• HOME
  • »
  • NEWS
  • »
  • career
  • »
  • JNU | സ്വന്തമാക്കിയത് 10 ഗിന്നസ് ലോക റെക്കോർഡ്, കഴിഞ്ഞ ഒരു വർഷമായി ശമ്പളമില്ല; ജീവിതം വഴിമുട്ടി ജെഎൻയു ജീവനക്കാരൻ

JNU | സ്വന്തമാക്കിയത് 10 ഗിന്നസ് ലോക റെക്കോർഡ്, കഴിഞ്ഞ ഒരു വർഷമായി ശമ്പളമില്ല; ജീവിതം വഴിമുട്ടി ജെഎൻയു ജീവനക്കാരൻ

ജെഎൻയുവിലെ സ്കൂൾ ഓഫ് എൻവയേൺമെൻറ് സയൻസിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന വിനോദ് കഴിഞ്ഞ ഒരു വർഷമായി കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ വലിയ ദുരിതമാണ് നേരിടുന്നത്.

  • Share this:
    ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ (JNU) കമ്പ്യൂട്ടർ ഓപ്പറേറ്ററായ വിനോദ് കുമാർ (Vinod Kumar) ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പരാതിയുമായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. ആൾ വെറുമൊരു കമ്പ്യൂട്ടർ ഓപ്പറേറ്ററല്ല. പത്ത് ഗിന്നസ് ലോകറെക്കോർഡിന് (Guinness World Record) കൂടി ഉടമയാണ്. കഴിഞ്ഞ ഒരു വർഷമായി കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ വലിയ ദുരിതമാണ് അദ്ദേഹം നേരിടുന്നത്. ജെഎൻയുവിലെ സ്കൂൾ ഓഫ് എൻവയേൺമെൻറ് സയൻസിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായാണ് താൻ ജോലി ചെയ്യുന്നതെന്ന് വിനോദ് വാർത്താ ഏജൻസിയായി ഐഎഎൻഎസിനോട് പറഞ്ഞു.”

    "2012 മുതൽ തേർഡ് പാർട്ടി ജീവനക്കാരനായി ജെഎൻയുവിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ഞാൻ ജോലി ചെയ്ത് വരികയാണ്. ബേദി ആൻറ് ബേദി കമ്പനിയിൽ നിന്നാണ് എൻെറ ശമ്പളം വരേണ്ടത്. കഴിഞ്ഞ ഒരു വർഷമായി കൃത്യമായി ശമ്പളം ലഭിക്കാത്തത് എൻെറ ജീവിതത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഏപ്രിലിലെയും മെയിലെയും ശമ്പളം എനിക്ക് ഇത് വരെ ലഭിച്ചിട്ടില്ല,” വിനോദ് കുമാർ പറഞ്ഞു.

    “എൻെറ കുട്ടികൾക്ക് ഭക്ഷണം നൽകാനുള്ള പണം പോലും കയ്യിലില്ല. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ലേബർ കമ്മീഷന് ഞാൻ പരാതി നൽകിയിട്ടുണ്ട്. എൻെറ ജീവിതം മുന്നോട്ട് പോവാൻ സഹായിക്കണമെന്ന് അധികൃതരോടും സർക്കാരിനോടും ഞാൻ ആവശ്യപ്പെടുകയാണ്,” വികാരധീനനായി വിനോദ് കൂട്ടിച്ചേർത്തു.

    പ്രതിസന്ധി കാരണം ഈ ഡിപ്പാർട്ട്മെൻറിൽ നിന്ന് നിരവധി പേർക്ക് ജോലി നഷ്ടമായിട്ടുണ്ട്. പലരും പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായില്ല. മാനസികമായും ശാരീരികമായും സാമ്പത്തികമായും തൻെറ കുടുംബം വല്ലാത്ത സമ്മർദ്ദം നേരിടുകയാണെന്നും വിനോദ് പറഞ്ഞു.

    എന്നാൽ സർവകലാശാലയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജെഎൻയുവിലെ ഒരു സീനിയർ ഉദ്യോഗസ്ഥൻ അറിയിച്ചു. “ഞങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ ജീവനക്കാരുടെയും ശമ്പളവുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിട്ടുണ്ട്. ഒരു ജീവനക്കാരൻെറയും ശമ്പളം തടഞ്ഞുവെക്കാനും ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല,” അദ്ദേഹം ഐഐഎൻഎസിനോട് പറഞ്ഞു.

    42കാരനായ വിനോദ് മൂക്ക് കൊണ്ട് ഏറ്റവും വേഗത്തിൽ ടൈപ്പ് ചെയ്യുന്നതിൽ ഗിന്നസ് ലോകറെക്കോർഡ് നേടിയിട്ടുണ്ട്. 2014ലാണ് ഈ നേട്ടം അദ്ദേഹം കൈവരിച്ചത്. കണ്ണുകൾ അടച്ച് പിടിച്ച് ഏറ്റവും വേഗത്തിൽ ടൈപ്പ് ചെയ്യുന്നതിലും വായിൽ മരക്കഷ്ണം വെച്ച് ടൈപ്പ് ചെയ്യുന്നതിലും വിനോദ് ലോകറെക്കോർഡിന് ഉടമയാണ്. ഒരു മിനിറ്റിൽ തൻെറ കൈ കൊണ്ട് ഏറ്റവും കൂടുതൽ തവണ ടെന്നീസ് ബോൾ തൊട്ടതിൻെറ ലോകറെക്കോർഡാണ് അദ്ദേഹം ഈയടുത്ത് സ്വന്തമാക്കിയിട്ടുള്ളത്. ഭിന്നശേഷിയുള്ള കുട്ടികൾക്കായി സ്വന്തം വീട്ടിൽ വിനോദ് ഒരു കമ്പ്യൂട്ടർ സെൻററും നടത്തുന്നുണ്ട്.

    “പത്ത് ഗിന്നസ് ലോകറെക്കോർഡിന് ഉടമയാണ് ഞാൻ. എട്ടെണ്ണം ടൈപ്പിങിലും രണ്ടെണ്ണം കായിക വിഭാഗത്തിലുമാണ്. ഇനിയും ലോകറെക്കോർഡുകൾ സ്വന്തമാക്കാൻ എനിക്ക് സാധിക്കും. എന്നാൽ ഇപ്പോൾ നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ സാധിച്ചാൽ മാത്രമേ അവയിലെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുകയുള്ളൂ,” വിനോദ് വിശദീകരിച്ചു.
    Published by:Naveen
    First published: