കേന്ദ്രസർക്കാരിന് കീഴിൽ വിവിധ വകുപ്പുകളിൽ 979,327 ഒഴിവുകളുണ്ടെന്ന് പേഴ്സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻ മന്ത്രാലയം ബുധനാഴ്ച ലോക്സഭയിൽ അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിൽ 293,943, പ്രതിരോധ (സിവിൽ) വകുപ്പിൽ 264,704, ആഭ്യന്തര വകുപ്പിൽ 143,536 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
ഏറ്റവും കുറവ് ഒഴിവുകളുള്ളത് ഉപരാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിലാണ്, അവിടെ 64 തസ്തികകളിൽ എട്ട് ഒഴിവുകൾ മാത്രമാണുള്ളത്. അഗ്രികൾച്ചറൽ റിസേർച്ച് ആൻഡ് എഡ്യൂക്കേഷൻ വകുപ്പിൽ 13 ഒഴിവുകളും പബ്ലിക് അസറ്റ് മാനേജ്മെന്റിൽ 14 ഒഴിവുകളുമാണുള്ളത്.
കേന്ദ്രത്തിന്റെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും (പിഎസ്യു) ഒഴിവുകളുടെ എണ്ണത്തെക്കുറിച്ചുള്ള കോൺഗ്രസ് എംപി ദീപക് ബൈജിന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഈ സാമ്പത്തിക വർഷത്തിലെ ഒഴിവുകളുടെ എണ്ണം വെളിപ്പെടുത്തിയത്. വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, മറ്റ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഏകദേശം 1.47 ലക്ഷം പുതിയ നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
റെയിൽവേയിൽ ആകെയുള്ള 15,14,007 പോസ്റ്റുകളിൽ 2,93,943 ഒഴിവുകളാണുള്ളത്. നിലവിൽ 12,20,064 ജീവനക്കാരുമായാണ് റെയിൽവേ പ്രവർത്തിക്കുന്നത്. അതുപോലെ, പ്രതിരോധ (സിവിൽ) മന്ത്രാലയത്തിലെ ആകെ പോസ്റ്റുകൾ 6,46,042 ആണ്. എന്നാൽ ഇവിടെ 2,64,707 ഒഴിവുകളാണുള്ളത്. അതേസമയം ആഭ്യന്തര വകുപ്പിൽ 10,85,728 പോസ്റ്റുകളിൽ 1,43,536 ഒഴിവുകളാണുള്ളത്,” സിംഗ് ലോക്സഭയിൽ പറഞ്ഞു.
കൂടാതെ, പ്രധാനമന്ത്രിയുടെ ഓഫീസിൽ (പിഎംഒ) 446 പോസ്റ്റുകളിൽ 129 ഒഴിവുകളുണ്ടെന്നും രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിൽ 380 അംഗീകൃത തസ്തികകളിൽ 91 ഒഴിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022 ഓഗസ്റ്റ് വരെ സർക്കാർ ഓഫീസുകളിൽ 9,79,327 പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായി സർക്കാർ പാർലമെന്റിനെ അറിയിച്ചു. ഇതിൽ 23,584 എണ്ണം ഗ്രൂപ്പ് എ പോസ്റ്റുകളിലും 1,18,807 എണ്ണം ഗ്രൂപ്പ് ബി പോസ്റ്റുകളും 8,36,936 എണ്ണം ഗ്രൂപ്പ് സി പോസ്റ്റുകളിലും ഉൾപ്പെടുന്നതാണ്.
ഒക്ടോബറിൽ, സർക്കാർ പുതുതായി 75,000 പേരെ നിയമിച്ചിരുന്നു. തുടർന്ന് നവംബറിൽ 71,000 പുതിയ നിയമനങ്ങളും നടത്തി. നിയമനം ലഭിച്ചത് അധികവും ഗ്രൂപ്പ് സി, ഡി തസ്തികകളിലാണ്. കേന്ദ്ര സായുധ സേനാംഗങ്ങൾ (സിഎഎഫ്പി), സബ് ഇൻസ്പെക്ടർമാർ, കോൺസ്റ്റബിളുമാർ, സ്റ്റെനോ, ആദായനികുതി ഇൻസ്പെക്ടർമാർ തുടങ്ങിയ തസ്തികകളിലേക്കാണ് പുതിയ നിയമനങ്ങളിലധികവും.
ഒഴിഞ്ഞുകിടക്കുന്ന ഗ്രൂപ്പ് ബി, സി സേവനങ്ങളിലെ 98% ഒഴിവുകൾ ഉൾപ്പെടെ അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം ആളുകളെ “മിഷൻ മോഡിൽ” നിയമിക്കാൻ സർക്കാർ നേരത്തെ പദ്ധതിയിട്ടിരുന്നു.
“പ്രധാനമന്ത്രി എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവവിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്യുകയും അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ മിഷൻ മോഡിൽ നിയമിക്കണമെന്ന് നിർദേശിക്കുകയും ചെയ്തതായി,” പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ഓഗസ്റ്റിൽ അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.