• HOME
 • »
 • NEWS
 • »
 • career
 • »
 • ജെഎൻയു ക്യാമ്പസിൽ മെഡിക്കൽ കോളേജും സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ഉടൻ ആരംഭിക്കും; ചെലവ് 900 കോടി രൂപ

ജെഎൻയു ക്യാമ്പസിൽ മെഡിക്കൽ കോളേജും സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ഉടൻ ആരംഭിക്കും; ചെലവ് 900 കോടി രൂപ

മെഡിക്കല്‍ സ്‌കൂള്‍ യൂണിവേഴ്‌സിറ്റിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള 25 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ആകെ ചെലവ് 900 കോടി രൂപയാണ്.

 • Share this:
  ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) കാമ്പസില്‍ മെഡിക്കല്‍ സയന്‍സ് സ്‌കൂളും ആശുപത്രിയും സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. ജെഎന്‍യുവിലെ അക്കാദമിക് കൗണ്‍സില്‍ (എസി) ആഗസ്റ്റ് 17ന് ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കി.

  പരമ്പരാഗത ചികിത്സയുമായി സംയോജിപ്പിച്ച ആധുനിക വൈദ്യശാസ്ത്രത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് പിഎച്ച്ഡി, എംഡിപിഎച്ച്ഡി, എംഡി, എംഎസ്, ഡിഎം, എംസിഎച്ച്, എംബിബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ പോലുള്ള വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ സ്‌കൂള്‍ വാഗ്ദാനം ചെയ്യും. മെഡിക്കല്‍ സ്‌കൂള്‍ യൂണിവേഴ്‌സിറ്റിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള 25 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ആകെ ചെലവ് 900 കോടി രൂപയാണ്.

  ആശുപത്രിയുടെയും മെഡിക്കല്‍ സ്‌കൂളിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് പാരാമെഡിക്കല്‍ ജീവനക്കാര്‍, ടെക്‌നിക്കല്‍ ജീവനക്കാര്‍, സെക്രട്ടറി, മറ്റ് അനുബന്ധ ജീവനക്കാര്‍ എന്നിവരോടൊപ്പം 259 ഫാക്കല്‍റ്റി അംഗങ്ങളും ആവശ്യമാണ്.

  സര്‍വകലാശാലയിലെ ഉന്നതതല തീരുമാനമെടുക്കുന്ന സംഘടനയായ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഇതുവരെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഔദ്യോഗിക പ്രസ്താവന അനുസരിച്ച്, പുതിയ സ്ഥാപനം ദേശീയ വിദ്യാഭ്യാസ നയം -2020 അനുസരിച്ചാണ് ആരംഭിക്കുന്നത്.

  ജെഎന്‍യു ആക്ട് 1966ലെ വ്യവസ്ഥകള്‍ അനുസരിച്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വകുപ്പുകളുള്ള സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസും ആശുപത്രിയും സ്ഥാപിക്കാന്‍ അക്കാദമിക് കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകാരം നല്‍കിയതായി ജെഎന്‍യു ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

  അന്തിമ തീരുമാനം ഇനിയും എടുക്കേണ്ടിയിരിക്കെ, ജെഎന്‍യു ടീച്ചേഴ്‌സ് അസോസിയേഷന്‍ (ജെഎന്‍യുടിഎ) തീരുമാനം പാസാക്കുന്നതിനുമുമ്പ് ഈ വിഷയത്തില്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്യാത്തതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.

  അതേസമയം സര്‍വകലാശാല ക്യാമ്പസില്‍ ഓഗസ്റ്റ് 23 വരെ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടിയിട്ടുണ്ട്. ക്യാമ്പസിനകത്ത് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രിത പ്രവര്‍ത്തനങ്ങളും സംബന്ധിച്ച പട്ടിക ഔദ്യോഗിക പോര്‍ട്ടലിലൂടെ സര്‍വകലാശാല പുറത്തുവിട്ടു. ഓഗസ്റ്റ് 9 മുതല്‍ ഓഗസ്റ്റ് 23 വരെ സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഓഫീസുകളിലെത്തി ജോലി ചെയ്യാന്‍ നിയന്ത്രണമില്ല. എന്നാല്‍, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഡോ. ബി ആര്‍ അംബേദ്കര്‍ സെന്‍ട്രല്‍ ലൈബ്രറി തുറന്നു പ്രവര്‍ത്തിക്കില്ല.

  ആളുകളുടെ ക്ഷേമവും സുരക്ഷയും മുന്‍നിര്‍ത്തി അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീട്ടുകയാണെന്ന് ജെ എന്‍ യു ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ക്യാമ്പസിലേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങളെയും യാത്രക്കാരെയും കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കടത്തിവിടാവൂ എന്ന് സര്‍വകലാശാല സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷോപ്പിങ് കോംപ്ലക്സ്, തപ്തി, പശ്ചിമാബാദ്, പൂര്‍വാഞ്ചല്‍ കോംപ്ലക്സുകള്‍ എന്നിവിടങ്ങളിലെ കടകള്‍ക്കും ക്യാമ്പസിനകത്ത് ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന മറ്റു കടകള്‍ക്കും എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.
  Published by:Jayashankar AV
  First published: