പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷന് പ്രോഗ്രാമിന്റെ (PMEGP) കാലാവധി 2025-26 സാമ്പത്തിക വർഷം വരെ നീട്ടി കേന്ദ്രസർക്കാർ. പദ്ധതി അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്രം നീട്ടിയിരിക്കുന്നത്. 13,554.42 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. കാര്‍ഷികേതര മേഖലയില്‍ (non-farm sector) ചെറിയ സംരഭങ്ങള്‍ (micro enterprises) സ്ഥാപിക്കുന്നതിലൂടെ രാജ്യത്തുടനീളമുള്ള തൊഴിൽരഹിതരായ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
2008-09ല്‍ ആരംഭിച്ചതു മുതല്‍, ഏകദേശം 7.8 ലക്ഷം മൈക്രോ സംരംഭങ്ങള്‍ക്ക് 19,995 കോടി രൂപയുടെ സബ്സിഡി (subsidy) നല്കി 64 ലക്ഷം പേര്‍ക്ക് സുസ്ഥിര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ 80 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ്. 50 ശതമാനം യൂണിറ്റുകള്‍ പട്ടികജാതി (എസ്സി), പട്ടികവര്‍ഗം (എസ്ടി), വനിതാ വിഭാഗങ്ങളുടേതാണ്.
സമയപരിധി നീട്ടിയതിനൊപ്പം പദ്ധതിയില്‍ ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. നിര്‍മാണ യൂണിറ്റുകള്‍ക്കുള്ള പരമാവധി പദ്ധതിച്ചെലവ് 25 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായും സര്‍വീസ് യൂണിറ്റുകള്‍ക്ക് നിലവിലുള്ള 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. ഗ്രാമവ്യവസായങ്ങള്‍, ഗ്രാമീണ മേഖലകള്‍ എന്നിവയുടെ നിര്‍വചനങ്ങളും പരിഷ്ക്കരിച്ചിരിച്ചിട്ടുണ്ട്. പഞ്ചായത്തിരാജ് സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ ഗ്രാമീണ മേഖലയ്ക്ക് കീഴിലായിരിക്കും, അതേസമയം മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള പ്രദേശങ്ങള്‍ നഗരപ്രദേശങ്ങളായി കണക്കാക്കും. ഗ്രാമീണ, നഗര വിഭാഗങ്ങള്‍ എന്നത് പരിഗണിക്കാതെ എല്ലാ മേഖലകളിലും അപേക്ഷകള്‍ സ്വീകരിക്കാനും പ്രോസസ്സ് ചെയ്യാനും എല്ലാ ഏജന്‍സികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
ട്രാന്‍സ്ജെന്‍ഡര്‍ അപേക്ഷകരെ പ്രത്യേക വിഭാഗമായി കണക്കാക്കുകയും കൂടുതല്‍ സബ്സിഡി ലഭിക്കാന്‍ അര്‍ഹത നല്‍കുകയും ചെയ്യും. അഞ്ച് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ ഏകദേശം 40 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഈ പദ്ധതി സൃഷ്ടിക്കുമെന്നും എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷന് പ്രോഗ്രാമിന് കീഴില്‍ വരുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
'എസ് സി, എസ്ടി, ഒബിസി, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍, ഭിന്നശേഷിക്കാർ, എന്‍ഇആര്‍, അതിര്‍ത്തി ജില്ലാ എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക വിഭാഗ അപേക്ഷകര്‍ക്ക് നഗരപ്രദേശങ്ങളില്‍ പദ്ധതിച്ചെലവിന്റെ 25 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ പദ്ധതിച്ചെലവിന്റെ 35 ശതമാനവുമാണ് സബ്സിഡി നല്‍കുക. പൊതുവിഭാഗം അപേക്ഷകര്‍ക്ക് നഗരപ്രദേശത്ത് പദ്ധതിച്ചെലവിന്റെ 15 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ പദ്ധതിച്ചെലവിന്റെ 25 ശതമാനവുമാണ് സബ്സിഡി ലഭിക്കുക.
18 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും പദ്ധതിയ്ക്ക് കീഴിൽ അപേക്ഷിക്കാം. കൂടാതെ പുതിയ പ്രോജക്ടുകള്‍ മാത്രമേ പദ്ധതിയ്ക്ക് കീഴില്‍ അനുമതിക്കായി പരിഗണിക്കുകയുള്ളൂ. ദേശീയ തലത്തില്‍ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനാണ് (കെവിഐസി) പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന തലത്തില്‍, സംസ്ഥാന കെവിഐസി ഡയറക്ടറേറ്റുകള്‍, സംസ്ഥാന ഖാദി, ഗ്രാമവ്യവസായ ബോര്‍ഡുകള്‍ (കെവിഐബി), ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ (ഡിഐസി), ബാങ്കുകള്‍ എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
Summary: PM Employment Generation Programme extended for five years to generate 40 lakh opportunities
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.