ഇന്ത്യന്‍ റെയില്‍വേയില്‍ (Indian Railway) മൂന്ന് ലക്ഷത്തോളം ഒഴിവുകളുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ എന്‍ടിപിസി പരീക്ഷകള്‍ മാറ്റിവച്ച് ഒരു മാസത്തിന് ശേഷമാണ് ഇന്ത്യന്‍ റെയില്‍വേയില്‍ നിരവധി ഒഴിവുകള്‍ ഉണ്ടെന്ന് മന്ത്രി ബുധനാഴ്ച വ്യക്തമാക്കിയത്. ഇന്ത്യന്‍ റെയില്‍വേയില്‍ ആകെ 2,98,428 ഒഴിവുകള്‍ ഉണ്ടെന്നാണ്ലോക് സഭയിലെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
കൂടാതെ, എന്‍ടിപിസി, ഗൂപ്പ് ഡി പരീക്ഷകളുടെ നിലവിലെ പ്രതിസന്ധി കേന്ദ്രം പരിഹരിച്ചതായുംഅശ്വിനി വൈഷ്ണവ് പറഞ്ഞു. റിക്രൂട്ട്മെന്റ് നടപടികള്‍ പുരോഗമിക്കുകയാണെന്നും ബോര്‍ഡ് നിലവില്‍ 1.14 ലക്ഷം ഒഴിവുകള്‍ നികത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം മറുപടിയില്‍ പറഞ്ഞു.
ഈ വര്‍ഷം ജനുവരിയില്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേയ്ക്ക് എന്‍ടിപിസി, ലെവല്‍ 1 കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ മാറ്റിവയ്ക്കേണ്ടി വന്നു. റെയില്‍വേയിലും ബാങ്ക് പരീക്ഷ പോലെയുള്ള കേന്ദ്രീകൃത പരീക്ഷാ സംവിധാനം വേണമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. റിക്രൂട്ട്മെന്റ് നടപടികളില്‍ റെയില്‍വേ ബോര്‍ഡ് ക്രമക്കേടുകള്‍ നടത്തിയെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് വിവിധ തസ്തികകളിലേക്ക് കൃത്യമായ ഇടവേളകളില്‍ ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റുകള്‍ നടത്തുന്നുണ്ടെന്നും പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തേണ്ടതില്ലെന്നും അശ്വിനി വൈഷ്ണവ് സഭയെ അറിയിച്ചു. ലെവല്‍ 1 മുതല്‍ ലെവല്‍ 7 വരെ, പട്ടികജാതിക്കാരുടെ 20,944 ഒഴിവുകളും പട്ടികവര്‍ഗക്കാരുടെ 10,930 ഒഴിവുകളും ഉള്‍പ്പെടെ 1.41 ലക്ഷം ഒഴിവുകളിലേക്കാണ് ബോര്‍ഡ് നിയമനം നടത്തുന്നത്.
ഇന്ത്യന്‍ റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ലോക്സഭയിലെ പ്രസംഗത്തില്‍ മന്ത്രി നല്കി. ദേശീയ ഗതാഗത സംവിധാനം സ്വകാര്യവല്ക്കരിക്കുന്നത്തിനുള്ള പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ''ഇന്ത്യന്‍ റെയില്‍വേ ഇന്ത്യന്‍ സര്‍ക്കാരിന്റെതാണ്, അത് സ്വകാര്യവല്ക്കരിക്കാന് കഴിയില്ല,'' മന്ത്രി കൂട്ടിച്ചേര്‍ത്തു.
''റെയില്‍വേ സ്റ്റേഷനുകള്‍, റെയില്‍വേ ട്രാക്കുകള്‍, സിഗ്നല്‍ സംവിധാനം, ട്രെയിന്‍ കോച്ചുകള്‍ എല്ലാം ഇന്ത്യാ ഗവണ്‍മെന്റിന്റെതാണ്. റെയില്‍വേ സ്വകാര്യവത്കരിക്കാന്‍ പദ്ധതിയില്ല. റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്ന് പീയൂഷ് ഗോയല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്'' എന്നും അദ്ദേഹം വിശദീകരിച്ചു.
റെയില്‍വേ മന്ത്രാലയത്തിന്റെ 2022-23 വര്‍ഷത്തേ ഗ്രാന്റുകള്‍ക്കായുള്ള ആവശ്യങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചക്ക് ലോക്സഭയില്‍ മറുപടി പറയുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ചര്‍ച്ചകള്‍ക്ക് ശേഷം ഗ്രാന്റുകള്‍ ലോക് സഭ ശബ്ദവോട്ടോടെ പാസാക്കി. യാത്രാക്കൂലിയില്‍ 60,000 കോടി രൂപ സബ്സിഡി നല്‍കുമെന്ന് വ്യക്തമാക്കി മന്ത്രി റെയില്‍വേ സാമൂഹിക ബാധ്യതകള്‍ നിറവേറ്റുന്നത് തുടരുമെന്നും അറിയിച്ചു.
മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാത സംബന്ധിച്ചും അദ്ദേഹം മറുപടി പറഞ്ഞു. ഗുജറാത്ത് സോണില്‍ 99.7 ശതമാനം ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. 750 തൂണുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. പ്രതിമാസം എട്ടു കിലോമീറ്റര്‍ എന്ന രീതിയിലാണ് പദ്ധതി പുരോഗമിക്കുന്നത്. ഇത് പ്രതിമാസം 10 കിലോമീറ്ററായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.