• HOME
  • »
  • NEWS
  • »
  • career
  • »
  • Job | 82% ഇന്ത്യൻ ജീവനക്കാരും 2022ൽ ജോലി മാറാൻ ആലോചിക്കുന്നതായി LinkedIn റിപ്പോർട്ട്

Job | 82% ഇന്ത്യൻ ജീവനക്കാരും 2022ൽ ജോലി മാറാൻ ആലോചിക്കുന്നതായി LinkedIn റിപ്പോർട്ട്

2017 ജനുവരി മുതൽ 2021 ജൂലൈ വരെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് പ്രകടിപ്പിക്കുന്ന തൊഴിലുകൾ തിരിച്ചറിയാൻ ലിങ്ക്ഡ്ഇൻ ഈ വിവരങ്ങളാണ് പരിശോധിച്ചത്.

  • Share this:
    മഹാമാരി (Pandemic)ഘട്ടത്തിലാണെങ്കിലും ഇന്ത്യയിലെ ജീവനക്കാർ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തിലാണ്. 82 ശതമാനം ജീവനക്കാരും 2022ൽ തങ്ങളുടെ ജോലി മാറുന്നത് പരിഗണിക്കുന്നുണ്ടെന്ന് ഓൺലൈൻ പ്രൊഫഷണൽ നെറ്റ്‌വർക്കായ ലിങ്ക്ഡ്ഇൻ (LinkedIn) അടുത്തിടെ നടത്തിയ ഒരു സർവേ റിപ്പോർട്ട് അവകാശപ്പെടുന്നു.

    ഒരു വർഷം വരെ പ്രവൃത്തിപരിചയമുള്ള 94 ശതമാനം വരുന്ന ഫ്രഷേഴ്സും 87 ശതമാനം വരുന്ന "ജെൻ ഇസഡ് പ്രൊഫഷണലുകളുമാണ്" (“Gen Z professionals") 2022ൽ ജോലി മാറുന്നതിനെക്കുറിച്ച് ആലോചിക്കാൻ കൂടുതൽ സാധ്യതയുള്ളതെന്നും തൊഴിലന്വേഷകർക്കിടയിൽ നടത്തിയ ഈ ഗവേഷണം വെളിപ്പെടുത്തുന്നു.

    ഇന്ത്യയിലെ 1,111 പ്രൊഫഷണലുകളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ മോശം വർക്ക് - ലൈഫ് ബാലൻസ് (30 ശതമാനം), ആവശ്യത്തിന് പണമില്ലാത്തത് (28 ശതമാനം), അല്ലെങ്കിൽ വലിയ തൊഴിൽ ലക്ഷ്യങ്ങൾ (23 ശതമാനം) എന്നിവയാണ് പ്രൊഫഷണലുകൾ അവരുടെ നിലവിലെ ജോലി ഉപേക്ഷിക്കുന്നതിന്റെ പ്രധാന കാരണങ്ങളെന്നും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.

    പ്രൊഫഷണലുകൾ ജോലിയുടെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുള്ളവരാണെന്നും സർവേ അവകാശപ്പെടുന്നു. എന്നാൽ പത്തിൽ ഏഴ് പേരും ഇപ്പോഴും സ്വന്തം കഴിവിൽ ആത്മവിശ്വാസക്കുറവുള്ളവരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ പ്രൊഫഷണലുകൾക്ക് തങ്ങളുടെ ജോലിയിലെ സ്ഥാനങ്ങൾ (45 ശതമാനം), കരിയർ (45 ശതമാനം), മൊത്തത്തിലുള്ള തൊഴിൽ ലഭ്യത (38 ശതമാനം) എന്നിവ 2022ൽ മെച്ചപ്പെടുമെന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്ന് ലിങ്ക്ഡ്ഇന്നിന്റെ ഗവേഷണം വെളിപ്പെടുത്തുന്നു. വാസ്തവത്തിൽ, ഇന്ത്യയിലെ 86 ശതമാനം പ്രൊഫഷണലുകളും പുതിയ തൊഴിലവസരങ്ങൾക്കായി തങ്ങളുടെ പ്രൊഫഷണൽ നെറ്റ്‌വർക്കുകളുടെ ശക്തിയിൽ ആത്മവിശ്വാസമുണ്ടെന്ന് പറയുന്നു.

    71 ശതമാനം പ്രൊഫഷണലുകളും മഹാമാരിയ്ക്ക് മുമ്പുള്ളതിനേക്കാൾ കൂടുതൽ ഇപ്പോൾ ജോലിയിലെ തങ്ങളുടെ കഴിവുകളിൽ സംശയം പ്രകടിപ്പിക്കുന്നതായും 63 ശതമാനം പേർ ഇംപോസ്റ്റർ സിൻഡ്രോം ബാധിച്ചവരാണെന്നും സർവേ വെളിപ്പെടുത്തുന്നു. “ഈ ആത്മവിശ്വാസക്കുറവ് ഏകദേശം രണ്ട് വർഷത്തോളമായി ഒറ്റയ്ക്ക് ജോലി ചെയ്യുന്നതിന്റെ ഫലമാണെന്ന് കരുതാം. കാരണം 33 ശതമാനം പ്രൊഫഷണലുകളും മഹാമാരി അവരുടെ ജോലിയിലുള്ള ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിച്ചിട്ടുള്ളതായി പറയുന്നു” സർവേ കൂട്ടിച്ചേർത്തു.

    സൂപ്പർവൈസർമാരിൽ നിന്നും കൂടെ ജോലി ചെയ്യുന്നവരിൽ നിന്നും നേരിട്ടുള്ള പിന്തുണ ലഭിക്കാത്തതാണ് ഇതിന് 40 ശതമാനം പേരിലും കാരണമായിരിക്കുന്നത്. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നത് (34 ശതമാനം), കൂടുതൽ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടി വരുന്നത് (31 ശതമാനം) എന്നിവയാണ് ജോലിയിലുള്ള പ്രധാന മൂന്ന് സമ്മർദ്ദങ്ങളെന്നും സർവ്വേയിലെ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടുന്നു.

    വർക്ക്-ലൈഫ് ബാലൻസ്

    2022-ൽ ഇന്ത്യയിലെ പ്രൊഫഷണലുകളെ അവരുടെ നിലവിലെ തൊഴിലുടമയ്‌ക്കൊപ്പം തുടരാൻ പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങളിൽ മികച്ച ശമ്പളം (42 ശതമാനം), കൂടുതൽ മതിപ്പ് (36 ശതമാനം), മെച്ചപ്പെട്ട വർക്ക്-ലൈഫ് ബാലൻസ് (34 ശതമാനം) എന്നിവ ഉൾപ്പെടുന്നു.

    സർവേ റിപ്പോർട്ട് അനുസരിച്ച്, ജോലി ചെയ്യുന്ന 28 ശതമാനം പുരുഷന്മാരെ അപേക്ഷിച്ച് ജോലി ചെയ്യുന്ന 37 ശതമാനം സ്ത്രീകൾ മോശം വർക്ക്-ലൈഫ് ബാലൻസ് കാരണം നിലവിലെ ജോലി ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ജോലി ചെയ്യുന്ന പുരുഷന്മാരെ 39 ശതമാനം അപേക്ഷിച്ച് മെച്ചപ്പെട്ട വേതനം ലഭിച്ചാൽ തങ്ങൾ നിലവിലെ തൊഴിലുടമയിൽ തുടരുമെന്ന് 49 ശതമാനം വനിതാ ജീവനക്കാരും പറയുന്നു.

    ഐടി, ആരോഗ്യ മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ
    അതേസമയം, ഇന്ത്യയിൽ അതിവേഗം വളരുന്ന അവസരങ്ങൾ തിരിച്ചറിയാൻ തൊഴിലന്വേഷകരെ സഹായിക്കുന്നതിന്, ലിങ്ക്ഡ്ഇൻ വാർഷിക ‘ജോബ്സ് ഓൺ ദി റൈസ് 2022 ഇന്ത്യ ലിസ്റ്റിന്റെ’ രണ്ടാം പതിപ്പ് പുറത്തിറക്കി. 2017 ജനുവരി മുതൽ 2021 ജൂലൈ വരെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് പ്രകടിപ്പിക്കുന്ന തൊഴിലുകൾ തിരിച്ചറിയാൻ ലിങ്ക്ഡ്ഇൻ ഈ വിവരങ്ങളാണ് പരിശോധിച്ചത്.

    സൈറ്റ് റിലയബിലിറ്റി എഞ്ചിനീയർ, ഡാറ്റാ സയൻസ് സ്പെഷ്യലിസ്റ്റ്, മെഷീൻ ലേണിംഗ് എഞ്ചിനീയർ, ബിസിനസ് ഡെവലപ്‌മെന്റ് ടാലന്റ് തുടങ്ങിയ തസ്തികകളിൽ ഉയർന്ന വൈദഗ്ധ്യമുള്ള ഐടി ജീവനക്കാരുടെ ആവശ്യം വർദ്ധിച്ചു വരുന്നതായി പട്ടിക വെളിപ്പെടുത്തുന്നു. വെൽനസ് സ്‌പെഷ്യലിസ്റ്റുകൾക്കും മോളിക്യുലാർ ബയോളജിസ്റ്റുകൾക്കുമാണ് ആരോഗ്യ മേഖലയിൽ കൂടുതൽ ഡിമാൻഡുള്ളത്.

    കഴിഞ്ഞ വർഷം അവസാനത്തോടെ (2021 ഡിസംബറിൽ) വിവിധ മേഖലകളിലെ നിയമനങ്ങൾ 12 ശതമാനം ഉയർന്നതായി മോൺസ്റ്റർ എംപ്ലോയ്‌മെന്റ് ഇൻഡക്‌സ് (Monster Employment Index) റിപ്പോർട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 6 ശതമാനം ഉയർച്ചയോടെ നിയമനങ്ങളിൽ ശക്തമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം 2021 ഡിസംബറിൽ മുൻ മാസത്തെ അപേക്ഷിച്ച് 2 ശതമാനം പ്രതിമാസ വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്.

    RBI | റിസർവ് ബാങ്കിൽ ബിരുദധാരികള്‍ക്ക് അവസരം; പ്രതിവര്‍ഷം 33.60 ലക്ഷം രൂപ വരെ ശമ്പളം

    വിവിധ മേഖലകളിൽ ഉടനീളം, പുതിയ ഉദ്യോഗാർത്ഥികൾക്കായുള്ള ഡിമാൻഡ് (0-3 വർഷം പ്രവൃത്തിപരിചയം ഉള്ളവർ) വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ വിഭാഗത്തിൽ നിയമനങ്ങളിൽ 2 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇന്റർമീഡിയറ്റ് ലെവലിനുള്ള (4-6 വർഷം) നിയമന ആവശ്യം 2 ശതമാനം ഇടിവ് രേഖപ്പെടുത്തി. മിഡ്-സീനിയർ ലെവൽ (7-10 വർഷം) 1 ശതമാനമായി നേരിയ വളർച്ചയും രേഖപ്പെടുത്തി. സീനിയർ ലെവൽ (11-15 വർഷം) നിയമന വളർച്ചയിൽ കാര്യമായ മാറ്റങ്ങളില്ല.

    Growth in Hiring | 2021 ഡിസംബറിൽ നിയമനങ്ങളിൽ 12% വളർച്ച; ഫ്രഷേഴ്‌സിന് കൂടുതൽ അവസരങ്ങൾ: സർവേ

    മഹാമാരിയെ തുടർന്ന് 2020നെ അപേക്ഷിച്ച് 2021ൽ കമ്പനികളിലും മാനേജ്‌മെന്റിലും വന്ന മാറ്റങ്ങൾ കാരണം മുൻനിര മാനേജ്‌മെന്റ് റോളുകൾ (15 വർഷത്തിലേറെയായി) 64 ശതമാനം വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. മിഡ് - സീനിയർ ലെവൽ (7-10 വർഷം) പ്രൊഫഷണലുകൾ 37 ശതമാനവും ഇന്റർമീഡിയറ്റ് ലെവൽ (4-6 വർഷം) 30 ശതമാനവും സീനിയർ ലെവൽ (11-15 വർഷം) 21 ശതമാനവും നിയമന വളർച്ച രേഖപ്പെടുത്തി. എൻട്രി ലെവൽ പ്രൊഫഷണലുകളുടെ (0-3 വർഷം) റിക്രൂട്ട്‌മെന്റ് ഡിമാൻഡിൽ മുൻ വർഷത്തെ അപേക്ഷിച്ച് 2021 ഡിസംബറിൽ 9 ശതമാനം വളർച്ച രേഖപ്പെടുത്തി.
    Published by:Jayashankar AV
    First published: