ഇന്റർഫേസ് /വാർത്ത /Career / News18 Exclusive | ഹാജർ നിർബന്ധമാക്കില്ല: ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലല്ല; കോളേജുകൾ നാളെ തുറക്കും; മന്ത്രി ആര്‍ ബിന്ദു

News18 Exclusive | ഹാജർ നിർബന്ധമാക്കില്ല: ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലല്ല; കോളേജുകൾ നാളെ തുറക്കും; മന്ത്രി ആര്‍ ബിന്ദു

മന്ത്രി ആര്‍ ബിന്ദു

മന്ത്രി ആര്‍ ബിന്ദു

കോവിഡ് സാഹചര്യത്തില്‍ പ്രത്യേക ക്രമീകരണങ്ങളാണ് കോളജുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

  • Share this:

തിരുവനന്തപുരം:  ഒന്നരവര്‍ഷം നീണ്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ കോളജുകളില്‍ അധ്യയനം ആരംഭിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ പ്രത്യേക ക്രമീകരണങ്ങളാണ് കോളജുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൗകര്യമില്ലാത്ത കോളേജുകളിൽ ബിരുദ ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടത്താനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പകുതി വീതം വിദ്യാര്‍ത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ ക്ലാസ് നടത്തണം. ക്ലാസുകള്‍ക്ക് സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. രാവിലെ എട്ടര മുതല്‍ ഒന്നര വരെ, ഒമ്പതു മുതല്‍ മൂന്നു വരെ, ഒമ്പതര മുതല്‍ മൂന്നര വരെ, പത്തുമുതല്‍ നാലു വരെ. ഇവയിലൊന്ന് തെരഞ്ഞെടുക്കാനുള്ള അധികാരം കോളേജ് കൗണ്‍സിലുകള്‍ക്കാണ്.

എന്നാൽ സൗകര്യമുള്ള കോളേജുകളിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലല്ലാതെ മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ച് ക്ലാസുകൾ നടത്താൻ അനുമതി നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ വിദ്യാർഥികൾ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നാണ് കർശന നിർദേശം. ആഴ്ചയില്‍ 25 മണിക്കൂര്‍ ക്ലാസ് എന്ന കണക്കില്‍ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടുത്തിയാണ് ടൈംടേബിള്‍ തയ്യാറാക്കിയിരിക്കുന്നത്.

എഞ്ചിനീയറിംഗ് കോളേജുകളില്‍ ദിവസേന 6 മണിക്കൂര്‍ ക്ലാസ് തുടരും. ബിരുദാനന്തര ബിരുദ തലത്തില്‍ മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളിച്ചാണ് ക്ലാസ്സുകള്‍ നടത്തുക. കോളേജുകളിലെ അണുനശീകരണവും ശുചീകരണ പ്രവർത്തനങ്ങളും പൂർത്തിയായി.

കോളേജുകളിൽ ഹാജർ നിർബന്ധമില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. ഒന്നരവർഷമായി വിദ്യാർഥികളെ സംബന്ധിച്ച് കലാലയജീവിതം എന്നാൽ വലിയ നഷ്ടമാണ്. അതിനാൽ ഹാജർ നിർബന്ധമാക്കി ഇല്ലെങ്കിലും വിദ്യാർത്ഥികൾ സ്വമേധയാ ക്ലാസ്സുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഈ മാസം 18 മുതൽ മുഴുവൻ ക്ലാസ്സുകളും ആരംഭിക്കാൻ തീരുമാനമെടുത്തിട്ടില്ല. കോളേജ് തുറന്നതിനു ശേഷമുള്ള സാഹചര്യം പരിശോധിച്ച് മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നുവെന്നും മന്ത്രി ന്യൂസ് 18 നോട് പറഞ്ഞു.

കോളേജ് ഹോസ്റ്റലുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വാക്‌സിനേഷന്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. സ്പെഷ്യൽ ഡ്രൈവിലൂടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വാക്സിനേഷൻ പൂർത്തിയാക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. നേരത്തെ സ്കൂളുകളിലും ആദ്യഘട്ടത്തിൽ ഹാജർ നിർബന്ധമാക്കില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

First published:

Tags: Higher Education Department, R Bindhu