എൻസിഇആർടി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി (സിഐഇടി) എന്നിവ സംയുക്തമായി വിദ്യാഭ്യാസ സാങ്കേതികവിദ്യയിലെ ഗവേഷണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഓൺലൈൻ കോഴ്സ് ആരംഭിച്ചു. ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ അധ്യാപകരെ പ്രാപ്തരാക്കുന്നതിനും അവരുടെ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതിനുമാണ് കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. താത്പര്യമുള്ളവർക്ക് ജൂലൈ 20 വരെ എൻസിആർടിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി കോഴ്സിന് അപേക്ഷിക്കാം.
ജില്ലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ആന്റ് ട്രെയിനിംഗ് (ഡഐഇടി), സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് (SCERT), സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ (SIEs) എന്നിവയിൽ ജോലി ചെയ്യുന്ന പ്രാഥമിക തലത്തിലുള്ള അധ്യാപകർക്കായി രണ്ട് ക്രെഡിറ്റ് കോഴ്സാണ് നിലവിലുള്ളത്.
ക്ലാസുകളിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് കമ്പ്യൂട്ടറുകളെക്കുറിച്ചുള്ള പ്രവർത്തന പരിജ്ഞാനം ആവശ്യമാണ്. ക്ലാസുകളിൽ പങ്കെടുക്കുന്നവർക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം ഉണ്ടായിരിക്കണം. ക്ലാസുകളിലെ സംഭാഷണങ്ങൾ തടസ്സമില്ലാതെ നടത്തുന്നതിനായി വെബ്ക്യാം ഹെഡ്ഫോൺ എന്നിവ എങ്ങനെ ഉപയോഗിക്കാമെന്നും അവർ അറിഞ്ഞിരിക്കണം.
ഏഴ് ആഴ്ച ദൈർഘ്യമുള്ള കോഴ്സിന് അഞ്ച് മൊഡ്യൂളുകൾ ഉണ്ടാകും. ഓരോ മൊഡ്യൂളിനും ഒരാഴ്ച നൽകും. അവസാന ആഴ്ചയിൽ അധ്യാപകരെ അസസ്മെന്റും ഇവാലുവേഷനും നടക്കും. ആഴ്ചയിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ചർച്ചകളും ഉണ്ടാകും.
പ്രവർത്തന ഗവേഷണത്തിൽ ഇൻ-സർവീസ് ടീച്ചർ പ്രൊഫഷണൽ ഡെവലപ്മെന്റ് (ഐടിപിഡി) നടത്താൻ അധ്യാപകരെ സഹായിക്കുകയാണ് കോഴ്സ് ലക്ഷ്യമിടുന്നത്. പ്രവർത്തന ഗവേഷണ പ്രക്രിയയിലെ ആശയങ്ങളെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങളാണ് കോഴ്സിൽ പഠിപ്പിക്കുന്നത്. ക്ലാസിൽ പങ്കെടുക്കുന്നവർ അവരവരുടെ തൊഴിൽ മേഖലകളിലെ പ്രവർത്തന ഗവേഷണത്തെക്കുറിച്ചുള്ള ഒരു നിർദ്ദേശവും തയ്യാറാക്കേണ്ടതുണ്ട്.
അതേസമയം, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ (ഇഎംആർഎസ്) അക്കാദമിക മികവ് വർദ്ധിപ്പിക്കുന്നതിനായി ആദിവാസി കാര്യ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള 120 ഇഎംആർഎസ് അദ്ധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും സ്കൂൾ മേധാവികൾക്കുമുള്ള ദേശീയ പരിശീലനമായ നിഷ്ഠ എൻസിഇആർടി നേരത്തെ പൂർത്തിയായിരുന്നു. 40 ദിവസമായിരുന്നു ഇതിന്റെ ദൈർഘ്യം.
അധ്യാപകർക്കും സ്കൂൾ പ്രിൻസിപ്പൽമാർക്കും ഇടയിൽ കഴിവുകൾ വളർത്തിയെടുക്കാനും സംയോജിത അധ്യാപക പരിശീലനത്തിലൂടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനും ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് എൻസിആർടിയുടെ ഈ ദേശീയ പ്രോഗ്രാം സംഘടിപ്പിച്ചത്.
രാജ്യത്ത് മൊത്തം 350 ഇ.എം.ആർ.എസ് സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. ഹിമാചൽ പ്രദേശ്, മധ്യ പ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലുള്ളവർക്കാണ് പരിശീലനം സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലാണ് ഇവർക്ക് പരിശീലനം നൽകിയത്. അടിസ്ഥാന പഠന വിഷയങ്ങൾക്ക് പുറമേ ലിംഗസമത്വം, പോക്സോ നിയമം, തുടങ്ങിയ വിവിധ സാമൂഹിക വിഷയങ്ങളിലും ഇവർക്ക് എൻസിഇആർടി പരിശീലനം നൽകിയിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.