• HOME
  • »
  • NEWS
  • »
  • career
  • »
  • 10 Lakh Jobs | 10 ലക്ഷം ഒഴിവുകൾ നികത്താൻ പദ്ധതികളുമായി കേന്ദ്രം; പട്ടിക തയ്യാറാക്കാൻ നിർദേശം

10 Lakh Jobs | 10 ലക്ഷം ഒഴിവുകൾ നികത്താൻ പദ്ധതികളുമായി കേന്ദ്രം; പട്ടിക തയ്യാറാക്കാൻ നിർദേശം

വിവിധ ഒഴിവുകള്‍ കണ്ടെത്തുന്നതിനും അവ നികത്തുന്നതിനും പ്രവര്‍ത്തനരഹിതമായ ആസ്തികള്‍ ഉപയോഗിക്കുന്നതിനുമുള്ള കേന്ദ്രത്തിന്റെ മാതൃക പിന്‍തുടരാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍

  • Last Updated :
  • Share this:
    അടുത്ത ഒന്നര വർഷത്തിനുള്ളിൽ വിവിധ സർക്കാർ വകുപ്പുകളോടും മന്ത്രാലയങ്ങളോടും 10 ലക്ഷം ഒഴിവുകൾ അതിവേഗം നികത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതിന് പിന്നാലെ ഈ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ്. ഈ ദൗത്യത്തിനായി വകുപ്പ് ഒരു നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ടെന്നും നികത്തേണ്ട ഒഴിവുകൾ കണ്ടെത്തുന്നതിന് ഓരോ മന്ത്രാലയവും നടത്തുന്ന ശ്രമങ്ങൾക്ക് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും ന്യൂസ് 18നോട് സംസാരിക്കവെ പ്രധാനമന്ത്രിയുടെ ഓഫീസ്കാര്യ സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

    നിലവില്‍ ഒഴിവുള്ള തസ്തികകള്‍ കണ്ടെത്തുന്നതിന് ഒരു നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുള്ളത് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് മാത്രമാണ്. എന്നാല്‍ താരതമ്യേന കൂടുതല്‍ ഒഴിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റ് ചില മന്ത്രാലയങ്ങളോടും ഈ ചുമതല നിര്‍വഹിക്കുന്നതിനായി ഒരു നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവേ, പ്രതിരോധം, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകൾക്കും ഇത് ബാധകമായേക്കും.

    നടപടികളുടെ പ്രതിവാര അവലോകനം നടത്തുന്നുണ്ടെന്നും സിംഗ് ന്യൂസ് 18നോട് പറഞ്ഞു. 'ഓരോ ആഴ്ചയും, ഒഴിവുകള്‍ കണ്ടെത്തുന്നതിനും അവ ഫയല്‍ ചെയ്യുന്നതിനും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അതിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനുമായി യോഗം ചേരുന്നുണ്ട്.

    എല്ലാ മന്ത്രാലയങ്ങളും അവയുടെ കീഴിലുള്ള വകുപ്പുകളും പ്രവര്‍ത്തനക്ഷമമല്ലാത്ത മേഖലകളും ഒഴിവുകളും കണ്ടെത്തുന്നുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
    'വലിയ ബഡ്ജറ്റും അത്രതന്നെ ഭൂമികളുമുള്ള നിരവധി സ്ഥാപനങ്ങളും വകുപ്പുകളും കണ്ടെത്തിയിട്ടുണ്ട്. മുന്‍ ഭരണ കാലത്തെ ബന്ധപ്പെട്ട മന്ത്രിമാര്‍ ഒരിക്കല്‍ പോലും ഇവിടം സന്ദര്‍ശിക്കാത്തതിനാല്‍ അവ അനാവശ്യവും ഉപയോഗശൂന്യവുമായി കിടക്കുകയായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഈ അവസരം നന്നായി ഉപയോഗപ്പെടുത്തുകയും ഒഴിവുകള്‍ സൃഷ്ടിക്കുകയും ചെയ്തുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

    അതേസമയം, വിവിധ ഒഴിവുകള്‍ കണ്ടെത്തുന്നതിനും അവ നികത്തുന്നതിനും പ്രവര്‍ത്തനരഹിതമായ ആസ്തികള്‍ ഉപയോഗിക്കുന്നതിനുമുള്ള കേന്ദ്രത്തിന്റെ മാതൃക പിന്‍തുടരാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാനങ്ങളുടെ ഇതുവരെയുള്ള പ്രതികരണം നിരാശാജനകമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

    'മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി രണ്ടോ മൂന്നോ സംസ്ഥാനങ്ങള്‍ ഒഴികെ, മറ്റ് സംസ്ഥാനങ്ങളൊന്നും തന്നെ നയങ്ങളില്‍ ഭേദഗതി വരുത്താനും കൂടുതല്‍ മനുഷ്യ വിഭവശേഷി ഉപയോഗിക്കാനും ഒഴിവുകള്‍ നികത്താനും താല്‍പ്പര്യം കാണിച്ചിട്ടില്ലെന്നും അവർക്ക് പ്രചോദനം നൽകാൻ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

    പാര്‍ലമെന്റിന് സര്‍ക്കാര്‍ നല്‍കിയ രേഖാമൂലമുള്ള മറുപടി പ്രകാരം, മാര്‍ച്ച് 01, 2021 വരെ അനുവദിച്ച 40.35 ലക്ഷം തസ്തികകളില്‍ 30.55 ലക്ഷം ജീവനക്കാര്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരില്‍ ജോലിയില്‍ കയറിയത്. നിലവില്‍ റെയില്‍വേ മന്ത്രാലയത്തില്‍ 2.94 ലക്ഷം ഒഴിവുകളും, തപാല്‍ വകുപ്പില്‍ 90,000 ഒഴിവുകളും, റവന്യൂ വകുപ്പില്‍ 80,000 ഒഴിവുകളും, പ്രതിരോധ വകുപ്പില്‍ 2.64 ലക്ഷം ഒഴിവുകളും ആഭ്യന്തര മന്ത്രാലയത്തില്‍ 1.4 ലക്ഷം ഒഴിവുകളുമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
    First published: