മെഡിക്കല്‍ കോഴ്സ് പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ (നീറ്റ്) ഫലത്തെ തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തെ നേരിടാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് ടോള്‍ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 104 ആരംഭിച്ച് തമിഴ്നാട് സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നുവെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ വരുന്നതിന്റെ അടിസ്ഥാനത്തിലാണ് സെപ്റ്റംബര്‍ 15 ന് സര്‍ക്കാര്‍ കൗണ്‍സിലിംഗ് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചത്.
ചെന്നൈയില്‍ മാത്രം, 40 മനോരോഗവിദഗ്ദ്ധരും മനശാസ്ത്രജ്ഞരും അടങ്ങുന്ന ഒരു പ്രത്യേക ടീമിനെ പരീക്ഷാ ഫലങ്ങളുടെ സമ്മര്‍ദ്ദം നേരിടുന്നതില്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാനായി നിയോഗിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ തിടുക്കത്തില്‍ തീരുമാനങ്ങളെടുക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ആവശ്യപ്പെട്ടു. ആവശ്യമുള്ളപ്പോള്‍ വിദഗ്ധരുടെ സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളോട് കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ട മുഖ്യമന്ത്രി, വിദ്യാര്‍ത്ഥികളില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷ സമ്മര്‍ദ്ദം ചെലുത്തുന്നതിനുപകരം ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പറഞ്ഞു.
ഈ പദ്ധതിയെക്കുറിച്ച് സംസാരിച്ച ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്, വിദ്യാര്‍ത്ഥികള്‍ക്കു പുറമെ രക്ഷിതാക്കള്‍ക്കും പൊതുവെ സമൂഹത്തിനും കൗണ്‍സിലിംഗ് ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. ഇതിനായി ഈ വര്‍ഷം നീറ്റിന് ഹാജരായ 1.11 ലക്ഷം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ശേഖരിച്ചു. ഫോണിലൂടെ കൗണ്‍സിലിംഗിനായി അവരെ സമീപിച്ചു. സെപ്റ്റംബര്‍ 12 ന് നീറ്റ് അവസാനിച്ചതിനുശേഷം, പ്രവേശന പരീക്ഷയുടെ സമ്മര്‍ദ്ദം മൂലം മൂന്ന് തമിഴ്നാട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യവകുപ്പ് കൗണ്‍സിലിംഗ് നല്‍കിയിട്ടുണ്ട്. ആത്മഹത്യാ പ്രവണതയുള്ള മൂന്ന് വിദ്യാര്‍ത്ഥികളെയെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയിട്ടുണ്ടെന്നും അവരെ നിരീക്ഷിച്ചുവെന്നും അധികൃതര്‍ പറയുന്നു. ഉപദേശവും കൗണ്‍സിലിംഗും തേടി കോള്‍ സെന്ററുകള്‍ക്ക് ദിവസേന 100 മുതല്‍ 200 വരെ കോളുകളെങ്കിലും ലഭിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. നീറ്റ് റദ്ദാക്കുമെന്ന് പ്രതിജ്ഞയെടുത്ത മുഖ്യമന്ത്രി സ്റ്റാലിന്, അത് പൂര്‍ണമായും നീക്കം ചെയ്യുന്നതിനുള്ള നിയമ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പറഞ്ഞു.
നീറ്റ് എഴുതുന്നതില്‍ നിന്ന് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരമായ ഇളവ് ആവശ്യപ്പെട്ട് തമിഴ്നാട് സംസ്ഥാന നിയമസഭ ബില്‍ പാസാക്കിയിരുന്നു. തമിഴ്നാട്ടിലെ ബിരുദ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം പന്ത്രണ്ടാം ക്ലാസില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നല്‍കുമെന്ന് ബില്ലില്‍ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, ബില്‍ വ്യവസ്ഥ നടപ്പിലാക്കുന്നതിന് ഇപ്പോഴും പ്രസിഡന്റിന്റെ അനുമതി ആവശ്യമാണ്. പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചാലും, അത് ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ പാര്‍ലമെന്റിന് അധികാരമുണ്ട്. നീറ്റ് പ്രവേശന പരീക്ഷ തമിഴ്നാട്ടിലെ മെഡിക്കല്‍ പ്രവേശനത്തെ എങ്ങനെ ബാധിച്ചു എന്ന പഠന റിപ്പോര്‍ട്ടും തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കി. നീറ്റ് പാവപ്പെട്ടവരെ അകറ്റിനിര്‍ത്തുകയും സമ്പന്നരായവര്‍ക്കു കൂടുതലായി സീറ്റുകള്‍ നല്‍കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.