ഇന്റർഫേസ് /വാർത്ത /Career / അൺ എയ്ഡഡ് മേഖലയിൽ പ്ലസ് വൺ സീറ്റ് വർധിപ്പിക്കുന്നത് പരിഗണനയിൽ : മന്ത്രി വി ശിവൻകുട്ടി

അൺ എയ്ഡഡ് മേഖലയിൽ പ്ലസ് വൺ സീറ്റ് വർധിപ്പിക്കുന്നത് പരിഗണനയിൽ : മന്ത്രി വി ശിവൻകുട്ടി

മന്ത്രി വി ശിവൻകുട്ടി

മന്ത്രി വി ശിവൻകുട്ടി

സർക്കാർ മേഖലയിൽ ആവശ്യമെങ്കിൽ സീറ്റ് വർധിപ്പിക്കുന്നത് പരിഗണിക്കും. പ്രവേശനം ആഗ്രഹിക്കുന്ന മുഴുവൻ പേർക്കും സീറ്റ് ഉറപ്പാക്കും.

  • Share this:

തിരുവനന്തപുരം:പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ബുധനാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമം രൂക്ഷമാണെന്ന വിവരം പുറത്തുവന്നത്. പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സീറ്റ് ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. നിലവില്‍ അപേക്ഷ നല്‍കിയ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാനുള്ള സീറ്റുകളുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സീറ്റ് വര്‍ധിപ്പിക്കുന്നതും പരിഗണനയിലുണ്ട്. അണ്‍ എയ്ഡഡ് മേഖലയില്‍ സീറ്റ് വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട്.

സര്‍ക്കാര്‍ മേഖലയ്ക്ക് ആനുപാതികമായിട്ടാകും അണ്‍ എയ്ഡഡ് മേഖലയിലും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുക. എന്നാല്‍ മാനേജ്‌മെന്റ്കളുടെ അപേക്ഷകള്‍ കൂടി പരിഗണിച്ച ശേഷം ആകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. സര്‍ക്കാര്‍ മേഖലയില്‍ ആവശ്യമെങ്കില്‍ സീറ്റ് വര്‍ധിപ്പിക്കുന്നത് പരിഗണിക്കും. രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് അടുത്ത മാസം ഏഴിന് പ്രസിദ്ധീകരിക്കും. ഇതിനുശേഷം ഏതെങ്കിലും ജില്ലയില്‍ സീറ്റ് ക്ഷാമം നേരിട്ടാല്‍ അത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകും. പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും.ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ സീറ്റ് ആഗ്രഹിച്ച മുഴുവന്‍ പേര്‍ക്കും പ്രവേശനം ലഭ്യമാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

നേരത്തെ തന്നെസംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളുടെ ക്ഷാമം രൂക്ഷമാണെന്ന ആക്ഷേപം ശക്തമായിരുന്നു. ഇക്കാര്യം പ്രതിപക്ഷം അടക്കം നിയമസഭയില്‍ ശക്തമായി ഉന്നയിച്ചിരുന്നു.എന്നാല്‍ അപേക്ഷിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാകുന്ന വിധത്തില്‍ സീറ്റ് ലഭ്യത  ഉറപ്പാക്കിയിട്ടുണ്ടെന്നായിരുന്നുസര്‍ക്കാരിന്റെ അവകാശവാദം.

ഇതിനെ ഖണ്ഡിക്കുന്ന കണക്കുകളാണ് ബുധനാഴ്ച പുറത്തുവന്നത്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ 2,18,418 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം ലഭിച്ചത്. ആകെ 4,65219 പേര്‍ അപേക്ഷിച്ചപ്പോഴാണ് 2,18,418 പേര്‍ക്ക് സീറ്റ് ലഭ്യമായത്. മെറിറ്റില്‍ ഇനി ബാക്കിയുള്ളതാകട്ടെ 52,700 സീറ്റുകളും. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് എസ്എസ്എല്‍സി വിജയിച്ച കുട്ടികളുടെ എണ്ണത്തിലും മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായതാണ് സീറ്റ് പ്രതിസന്ധിക്ക് കാരണം. മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും വീടിനടുത്തുള്ള സ്‌കൂളില്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യമാണുള്ളത്.മലബാര്‍ ജില്ലകളിലാണ് സീറ്റ് ക്ഷാമം രൂക്ഷം. പ്രത്യേകിച്ച്മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഏറ്റവും കൂടുതല്‍ സീറ്റ് ക്ഷാമം നേരിടുന്നത്.

അതേസമയം പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടികള്‍ വ്യാഴാഴ്ച ആരംഭിച്ചു. ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള നടപടികള്‍ രാവിലെ ഒമ്പതിനും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള നടപടികള്‍ പത്തുമണിക്കുമാണ് ആരംഭിച്ചത്. ബുധനാഴ്ച ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിന് കോവിഡ് സാഹചര്യത്തില്‍ സ്‌കൂളുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസം ഒന്നാം തീയതി വരെയാണ് ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റിലുള്ളവരുടെ പ്രവേശനം നടക്കുക.

First published:

Tags: Admission, Minister V Sivankutty, Plus One Allotment