ഒരു വിദ്യാർത്ഥിയ്ക്ക് യുകെയിൽ (UK) ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കുന്നതിന് സാധാരണയായി സ്റ്റുഡന്റ് വിസയോ (student visa) യുകെ ആസ്ഥാനമായുള്ള ഒരു സര്‍വ്വകലാശാലയില്‍ അഡ്മിഷനോ ആവശ്യമാണ്. എന്നാല്‍ ഇവയൊന്നും കൂടാതെ ഇനി നിങ്ങള്‍ക്ക് യുകെയിലേക്ക് (UK) പറക്കാം. യുകെയില്‍ നിന്നുള്ള ജോലി ഓഫറുകള്‍ (job offer) പോലും ഇനി ആവശ്യമില്ല. പുതിയ വിസ പ്രകാരം ലോകമെമ്പാടുമുള്ള മികച്ച സര്‍വകലാശാലകളിലും (top universities) കോളേജുകളിലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി യുകെ അവസരമൊരുക്കുകയാണ്.
ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗുകള്‍, ക്വാക്വരെല്ലി സൈമണ്ട്സ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്, വേള്‍ഡ് യൂണിവേഴ്സിറ്റി അക്കാദമിക് റാങ്കിംഗ് എന്നിവയില്‍ കുറഞ്ഞത് രണ്ടെണ്ണത്തിന്റെ ആദ്യ 50 ലിസ്റ്റില്‍ ഉള്‍പ്പെടുന്ന യൂണിവേഴ്സിറ്റിയിലോ കോളേജിലോ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ യുകെയിലേക്ക് വിസ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല്‍ കഴിവുകളുള്ള വ്യക്തികളെ യുകെയിലേക്ക് കൊണ്ടുവരാനാണ് ഈ നീക്കം. ഇപ്പോള്‍ പഠിച്ചിറങ്ങിയ ബിരുദധാരികള്‍ക്ക് മാത്രമല്ല, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബിരുദം നേടിയവര്‍ക്കും ഇത് ബാധകമായിരിക്കും. രാജ്യം പരിഗണിക്കാതെ ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഇത് ബാധകമാണ്.
ഇതുപ്രകാരം, ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷത്തേക്ക് വർക്ക് വിസ ലഭിക്കും. അതേസമയം പിഎച്ച്ഡി ഉള്ള വ്യക്തികള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് വർക്ക് വിസ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഈ വിസ മറ്റ് ദീര്‍ഘകാല തൊഴില്‍ വിസകളിലേക്ക് മാറാം, എന്നാല്‍, ഇതിനായുള്ള ആവശ്യകതകള്‍ അപേക്ഷകര്‍ കൃത്യമായി പാലിക്കണം. ഈ വിസ നല്കുന്ന ആളുകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചിട്ടില്ല.
വിസയ്ക്ക് 715 പൗണ്ടും ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും ഈടാക്കും. ബിരുദധാരികള്‍ക്ക് അവരുടെ കുടുംബത്തെയും യുകെയിലേക്ക് കൊണ്ടുവരാവുന്നതാണ്. എന്നാല്‍, അതിന് കുറഞ്ഞത് 1270 പൗണ്ട് മെയിന്റനന്‍സ് ഫണ്ട് ഉണ്ടായിരിക്കണം. വിസ ലഭിക്കുന്ന അപേക്ഷകര്‍ സുരക്ഷാ, ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധനയ്ക്ക് വിധേയരാകണം. കൂടാതെ ഇംഗ്ലീഷ് പ്രാവീണ്യത്തിൽ കുറഞ്ഞത് ബി1 ലെവൽ പാസായിരിക്കണം.
സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 2021-ലെ യോഗ്യതയുള്ള സര്‍വ്വകലാശാലകളുടെ പട്ടികയില്‍ ഹാര്‍വാര്‍ഡ്, യേല്‍, എംഐടി എന്നിവയുള്‍പ്പെടെ 20 യുഎസ് സര്‍വകലാശാലകള്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഹോങ്കോംഗ് യൂണിവേഴ്സിറ്റി, മെല്‍ബണ്‍ യൂണിവേഴ്സിറ്റി, പാരീസ് സയന്‍സസ് എറ്റ് ലെറ്റേഴ്സ് യൂണിവേഴ്സിറ്റി എന്നിവയുള്‍പ്പെടെ 17 സ്ഥാപനങ്ങള്‍ കൂടി ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, ദക്ഷിണേഷ്യന്‍, ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ സര്‍വകലാശാലകളൊന്നും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.
ഈ വിസയിലൂടെ അന്തര്‍ദേശീയ സര്‍വകലാശാലകള്‍ക്ക് റാങ്കുകള്‍ ഉയര്‍ത്താനും ഭാവിയില്‍ ഈ പട്ടികയില്‍ ഇടം നേടാനും അവസരമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. നിലവില്‍ യുകെയില്‍ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷം വരെ രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും സാധിക്കും. രണ്ട് വര്‍ഷം മുമ്പാണ് സ്റ്റുഡന്റ് വിസ സ്കീമില്‍ മാറ്റങ്ങള്‍ വരുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.