2022ലെ തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ (theory and practical examinations) ഓഫ്ലൈന് മോഡില്‍ (offline mode) നടത്തുമെന്ന് മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സര്‍വകലാശാല (Nagpur University) ഏതാനും ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു. എന്നാൽ ഇതിനെ തുടർന്ന് വിദ്യാര്‍ത്ഥികൾ (students) പ്രതിഷേധവുമായി (protest) രംഗത്ത്. യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിലെ നിരവധി അധ്യാപകരും പ്രിന്‍സിപ്പല്‍മാരും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ പിന്തുണച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും കോളേജുകളില്‍ ഓഫ്ലൈന് ക്ലാസുകള്‍ (offline class) പുനഃരാരംഭിച്ചിട്ടില്ലെന്നും ഇപ്പോഴും ഓണ്‍ലൈന്‍ അധ്യാപനമാണ് താത്പര്യപ്പെടുന്നതെന്നും പറയുന്നു. പലരും കോവിഡ് 19 വ്യാപനത്തെക്കുറിച്ചുള്ള ആശങ്കയിലാണ്.
കോഴ്സുകളിലെ മുഴുവന്‍ ക്ലാസുകളും ഓണ്‍ലൈന്‍ വഴിയാണ് നടന്നതെന്നും പരീക്ഷകളും ഇതേ രീതിയില്‍ തന്നെ നടത്തണമെന്നും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും രോഗം പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ വൈറസ് ബാധിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാർത്ഥികളിൽ പലര്‍ക്കും ഇതുവരെ വാക്സിനേഷന്റെ ആദ്യത്തെ അല്ലെങ്കില്‍ രണ്ടാമത്തെ ഡോസ് ലഭിച്ചിട്ടില്ലെന്നും ഇത് കൊറോണ വൈറസ് അണുബാധയ്ക്ക് കാരണമാകുമെന്നും അവര്‍ പറയുന്നു.
ഓഫ്ലൈന് മോഡില്‍ പരീക്ഷ നടത്തിയാൽ പരീക്ഷാര്‍ത്ഥികള്‍ക്ക് ഗതാഗതവും താമസവും വലിയ പ്രശ്നമാകുമെന്ന് വിദ്യാർത്ഥികളുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് മഹാരാഷ്ട്ര സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് (MSWA) പ്രസിഡന്റ് വൈഭവ് എഡ്കെ പറഞ്ഞു. പകരം, തിയറിയും മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള സര്‍വ്വകലാശാല ബ്ലെന്‍ഡഡ് മോഡ് സ്വീകരിക്കണം. പല കോളേജുകളും ഇപ്പോഴും ഓണ്‍ലൈന്‍ മോഡില്‍ പഠിപ്പിക്കുന്നതിനാല്‍ ഓഫ്ലൈന് പേപ്പറുകള്‍ക്കായി കുറഞ്ഞത് 50% സിലബസ് കുറയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുറത്തുനിന്നുള്ള ചില വിദ്യാര്‍ത്ഥികളും ഇക്കാര്യത്തില്‍ പരാതിപ്പെട്ടിട്ടുണ്ട്. ''പൊതുഗതാഗതം കോവിഡിന് മുമ്പുള്ള നിലയിലേക്ക് മാറിയിട്ടില്ലാത്തതിനാല്‍ സ്വന്തം നാട്ടിൽ നിന്ന് നാഗ്പൂരിലേക്ക് യാത്ര ചെയ്യുമ്പോള്‍ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും'' വിദ്യാര്‍ത്ഥികള്‍ പറയുന്നു. ''ഉള്‍പ്രദേശങ്ങളില്‍ ലോഡ് ഷെഡിംഗിനൊപ്പം ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും ഒരു പ്രധാന പ്രശ്നമാണ്. അതുകൊണ്ട് തന്നെ പല വിദ്യാര്‍ത്ഥികള്‍ക്കും പൂർണമായും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ പോലും കഴിഞ്ഞില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ തിയറി പരീക്ഷകൾ എഴുതുമ്പോൾ അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും''
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, ഓഫ്ലൈന് മോഡില്‍ പരീക്ഷകള്‍ നടത്താനാണ് സര്‍വകലാശാല തീരുമാനിച്ചിരിക്കുന്നത്. അടിസ്ഥാന യാഥാര്‍ത്ഥ്യം പരിഗണിക്കാതെ ഓഫ്ലൈന് പരീക്ഷകള്‍ക്കായി നാഗ്പൂര്‍ സര്‍വകലാശാല തിടുക്കം കൂട്ടുകയാണെന്ന് വിവിധ കോളേജുകളിലെ അധ്യാപകരും പ്രിന്‍സിപ്പൽമാരും ആരോപിച്ചു. ''ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയും മൂല്യനിര്‍ണ്ണയം നടത്തുകയും ഫലങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യേണ്ട ഓഫ്ലൈന് പരീക്ഷകളാണ് സര്‍വകലാശാല ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത് സാധ്യമല്ല, പ്രത്യേകിച്ച് മതിയായ അധ്യാപക-അനധ്യാപക ജീവനക്കാരുടെ അഭാവത്തില്‍. വിദ്യാര്‍ത്ഥികൾക്ക് ഓഫ്ലൈന് പരീക്ഷകള്‍ നിര്‍ബന്ധമാക്കുന്നതിന് മുമ്പ് കോവിഡ് കേസുകള്‍ ഇനിയും കുറയുന്നത് വരെ കാത്തിരിക്കേണ്ടതായിരുന്നുവെന്നും'' അധ്യാപകർ കൂട്ടിച്ചേർത്തു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.