പഠിച്ചുതീർക്കുന്നതാണ് ശീലം. ഉച്ചയ്ക്ക് സ്‌കൂൾ കഴിഞ്ഞാലും വൈകീട്ട് 6 മണിക്ക് ശേഷമാണ് പഠനം. കുത്തിയിരുന്ന് പഠിക്കുന്ന ശീലവും അഭിനവിനില്ല.

    പഠനം കഴിഞ്ഞാല്‍ ഫുട്ബോളിനോടാണ് താല്‍പര്യം . ഫുട്‌ബോൾ മത്സരം കാണാനും കളിക്കാൻ ഇഷ്ടപ്പെടുന്ന അഭിനവ് മെസിയുടെയും കേരള ബ്ലാസ്റ്റേഴ്സിന്‍റെയും കടുത്ത ആരാധകനാണ്. വീടിനടുത്തുള്ള കുട്ടികൾക്കൊപ്പം കളിക്കാനും സമയം കണ്ടെത്താറുണ്ട്. കുടുംബസമേതം കൊച്ചിയിൽ പോയി ഐ.എസ്.എൽ. മത്സരം കണ്ടിട്ടുണ്ട്. യാത്രകളും സിനിമയും സംഗീതവുമാണ് അഭിനവിന്റെ മറ്റ് ഇഷ്ടമേഖലകള്‍. മാനസിക സമ്മർദം ലഘൂകരിക്കുന്നതിന് പരീക്ഷയ്ക്ക് ഒരാഴ്ച മുൻപ് നവീൻ മകനെയുംകൂട്ടി യാത്രപോയിരുന്നു. സഹോദരി മാളവിക നവീൻ മാർ ഇവാനിയോസ് കോളേജിലെ ഒന്നാംവർഷ ഡിഗ്രി വിദ്യാർഥിനിയാണ്.
    Published by:Arun krishna
    First published: