തിരുവനന്തപുരം: സിവിൽ പൊലീസ് നിയമനം ഉൾപ്പെടെ ഒരു റാങ്ക് പട്ടികയുടേയും കാലാവധി ദീർഘിപ്പിക്കില്ലെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ. ഈ മാസം 30 നാണ് സിവിൽ പൊലീസ് നിയമനത്തിനുള്ള റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നത്. വനിതാ ബെറ്റാലിയൻ ഉൾപ്പെടെ ഏഴ് ബെറ്റാലിയനുകളിലേക്കായിരുന്നു പരീക്ഷ .
കുപ്രസിദ്ധമായ കോപ്പിയടി വിവാദത്തിൽപ്പെട്ടതിനെ തുടർന്ന് നാലു മാസത്തോളം ഈ പട്ടികയിലെ നിയമനടപടികൾ തടസപ്പെട്ടിരുന്നു. ലോക്ഡൗണിനെ തുടർന്ന് മൂന്നുമാസത്തേക്ക് റാങ്ക് പട്ടികകൾ നീട്ടി നൽകിയെങ്കിലും അതിന്റെ ആനുകൂല്യം സിവിൽ പൊലീസ് പട്ടിക ലഭിച്ചില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.
എന്നാൽ വനിതാ ബറ്റാലിയൻ ഒഴികെയുള്ള ആറു പട്ടികയിൽനിന്നും പരമാവധി നിയമനം നടത്തി കഴിഞ്ഞെന്നാണ് പിഎസ് സിയുടെ നിലപാട്. വനിതാ പൊലീസിന്റെ കാര്യത്തിൽ ശാരീരിക ക്ഷമതാ പരിശോധന കഴിഞ്ഞ ശേഷമേ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാകൂ. കോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്.
സിവിൽ പൊലീസ് ഓഫീസർ പട്ടിക മാത്രമായി നീട്ടാനാകില്ലെന്ന് പി എസ് സി ചെയർമാൻ എം.കെ. സക്കീർ ന്യൂസ് 18 മലയാളത്തോടു പറഞ്ഞു. ഒരു പട്ടിക മാത്രമായി നീട്ടാൻ സുപ്രീം കോടതിയുടെ മുൻ വിധി ന്യായങ്ങൾ അനുവദിക്കുന്നില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കാലതാമസമോ നിയമന നിരോധന സാഹചര്യമോ ഉണ്ടെങ്കിൽ മാത്രമേ പട്ടികകളുടെ കാലാവധി നീട്ടാൻ ചട്ടം അനുവദിക്കുന്നുള്ളു. ഇവിടെ പരമാവധി നിയമനം നടന്നു കഴിഞ്ഞു. ലോക്ക് ഡൗൺ കാലത്ത് 7225 നിയമനങ്ങളാണ് നടത്തിയതെന്നും ചെയർമാൻ പറഞ്ഞു.
ആരോഗ്യ വകുപ്പിൽ മാത്രം പതിനെട്ടോളം റാങ്ക്ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്തി. ലാബ് ടെക്നിഷ്യൻമാർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, പാരാ മെഡിക്കൽ സ്റ്റാഫ് തുടങ്ങി നാന്നൂറോളം ഡോക്ടർമാരുടെ വരെ നിയമനങ്ങൾ നടത്തി. ആരോഗ്യ വകുപ്പിൽ മാത്രം മൂവായിരത്തോളം നിയമനങ്ങൾ നടന്നെന്നും പി എസ് സി ചെയർമാൻ പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.