• HOME
  • »
  • NEWS
  • »
  • career
  • »
  • Vacant Seats | IITകളിൽ രണ്ട് വർഷമായി 10,000 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു; NITകളിൽ 8,700 സീറ്റുകൾ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

Vacant Seats | IITകളിൽ രണ്ട് വർഷമായി 10,000 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു; NITകളിൽ 8,700 സീറ്റുകൾ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് രേഖാമൂലം മറുപടി നൽകവെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    രാജ്യത്ത് വിവിധ ഐഐടികളിലായി (IIT - Indian Institute of Technology) 10,000ത്തിലധികവും എൻഐടികളിലായി (NIT - National Institute of Technology) 8,700ലധികവും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി ബുധനാഴ്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി (Union Education Minister) ധർമേന്ദ്ര പ്രധാൻ അറിയിച്ചു. രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് രേഖാമൂലം മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

    2020-21 അധ്യയന വർഷത്തിൽ ഐഐടികളിൽ 5,484 സീറ്റുകൾ അഡ്മിഷൻ നടക്കാതെ ഒഴിഞ്ഞു കിടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ബിരുദ കോഴ്‌സുകളിൽ (ബി ടെക്) 476 സീറ്റുകളും ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ 3,229 സീറ്റുകളും പിഎച്ച്ഡി കോഴ്‌സുകളിൽ 1,779 സീറ്റുകളുമാണ് ഒഴിഞ്ഞു കിടന്നത്. 2021-22 കാലയളവിൽ ഐഐടികളിൽ ഒഴിവു വന്ന സീറ്റുകളുടെ എണ്ണം 5,296 ആയി കുറഞ്ഞു. ബിടെക് കോഴ്‌സുകളിൽ 361 സീറ്റുകളും ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ 3,083 സീറ്റുകളും പിഎച്ച്ഡി കോഴ്‌സുകളിൽ 1,852 കോഴ്‌സുകളുമാണ് ഒഴിവ് നികത്തപ്പെടാതെ അവശേഷിച്ചത്.

    എൻഐടികളിലാകട്ടെ, 2020-21 വർഷത്തിൽ 3,741 സീറ്റുകളാണ് ഒഴിഞ്ഞു കിടന്നത്. 2021-22 കാലയളവിൽ ഇതിന്റെ എണ്ണം 5,012 ആയി ഉയർന്നു. ബിരുദാനന്തര ബിരുദ കോഴ്‌സുകളിലാണ് കൂടുതൽ സീറ്റുകൾ ഒഴിവ് നികത്തപ്പെടാതെ അവശേഷിച്ചത്. 2020-21ൽ 2,487 ബിരുദാനന്തര ബിരുദ സീറ്റുകൾ ഒഴിഞ്ഞു കിടന്നപ്പോൾ 2021-22ൽ ഇത് 3,413 ആയി വർധിച്ചു. "ശാസ്ത്ര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാഭ്യാസവും ഗവേഷണവും വാഗ്ദാനം ചെയ്യുന്ന മുൻനിര സ്ഥാപനങ്ങളായ ഐഐടികളും എൻഐടികളും ഐഐഐടികളും ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായാണ് കണക്കാക്കപ്പെടുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ഇവിടെ പ്രവേശനം നൽകി വരാറുള്ളൂ", വിദ്യാഭ്യാസ മന്ത്രി രാജ്യസഭയിൽ പറഞ്ഞു.

    അതേസമയം, രാജ്യത്തെ ഐഐടി ക്യാമ്പസുകളിലുടനീളം ഉയർന്ന പ്രതിഫലമുള്ള ജോലി വാഗ്ദാനങ്ങളോടുകൂടിയാണ് കഴിഞ്ഞ വർഷാവസാനം ക്യാംപസ് പ്ലെയ്സ്മെന്റ് നടന്നത്. റൂർക്കി ഐഐടിയിലെ വിദ്യാർത്ഥിയ്ക്ക് ഒരു അന്താരാഷ്ട്ര ടെക്ക് കമ്പനിയിൽ ലഭിച്ച ജോലിയ്ക്ക് വാർഷിക പ്രതിഫലം 2.15 കോടി രൂപയാണ്. ഐഐടി ബോംബെയിൽ നിന്നുള്ള മറ്റൊരു വിദ്യാർത്ഥിയ്ക്ക് യൂബറിന്റെ വാഗ്ദാനം 2.74 ലക്ഷം യു എസ് ഡോളർ (ഏകദേശം 2.05 കോടി രൂപ) വാർഷിക പ്രതിഫലമുള്ള ജോലിയായിരുന്നു. ഐഐടി ഗുവാഹത്തിയിൽ പഠിച്ച വിദ്യാർത്ഥിയ്‌ക്കാകട്ടെ 2 കോടി രൂപ വാർഷിക പ്രതിഫലമുള്ള ജോലിയാണ് ലഭിച്ചത്. 2020നെ അപേക്ഷിച്ച് പ്ലെയ്സ്മെന്റിന്റെ ആദ്യ ദിനത്തിലെ ജോലി വാഗ്ദാനങ്ങളിൽ ഐഐടി മദ്രാസിൽ 46 ശതമാനം വർധനവാണ് 2021ൽ ഉണ്ടായത്. ദിവസത്തിന്റെ ആദ്യ പകുതിയിൽ മാത്രം മൊത്തം 176 ജോലി വാഗ്ദാനങ്ങളാണ് ഇവിടത്തെ വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ഐഐടി ഗുവാഹത്തിയിലെ വിദ്യാർത്ഥികൾക്ക് 200 ജോലി വാഗ്ദാനങ്ങളാണ് ആദ്യ ദിനം ലഭിച്ചത്.

    https://www.news18.com/news/education-career/over-10000-seats-across-iits-87000-in-nits-remain-vacant-in-last-2-years-4755899.html
    Published by:Sarath Mohanan
    First published: