• HOME
  • »
  • NEWS
  • »
  • career
  • »
  • Suriya | സ്വന്തം ജീവനേക്കാളും ജീവിതത്തേക്കാളും വലുതല്ല NEET പരീക്ഷ; വീഡിയോ സന്ദേശവുമായി തമിഴ് നടൻ സൂര്യ

Suriya | സ്വന്തം ജീവനേക്കാളും ജീവിതത്തേക്കാളും വലുതല്ല NEET പരീക്ഷ; വീഡിയോ സന്ദേശവുമായി തമിഴ് നടൻ സൂര്യ

നീറ്റ് പോലുള്ള പ്രവേശന പരീക്ഷകള്‍ക്കപ്പുറം നിരവധി കാര്യങ്ങള്‍ ജീവിതത്തില്‍ നേടാനുണ്ടെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

  • Share this:
നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ (NEET) സമ്മര്‍ദ്ദത്താല്‍ ബുദ്ധിമുട്ടുന്ന തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോയിലൂടെ ബോധവല്‍ക്കരണം എന്ന പോലെ സന്ദേശം നല്‍കുകയാണ് തമിഴ് നടന്‍ സൂര്യ ശിവകുമാര്‍. പരീക്ഷകള്‍ക്കും മാര്‍ക്കിനും വേണ്ടി ജീവിതം അവസാനിപ്പിക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍, താരം തന്റെ വിദ്യാര്‍ത്ഥി ദിനങ്ങളും അദ്ദേഹം നേടിയ കുറഞ്ഞ മാര്‍ക്കുകളും ഓര്‍ത്തെടുത്തു. പരീക്ഷകളും മാര്‍ക്കും മാത്രല്ല ജീവിതം ഉണ്ടാക്കുന്നതെന്ന് നടന്‍ സൂര്യ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
നീറ്റ് 2021 ലെ പരാജയ ഭീതിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് നടന്‍ ഇത്തരത്തിലൊരു വീഡിയോ സന്ദേശവുമായി വരുന്നത്.

നീറ്റ് പോലുള്ള പ്രവേശന പരീക്ഷകള്‍ക്കപ്പുറം നിരവധി കാര്യങ്ങള്‍ ജീവിതത്തില്‍ നേടാനുണ്ടെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ജീവിതത്തില്‍ ആത്മവിശ്വാസവും ധൈര്യവും പുലര്‍ത്തണമെന്ന് സൂര്യ അവരോട് അഭ്യര്‍ത്ഥിച്ചു. ഏത് വിഷമവും പ്രയാസവും നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന, വിശ്വസിക്കുന്ന ഒരാളോട് സംസാരിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അത് നിങ്ങളുടെ ഏത് വേദനയും പ്രയാസവും മറികടക്കാന്‍ നിങ്ങളെ സഹായിക്കുമെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

'ഈ വേദനയും ഭയവും ചുരുങ്ങിയ സമയത്തിനുള്ളില്‍ അപ്രത്യക്ഷമാകും. നിങ്ങളുടെ മാതാപിതാക്കള്‍ക്കും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും നിങ്ങള്‍ നല്‍കുന്ന ആജീവനാന്ത ശിക്ഷയാണ് ജീവിതം അവസാനിപ്പിക്കാനായി നിങ്ങളെടുക്കുന്ന തീരുമാനം,'' സൂര്യ വീഡിയോയില്‍ പറഞ്ഞു.

നീറ്റ് പ്രവേശന പരീക്ഷ നിര്‍ത്തലാക്കുന്നതിനുള്ള നിയമ പോരാട്ടം തുടരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 13 ന് സംസ്ഥാന സര്‍ക്കാര്‍ നീറ്റ് റദ്ദാക്കുന്നതിനും 12 -ാം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനത്തിന് വഴിയൊരുക്കുന്നതിനുമായി ഒരു ബില്‍ പാസാക്കിയിരുന്നു. എന്നിരുന്നാലും, ബില്ലിന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. അംഗീകാരം ലഭിച്ചാലുടന്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

നീറ്റ് 2021 ഫലങ്ങളുടെ സമ്മര്‍ദ്ദം നേരിടാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ ഇതിനോടകം തന്നെ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറായ '104' ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 15-നാണ് കൗണ്‍സിലിംഗ് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചത്. കുട്ടികളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ മുഖ്യമന്ത്രി മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷാസമ്മര്‍ദ്ദം ചെലുത്തുന്നതിനു പകരം വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2013 ല്‍ നീറ്റ് നിലവില്‍ വരുന്നതിനുമുമ്പ്, 12-ാം ക്ലാസിലെ മാര്‍ക്കിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട്-നിര്‍ദ്ദിഷ്ട പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലായിരുന്നു തമിഴ്നാട്ടില്‍ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം നടത്തിയിരുന്നത്.

എല്ലാ കേന്ദ്ര, സംസ്ഥാന കോളേജുകളിലെ പ്രവേശനങ്ങള്‍ക്കുമായി അഖിലേന്ത്യാ പ്രീ-മെഡിക്കല്‍ പ്രവേശന പരീക്ഷ (AIPMT) മാറ്റി പകരം നീറ്റ് പരീക്ഷാ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നതിനെ എതിര്‍ത്ത സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. നീറ്റില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും എല്ലാം നിരസിക്കപ്പെട്ടു.
Published by:Jayashankar AV
First published: