• HOME
  • »
  • NEWS
  • »
  • career
  • »
  • Indian Railway | സ്റ്റേഷന്‍ മാസ്റ്റര്‍, ട്രാഫിക് അസിസ്റ്റന്റ് തസ്തികകളിലേക്ക് നാലായിരത്തിലധികം വനിതകളെ തിരഞ്ഞെടുത്ത് റെയിൽവേ

Indian Railway | സ്റ്റേഷന്‍ മാസ്റ്റര്‍, ട്രാഫിക് അസിസ്റ്റന്റ് തസ്തികകളിലേക്ക് നാലായിരത്തിലധികം വനിതകളെ തിരഞ്ഞെടുത്ത് റെയിൽവേ

ഇന്ത്യയിലൊട്ടാകെ നടന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു സെലക്ഷന്‍.

പ്രതീകാത്മക ചിത്രം , Twitter

പ്രതീകാത്മക ചിത്രം , Twitter

  • Share this:
    ഇന്ത്യന്‍ റെയില്‍വേയിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍, ട്രാഫിക് അസിസ്റ്റന്റ് തസ്തികകളിലേക്ക് 4,000 ത്തിലധികം വനിതാ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തു. മൊത്തം 57,117 പേരില്‍ നിന്നാണ് 4000ത്തിലധികം വനിതകളെ (female candidates) തിരഞ്ഞെടുത്തത്. ഇന്ത്യയിലൊട്ടാകെ നടന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു സെലക്ഷന്‍. അന്തിമ ഘട്ട തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തുടനീളം സ്റ്റേഷന്‍ മാസ്റ്റര്‍മാരെ (station master) നിയമിക്കും. എന്നാല്‍ ട്രാഫിക് അസിസ്റ്റന്റുമാരെ (traffic assistant) കൊല്‍ക്കത്ത മെട്രോയില്‍ മാത്രമേ നിയമിക്കുകയുള്ളൂ.

    6865 തസ്തികകളിലേക്കുള്ള സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്കും 161 ട്രെയിന്‍ അസിസ്റ്റന്റുമാര്‍ക്കുമുള്ള രണ്ടാം ഘട്ട പരീക്ഷ ഈ വര്‍ഷം മെയ് 9, 10 തീയതികളിലാണ് നടന്നത്. രണ്ടാം ഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ മൊത്തം 1.8 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇതില്‍ എന്‍ടിപിസി വിഭാഗങ്ങളിലായി ലെവല്‍ 6, ലെവല്‍ 4 പരീക്ഷകള്‍ എഴുതിയത് 1.27 ലക്ഷം പേരാണ്. 21 റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളാണ് പരീക്ഷയില്‍ ഉള്‍പ്പെട്ടിരുന്നത്. ചോദ്യങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും എതിര്‍പ്പുകള്‍ ഉന്നയിക്കുന്നതിനുള്ള ഓപ്ഷനുകള്‍ 2022 മെയ് 13 മുതല്‍ 18 വരെ റെയില്‍വേ റെഗുലേറ്ററി ബോര്‍ഡുകള്‍ നല്‍കിയിരുന്നു.

    വിജ്ഞാപനം ചെയ്ത 6,865 ഒഴിവുകളില്‍ 55,787 ഉദ്യോഗാര്‍ത്ഥികള്‍ ലെവല്‍ 6 ലെ സ്റ്റേഷന്‍ മാസ്റ്റര്‍ തസ്തികയിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. ലെവല്‍ 4 ലെ ട്രാഫിക് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള 161 ഒഴിവുകളില്‍ 1,330 ഉദ്യോഗാര്‍ത്ഥികളെയും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ, 4,358 വനിതാ ഉദ്യോഗാര്‍ത്ഥികളെയാണ് ലെവല്‍ 6, 4 എന്നിവയിലേക്ക് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.

    കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ച സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് ഫലം തയ്യാറാക്കിയതെന്ന് റെയില്‍വേ അറിയിച്ചു. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒരേ ചോദ്യ പേപ്പര്‍ നല്‍കിയതുകൊണ്ട് ഫലപ്രഖ്യാപനം വേഗത്തിലാക്കിയെന്നും റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പറഞ്ഞു. ഈ തസ്തികകളിലേക്കുള്ള മൂന്നാമത്തേയും അവസാനത്തേയും പരീക്ഷ ഉടന്‍ നടക്കും.

    അതേസമയം, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് നോണ്‍-ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറി (NTPC) 2019ലെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് 2ന്റെ പരീക്ഷാ സെന്ററും പരീക്ഷാ തീയതിയും പുറത്തുവിട്ടു. എസ്സി/എസ്ടി ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാ നഗരവും പരീക്ഷാ തീയതിയും അടങ്ങുന്ന സ്ലിപ്പ് ഔദ്യോഗിക വെബ്സൈറ്റായ rrbcdg.gov.in-ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

    റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളായ ഭുവനേശ്വര്‍, ബിലാസ്പൂര്‍, ചണ്ഡിഗഡ്, ഗോരഖ്പൂര്‍, മുംബൈ, മുസാഫര്‍പൂര്‍, റാഞ്ചി, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ പരീക്ഷ, ജൂണ്‍ 12-ന് ലെവല്‍ 5, ജൂണ്‍ 13-ന് ലെവല്‍ 2, ജൂണ്‍ 14-ന് ലെവല്‍ 3 എന്നിങ്ങനെയാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അജ്മീര്‍, ഭോപ്പാല്‍, ചെന്നൈ, ഗുവാഹത്തി, പട്ന, ബെംഗളൂരു, ജമ്മു-ശ്രീനഗര്‍, കൊല്‍ക്കത്ത, സിലിഗുരി, അഹമ്മദാബാദ്, അലഹബാദ്, മാള്‍ഡ, തിരുവനന്തപുരം എന്നിവിടങ്ങളിലെ പരീക്ഷ, ജൂണ്‍ 15 ന് ലെവല്‍ 5, ജൂണ്‍ 16 ന് ലെവല്‍ 2, ജൂണ്‍ 17ന് ലെവല്‍ 3 എന്നിങ്ങനെയുമാണ് നടത്തുക.
    Published by:Naveen
    First published: