• HOME
 • »
 • NEWS
 • »
 • career
 • »
 • National Exit Test | നീറ്റ് പിജി പരീക്ഷയ്ക്ക് പകരം ഇനി 'നെക്സ്റ്റ്'; അടുത്ത വർഷം മുതൽ നടപ്പിലാക്കാൻ ആലോചന

National Exit Test | നീറ്റ് പിജി പരീക്ഷയ്ക്ക് പകരം ഇനി 'നെക്സ്റ്റ്'; അടുത്ത വർഷം മുതൽ നടപ്പിലാക്കാൻ ആലോചന

2023 ബാച്ച് മുതല്‍ നെക്‌സ്റ്റ് പരീക്ഷ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

 • Share this:
  ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്ത് (indian education) വലിയ മാറ്റങ്ങളാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. വിവിധ പരീക്ഷ (examinations) ചോദ്യപേപ്പറിലും നടത്തിപ്പിലും ഒക്കെ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. വിവിധ ദേശീയ സര്‍വ്വകലാശാലകളുടെ യുജി കോഴ്‌സുകളിലേയ്ക്ക് (UG courses) സിയുഇറ്റി അഥവാ പൊതുപരീക്ഷ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ പ്രവേശന പരീക്ഷയിലും (medical entrance exam) മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. നീറ്റ് (NEET) പരീക്ഷയ്ക്ക് പകരം നെക്സ്റ്റ് (നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് - NExT) നടപ്പിലാക്കാൻ പോകുന്നു എന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

  രാജ്യത്തെ എംബിബിഎസ് (MBBS) വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നത് ഈ പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. വിവിധ മെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്കും മെഡിക്കല്‍ പിജി കോഴ്‌സുകളിലേയ്ക്കുമുള്ള പ്രവേശനത്തിനും നെക്സ്റ്റ് പരീക്ഷ പരിഗണിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ബാച്ച് മുതല്‍ നെക്‌സ്റ്റ് പരീക്ഷ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ' നെക്സ്റ്റ് പരീക്ഷ കൊണ്ടു വന്നാല്‍ മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ ആവശ്യം ഇല്ലാതാകും. വിവിധ ആവശ്യങ്ങള്‍ക്കുള്ള പൊതുപരീക്ഷ ആയിട്ടായിരിക്കും നെക്സ്റ്റ് പരീക്ഷ നടപ്പിലാക്കുക' മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് വ്യക്തമാക്കി.

  2023ല്‍ പരീക്ഷ നടത്താനാണ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സസിന്റെ നിലവിലെ ആലോചന. പക്ഷേ, ഒരുക്കങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്. മറ്റൊരു ഏജന്‍സിയെക്കൊണ്ട് പരീക്ഷ നടത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. യഥാര്‍ത്ഥ പരീക്ഷയ്ക്ക് മുന്‍പായി എന്‍ബിഇ തന്നെ മാതൃക പരീക്ഷ നടത്തുന്നതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ ഘടന മനസ്സിലാക്കുന്നതിന് വേണ്ടിയാണിത്. ഒപ്പം വിദ്യാര്‍ത്ഥികളുടെ പരീക്ഷാ സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.

  2020ലാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നെക്സ്റ്റ് പരീക്ഷ എന്ന ആശയം മുന്നോട്ട് വെയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതിന്റെ വിശകലന യോഗം കൂടുകയും ചെയ്തിരുന്നു. ദേശീയ ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പുതിയ പരീക്ഷ സമ്പ്രദായത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ' ഇന്ത്യയ്ക്ക് അകത്ത് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും വിദേശത്ത് നിന്നുള്ളവര്‍ക്കും ഈ പരീക്ഷ ഒരുപോലെ ബാധകമാണ്. അതുകൊണ്ട് തന്നെ വിദേശ മെഡിക്കല്‍ വിദ്യാഭ്യാസം നേടിയവര്‍ക്കും ഇനി മുതല്‍ കാര്യങ്ങള്‍ എളുപ്പമാകും' മന്ത്രി പറഞ്ഞു. വലിയ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ അടക്കം പ്രവേശനത്തിന് ഈ പരീക്ഷയുടെ ഫലം ബാധകമാകും.

  ഇന്ത്യയിലുടനീളം എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്ക് പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) നടത്തുന്ന മത്സരപരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (NEET). ഇത്തവണത്തെ പരീക്ഷ ജൂലൈ 17ന് നടക്കും. 15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പ്രവേശന പരീക്ഷ എഴുതുന്നത്. നീറ്റ് പരീക്ഷയ്ക്ക് ഇനി ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍, വിദ്യാര്‍ത്ഥികള്‍ കഠിന പ്രയത്നം നടത്തുകയാണ്.

  റിവിഷനുകള്‍, 11, 12 ക്ലാസുകളിലെ NCERT സിലബസ്, മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തി ഒരു സ്റ്റഡി പ്ലാന്‍ ആദ്യം തയ്യാറാക്കണം. ബയോളജി റിവിഷന്‍ ചെയ്യാന്‍ പ്രത്യേകം ഓര്‍മ്മിക്കുക. കാരണം അത് നിങ്ങളുടെ മാര്‍ക്ക് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അവസാന മാസത്തില്‍ പുതിയ അധ്യായങ്ങളൊന്നും പഠിക്കാന്‍ സമയം കളയരുത്. ടൈം മാനേജ്‌മെന്റ് മനസിലാക്കാന്‍ കഴിയുന്നത്ര മോക്ക് ടെസ്റ്റുകള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ പഠിച്ച വിവരങ്ങള്‍ ഓര്‍ത്തു വയ്ക്കുന്നതിന് ദിവസവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങുക.
  Published by:Sarath Mohanan
  First published: