വിവിധ വകുപ്പുകളിലായി ഗ്രൂപ്പ്-1 തസ്തികകളിലേക്കുള്ള 503 ഒഴിവിൽ വിജ്ഞാപനം പുറപ്പെടുവിച്ച് തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ (Telangana State Public Service Commission (TSPSC)). അപേക്ഷിക്കുന്നതിന് മുമ്പ് ഓരോ വകുപ്പിലെയും തസ്തികകളുടെ എണ്ണം, പരീക്ഷയുടെ സ്കീം, യോഗ്യതാ മാനദണ്ഡം, രജിസ്ട്രേഷൻ തീയതി, ഫീസ് എന്നിവയും മറ്റ് വിശദാംശങ്ങളും ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതേക്കുറിച്ച് വിശദമായി മനസിലാക്കാം.
തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷം പുറപ്പെടുവിച്ച ആദ്യ ഗ്രൂപ്പ്-1 വിജ്ഞാപനമാണിത്. മണ്ഡൽ പരിഷത്ത് ഡെവലപ്മെന്റ് ഓഫീസർമാർ തസ്തികിലേക്ക് 121 ഒഴിവുകളാണുള്ളത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തസ്തികയിലേക്ക് 91 ഒഴിവും കൊമേഴ്സ്യൽ ടാക്സ് ഓഫീസർ, ഡെപ്യൂട്ടി കളക്ടർ തസ്തികകളിലേക്ക് യഥാക്രമം 48 ഉം 42 ഉം ഒഴിവുകളുമാണ് ഉള്ളത്.
പ്രാഥമിക പരീക്ഷയും (ഒബ്ജക്റ്റീവ് ടൈപ്പ്) എഴുത്തുപരീക്ഷയും (മെയിൻ) അടങ്ങിയ രണ്ട് ഘട്ടങ്ങളുള്ള റിക്രൂട്ട്മെന്റ് നടപടികളായിരിക്കും ഉണ്ടായിരിക്കുക. പ്രിലിമിനറി പരീക്ഷ ജൂലൈയിലോ ആഗസ്റ്റിലോ ആയിരിക്കും നടക്കുക. മെയിൻ പരീക്ഷ നവംബർ, ഡിസംബർ മാസങ്ങളിൽ നടത്താനാണ് സാധ്യത. പരീക്ഷയുടെ കൃത്യമായ തീയതി കമ്മീഷൻ പിന്നീട് അറിയിക്കും.
പരീക്ഷാ സ്കീം എങ്ങനെ?
പൊതുവിജ്ഞാനവും മാനസിക ശേഷിയുമായി ബന്ധപ്പെട്ട 150 മാർക്കിന്റെ 150 ചോദ്യങ്ങൾ അടങ്ങിയതാണ് പ്രിലിമിനറി പരീക്ഷ. രണ്ടര മണിക്കൂർ കൊണ്ട് പരീക്ഷ പൂർത്തിയാക്കണം ജനറൽ ഇംഗ്ലീഷ് (യോഗ്യതാ പരീക്ഷ), പേപ്പർ-I (ജനറൽ എസ്സേ), പേപ്പർ-II (ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രവും), പേപ്പർ-III (ഇന്ത്യൻ സമൂഹം, ഭരണഘടനയും ഭരണവും), പേപ്പർ-IV (സാമ്പത്തികശാസ്ത്രം, വികസനം) പേപ്പർ-V (സയൻസ് ആൻഡ് ടെക്നോളജി, ഡാറ്റ ഇന്റർപ്രെറ്റേഷൻ, പേപ്പർ-VI (തെലങ്കാന പ്രസ്ഥാനവും സംസ്ഥാന രൂപീകരണവും) എന്നിവ ഉൾപ്പെടുന്നതാണ് മെയിൻ പരീക്ഷ.
ഓരോ പേപ്പറിനും ആകെ 150 മാർക്ക് ആണുള്ളത്. പ്രിലിമിനറി പരീക്ഷയിൽ നേടിയ മാർക്ക് റാങ്കിങ്ങിനായി കണക്കാക്കില്ല. കമ്മ്യൂണിറ്റി, ലിംഗം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം (ഇഡബ്ല്യുഎസ്), ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, കായികതാരങ്ങൾ എന്നിവർക്കുള്ള സംവരണ നിയമം എന്നിവയെല്ലാം പരിഗണിച്ചായിരിക്കും റിക്രൂട്ട്മെന്റ്. ഇതാദ്യമായി, ഇംഗ്ലീഷിനും തെലുങ്കിനും പുറമെ ഉറുദുവിലും പ്രിലിമിനറി പരീക്ഷ നടത്താൻ കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. മെയിൻ പരീക്ഷയ്ക്ക് ഡിജിറ്റൽ മൂല്യനിർണയം ഏർപ്പെടുത്താനും കമ്മീഷൻ ആലോചിക്കുന്നുണ്ട്.
വിദ്യാഭ്യാസ യോഗ്യത
റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർടിഒ), അസിസ്റ്റന്റ് ട്രഷറി ഓഫീസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, ട്രെയിനിംഗ് കോളേജിലെയും സ്കൂളിലെയും അസിസ്റ്റന്റ് ലക്ചറർ എന്നിവ ഒഴികെയുള്ള മറ്റെല്ലാ തസ്തികകളിലേക്കും അപേക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം ആവശ്യമാണ്. ആർടിഒ തസ്തികയ്ക്ക് മെക്കാനിക്കൽ എഞ്ചിനീയറിംഗിലോ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിലോ ഉള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ആവശ്യമാണ്. അസിസ്റ്റന്റ് ട്രഷറി ഓഫീസർ തസ്തികയിലേക്ക് കൊമേഴ്സ്, ഇക്കണോമിക്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദം ആവശ്യമാണ്.
എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാർത്ഥികൾ ആദ്യം തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ OTR അപ്ഡേറ്റ് ചെയ്യണം. ഓൺലൈൻ അപേക്ഷാ പ്രോസസ്സിംഗ് ഫീസായി അപേക്ഷകർ 200 രൂപ നൽകണം. ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് 120 രൂപയും നൽകണം. സംസ്ഥാനത്തെ SC, ST, BC, E WS, PH, വിഭാഗത്തിൽ പെടുന്നവരും, വിമുക്തഭടന്മാരും, 18 മുതൽ 44 വയസ്സുവരെ പ്രായമുള്ള തൊഴിൽരഹിതരായ അപേക്ഷകരും പരീക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല. താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് മെയ് 2 മുതൽ 31 വരെ http://www.tspsc.gov.in/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.