നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Career Guidance:സംസാര-കേഴ്വിശേഷി കുറഞ്ഞവര്‍ക്കുള്ള കോഴ്സുകൾ നിഷിലുണ്ട്

  Career Guidance:സംസാര-കേഴ്വിശേഷി കുറഞ്ഞവര്‍ക്കുള്ള കോഴ്സുകൾ നിഷിലുണ്ട്

  Career Guidance: മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നതുപോലെയാണ് നമ്മുടെ സംസ്ഥാനത്ത് ചില സ്ഥാപനങ്ങളും കോഴ്സുകളും. സര്‍ക്കാരിനു കീഴിലുള്ള പല കോഴ്സുകള്‍ക്കും പ്രവേശനം തേടി ഇതര സംസ്ഥാനക്കാരെത്തുമ്പോള്‍ നമ്മള്‍ അതിര്‍ത്തി കടക്കുന്നു. ഫലമോ, താരതമ്യേന കുറഞ്ഞ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്നത് പുറംനാട്ടുകാര്‍. ഒട്ടുമിക്ക കോഴ്സുകളും കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലുണ്ട്... കേരളത്തിലെ ചില പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോഴ്സുകളെയും പരിചയപ്പെടുത്തുകയാണ് കരിയർ വിദഗ്ദ്ധൻ ജലീഷ് പീറ്റർ...

  ജലീഷ് പീറ്റർ

  ജലീഷ് പീറ്റർ

  • News18
  • Last Updated :
  • Share this:
   നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ് (നിഷ്)

   സംസാര-കേഴ്വിശേഷി കുറഞ്ഞവര്‍ക്കു മാത്രമായി ബിരുദ കോഴ്സുകള്‍ നടത്തുന്ന രാജ്യത്തെ ആദ്യസ്ഥാപനമാണ് നിഷ്. വ്യത്യസ്ത മേഖലകളില്‍ ഡിപ്ലോമ, ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകള്‍ ഇവിടെയുണ്ട്.

   കേഴ്വിയും സംസാരശേഷിയും കുറഞ്ഞവര്‍ക്ക് ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിനു കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്). സംസാര-കേഴ്വിശേഷി കുറഞ്ഞവര്‍ക്കു മാത്രമായി ബിരുദ കോഴ്സുകള്‍ രാജ്യത്ത് ആദ്യം ആരംഭിച്ചത് നിഷാണ്. വ്യത്യസ്തമേഖലകളില്‍ ഡിപ്ലോമ, ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകളും ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം കഴിഞ്ഞവരെ ഉപരിപഠനത്തിനു തയ്യാറാക്കുന്ന ഫൗണ്ടേഷന്‍ കോഴ്സുകളും നിഷ് നടത്തുന്നുണ്ട്.

   1. ബി എസ് സി (കംപ്യൂട്ടര്‍ സയന്‍സ്) എച്ച്.ഐ
   എട്ട് സെമസ്റ്ററുള്ള നാലുവര്‍ഷ കോഴ്സാണ് ഇത്. തിയറിയെക്കാളുപരി പ്രായോഗിക പഠനത്തിന് മുന്‍ഗണന നല്‍കുന്നതാണ് പാഠ്യപദ്ധതി. കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോഴ്സാണ്. ഹയര്‍ സെക്കണ്ടറിയോ തത്തുല്യപരീക്ഷയോ വിജയിച്ച എച്ച്.ഐ. (Hearing Impaired) വിഭാഗക്കാര്‍ക്കാണ് പ്രവേശനം. 30 സീറ്റാണുള്ളത്. സെമസ്റ്ററിന് 5000 രൂപയാണ് ഫീസ്. 2000 രൂപ കോഷന്‍ ഡിപ്പോസിറ്റുമുണ്ട്.

   2. ബാച്ച്ലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (എച്ച്.ഐ)
   പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കുന്ന കോഴ്സ്, 10 സെമസ്റ്ററുകളിലായി അഞ്ചുവര്‍ഷമാണ്. കേരള സര്‍വകലാശാലയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഹയര്‍ സെക്കണ്ടറിയോ തത്തുല്യ പരീക്ഷയോ വിജയിച്ച എച്ച്.ഐ. വിഭാഗക്കാര്‍ക്കാണ് പ്രവേശനം. 30 സീറ്റാണുള്ളത്. സെമസ്റ്ററിന് 5000 രൂപയാണ് ഫീസ്. 2000 രൂപ കോഷന്‍ ഡിപ്പോസിറ്റുമുണ്ട്.

   3. ബാച്ച്ലര്‍ ഓഫ് കോമേഴ്സ് (എച്ച്.ഐ)
   എച്ച്.ഐ. വിഭാഗക്കാര്‍ക്ക് ബിസിനസ്, കോമേഴ്സ് രംഗത്ത് ശോഭിക്കാന്‍ കഴിയുന്ന നാലുവര്‍ഷ കോഴ്സാണിത്. കോമേഴ്സ്, സി. എസ്. ആര്‍. ഓര്‍ഗനൈസേഷണല്‍ സ്റ്റഡി, ഫീല്‍ഡ് റിപ്പോര്‍ട്ട് തുടങ്ങിയവയാണ് പാഠ്യവിഷയങ്ങള്‍. ഹയര്‍ സെക്കന്റണിയോ തത്തുല്യപരീക്ഷയോ വിജയിച്ചവര്‍ക്കാണ് പ്രവേശനം. 30 സീറ്റാണുള്ളത്. സെമസ്റ്ററിന് 5000 രൂപയാണ് ഫീസ്. 2000 രൂപ കോഷന്‍ ഡിപ്പോസിറ്റുമുണ്ട്.

   4. മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജി (എം.എ.എസ്.എല്‍.പി.)
   കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ബിരുദ കോഴ്സിന് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 10 പേര്‍ക്കാണ് പ്രവേശനം. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജിയില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. നാലു സെമസ്റ്ററാണ് കോഴ്സ് കാലാവധി. മെറിറ്റ് അടിസ്ഥാനത്തില്‍ രണ്ട് വിഭാഗമായി ഫീസ് വിഭജിച്ചിട്ടുണ്ട്. ഒന്നാം മെറിറ്റിലുള്ളവര്‍ക്ക് 1,90,000 രൂപയും 15,000 രൂപ കോഷന്‍ ഡിപ്പോസിറ്റും അടക്കണം. രണ്ടാം മെറിറ്റുലുള്ളവര്‍ക്ക് 2,80,000 രൂപയാണ് ഫീസ്.

   5. ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജി (ബി.എ.എസ്.എല്‍.പി.)
   കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ബിരുദ കോഴ്സിന് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ആശയവിനിമയശേഷി കുറഞ്ഞവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതാണ് കോഴ്സ്, ഇത് വിജയിക്കുന്നവര്‍ക്ക് ആശുപത്രികള്‍, സ്പെഷ്യല്‍ സ്‌കൂളുകള്‍, സ്പീച്ച് ആന്‍ഡ് ഹിയറിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കേഴ്വിശക്തി ഉപകരണനിര്‍മാണ വ്യവസായം തുടങ്ങിയ മേഖലകളില്‍ നിരവധി തൊഴില്‍സാധ്യതയുണ്ട്. വിദേശത്തും സ്വദേശത്തും ഉപരിപഠനത്തിനും പരിശീലനത്തിനും അവസരമുണ്ട്. പുതിയ അധ്യയനവര്‍ഷം മുതല്‍ നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഈ കോഴ്സിന് പ്രവേശനം ആഗ്രഹിക്കുന്നവര്‍ 2017-ലെ സീറ്റിനും അപേക്ഷിക്കണം. അതിന്റെ സ്‌കോര്‍നിഷിലേക്കുള്ള അപേക്ഷയില്‍ ചേര്‍ക്കുകയും വേണം. വരുന്ന മേയ് അവസാനവാരമായിരിക്കും പ്രവേശന ആരംഭിക്കുന്നത്. 28 പേര്‍ക്കാണ് പ്രവേശനം. നാല് വര്‍ഷമാണ് കോഴ്സ് കാലാവധി. ഇതില്‍ ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പാണ്. മെറിറ്റ് അടിസ്ഥാനത്തില്‍ രണ്ട് വിഭാഗമായി ഫീസ് വിഭജിച്ചിട്ടുണ്ട്. ഒന്നാം മെറിറ്റിലുള്ളവര്‍ക്ക് 42,000 രൂപ ട്യൂഷന്‍ ഫീയും 10,000 രൂപ കോഷന്‍ ഡിപ്പോസിറ്റും ആദ്യവര്‍ഷം 27,605 രൂപ സ്പെഷ്യല്‍ ഫീസും നല്‍കണം. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സ്പെഷ്യല്‍ ഫീസുണ്ട്. രണ്ടാം മെറിറ്റിലുള്ളവര്‍ക്ക് 81,750 ആണ് ട്യൂഷന്‍ ഫീസ്. ബാക്കിയെല്ലാം ഒന്നാം മെറിറ്റിലുള്ളവരുടേതു പോലെയാണ്.

   6. ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രെട്ടിങ് (ഡി ഐ എസ് എല്‍ ഐ)
   റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഡിപ്ലോമ കോഴ്സാണിത്. യോഗ്യരായ ആംഗ്യഭാഷാ വിദഗ്ധരെ സജ്ജരാക്കുകയെന്നതാണ് ലക്ഷ്യം. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റര്‍പ്രെട്ടര്‍മാരായി നിയമനം ലഭിക്കും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആര്‍ സി ഐ യാണ് നല്‍കുന്നത്. 20 പേര്‍ക്കാണ് പ്രവേശനം. ബിരുദമാണ് യോഗ്യത. 2016 നവംബര്‍ മുതലാണ് കോഴ്സ് ആരംഭിച്ചത്. 18,000 രൂപയാണ് ഫീസ്. ഒരു വര്‍ഷമാണ് കാലാവധി.

   7. ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ്ഹുഡ് സ്പെഷ്യല്‍ എജുക്കേഷന്‍ (എച്ച്.ഐ.) ഡി ഇ സി എസ് ഇ (എച്ച്.ഐ.)
   റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഡിപ്ലോമ കോഴ്സാണിത്. കേഴ്വി-സംസാരശേഷിയുമായി വെല്ലുവിളി നേരിടുന്നവരെ മേഖലകളില്‍ നേരത്തെ ഇടപെടുന്ന പദ്ധതികള്‍ക്ക് ഏറെ പ്രാധാന്യം കൈവന്നിട്ടുണ്ട്. ആ രംഗത്ത് യോഗ്യരായ നിരവധി അധ്യാപകരെ ആവശ്യമുണ്ട് ആ കുറവ് പരിഹരിക്കാന്‍ ഈ കോഴ്സ് സഹായിക്കുമെന്നാണ് കരുതുന്നത്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആര്‍ സി ഐ യാണ് നല്‍കുന്നത്. പരീക്ഷ നടത്തുന്നത് മുംബൈയിലെ അലിയവാര്‍ ജങ് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ജൂലായ് മുതല്‍ മെയ് വരെ നീളുന്ന ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. ബിരുദമാണ് അടിസ്ഥാനയോഗ്യത. 25 ഒഴിവ്. 17,000 രൂപയാണ് ഫീസ്.

   വിലാസം: NISH, Ullur-akkulam Road, Steekariyam P.O., Thiruvananthapuram - 695 017. Phone:04713066666, 2596919. വെബ്സൈറ്റ്: www.nish.ac.in

   Career Guidance: കംപ്യൂട്ടർ കോഴ്സുകൾ എൽബിഎസിൽ പഠിക്കാം

   (ജലീഷ് പീറ്റർ- 1994 മുതല്‍ കരിയര്‍ ഗൈഡന്‍സ് / ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കോട്ടയം ജില്ലയിലെ കോതനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ലിസ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്‌കൂളിന്റെ സെക്രട്ടറിയാണ്. ഫോണ്‍ : 9447123075)
   First published: