സുകന്യ നന്ദി
കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒരു പേരാണ് ഗാമിനി സിന്ഗ്ല. 2021ലെ യുപിഎസ്സി (UPSC) സിവില്‍ സര്‍വീസസ് പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയത് ഗാമിനിയാണ്. 2020 ല്‍ യു.പി.എസ്.സി സി.എസ്.ഇ.ക്ക് ഹാജരായെങ്കിലും ഗാമിനി സിംഗ്ലയ്ക്ക് (gamini singla) പ്രിലിമിനറി പരീക്ഷയെ മറികടക്കാനായില്ല. എന്നാല്‍ ഐഎഎസ് ഓഫീസറാകുക (IAS officer) എന്ന തന്റെ സ്വപ്നം ഗാമിനി ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു. 2021-ല്‍ ഒരിക്കല്‍ കൂടി പരീക്ഷ എഴുതി 23-കാരിയായ ഗാമിനി മൂന്നാം റാങ്ക് കരസ്ഥമാക്കി. ഈ വര്‍ഷം, ആദ്യത്തെ മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് വനിതകളാണ്. എന്നാല്‍ ഏവരെയും ഞെട്ടിക്കുന്നത് മറ്റൊരു കാര്യമാണ്. കോളേജ് പ്ലെയ്സ്മെന്റ് സമയത്ത് ജെപി മോര്‍ഗനില്‍ (jp morgan) നിന്ന് ജോലി വാഗ്ദാനം ഉണ്ടായിരുന്നിട്ടും, സിവില്‍ സര്‍വീസ് എന്ന സ്വപ്നം കാരണം ഗാമിനി ആ ഓഫര്‍ നിരസിച്ചു.
പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയിലെ സുനം സ്വദേശിയാണ് ഗാമിനി. ഇവരുടെ കുടുംബം പിന്നീട് ആനന്ദ്പൂര്‍ സാഹിബിലേക്ക് മാറി. പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജിലെ (പിഇസി) പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഗാമിനി. അവിടെ കമ്പ്യൂട്ടര്‍ സയന്‍സിൽ ബിടെക് ബിരുദം പൂർത്തിയാക്കി. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, ക്യാമ്പസ് പ്ലേസ്മെന്റ് വഴി ജെപി മോര്ഗന് ഗാമിനിയെ 5 മാസത്തെ ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുത്തു.
ഇന്റേണ്‍ഷിപ്പ് അവരുടെ കോളേജ് പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു, ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം ജെപി മോര്ഗന് ഗാമിനിക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ ഒരു ഐഎഎസ് ഓഫീസറാകുക എന്നതായിരുന്നു അവളുടെ സ്വപ്നം. അതിനാല്‍ ഗാമിനി ആ ഓഫര്‍ വേണ്ടെന്നുവെച്ചു. ''ഒരു കരിയര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം സംതൃപ്തിയാണ്. ആളുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോഴും അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുമ്പോഴും എനിക്ക് എപ്പോഴും സംതൃപ്തി തോന്നിയിട്ടുണ്ട്. സിവില്‍ സര്‍വീസില്‍ ഒരാള്‍ക്ക് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാം. എന്റെ മുഴുവന്‍ കഴിവുകള്‍ പുറത്തെടുക്കാനും മറ്റുള്ളവരെ എപ്പോഴും സഹായിക്കാനും ഇത് എന്നെ സഹായിക്കുമെന്ന് എനിക്ക് തോന്നി,'' ഗാമിനി പറഞ്ഞു.
ബിടെക് പൂര്‍ത്തിയാക്കിയ ശേഷം 2019 മുതല്‍ അവള് സിവില്‍ സര്‍വീസസിന് തയ്യാറെടുക്കാന്‍ തുടങ്ങി. പ്രിലിമിനറിക്ക് സ്റ്റാറ്റിക്, കറന്റ് അഫയേഴ്സ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. സ്റ്റാറ്റിക് പഠിക്കുന്നതിനായി, എം ലക്ഷ്മികാന്തിന്റെ ഇന്ത്യന്‍ പോളിറ്റി, 10 മുതല്‍ 12 വരെയുള്ള ജോഗ്രഫി NCERT പുസ്തകങ്ങള്‍, 6 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പ്രാചീന, മധ്യകാല ചരിത്ര NCERT പുസ്തകങ്ങള്‍, സ്പെക്ട്രം എന്നിവ പഠിച്ചു.
''പുതിയ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതിനു പകരം ഇതേ പുസ്തകങ്ങള്‍ തന്നെ വീണ്ടും വീണ്ടും റിവിഷന്‍ ചെയ്യാന്‍ തുടങ്ങി. റിവിഷന്‍ നടത്തുന്നത് തയ്യാറെടുപ്പുകളുടെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. സ്റ്റാറ്റിക് വിഭാഗത്തിലെ ചോദ്യങ്ങള്‍ നേരിട്ടുള്ളതാണ്, അതിനാല്‍ ഈ പുസ്തകങ്ങളില്‍ നിന്ന് നന്നായി പഠിക്കുന്ന ആര്‍ക്കും എളുപ്പത്തില്‍ മാര്‍ക്ക് ലഭിക്കും'', ഗാമിനി വിശദീകരിച്ചു. ''കറണ്ട് അഫയേഴ്സ് പഠിക്കാനായി ദിവസവും പത്രം വായിക്കേണ്ടതുണ്ട്. എന്റെ ബലഹീനതയും ശക്തിയും മനസ്സിലാക്കാന്‍ ഞാന്‍ നിരവധി മോക്ക് ഇന്റര്‍വ്യൂകളും നടത്തി. യു.പി.എസ്.സി നേടാന്‍ ഇതൊരു നല്ല മാർഗമാണ്,'' ഗാമിനി പറഞ്ഞു.
മെയിന്‍, പ്രിലിമിനറി പരീക്ഷ പാസാകണമെങ്കില്‍ യുപിഎസ്സി സിലബസുകള്‍ കൃത്യമായി പഠിച്ചിരിക്കണം. സമീപത്തെ സര്‍ക്കാര്‍ സ്കൂളില്‍ പോയി മോക്ക് ടെസ്റ്റുകള്‍ നടത്തിയിരുന്നെന്നും ഗാമിനി പറയുന്നു. മെയിന്‍ പരീക്ഷയ്ക്ക് വേണ്ടിയും നിരവധി മോക്ക് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് നമ്മുടെ കുറവുകൾ അറിയാന്‍ സഹായിക്കുമെന്നാണ് ഗാമിനി പറയുന്നത്. സ്വന്തമായി മൂല്യനിര്‍ണ്ണയം നടത്തുന്നതും പ്രധാനമാണെന്നും ഗാമിനി കൂട്ടിച്ചേര്‍ത്തു. എല്ലാ വാരാന്ത്യത്തിലും സ്കൂളില്‍ പോകാറുണ്ടായിരുന്നുവെന്നും അവിടെ നിന്ന് മെയിന്‍, പ്രിലിമിനറി വിഭാഗങ്ങളിൽ മൂന്ന് മണിക്കൂര്‍ നീണ്ട മോക്ക് ടെസ്റ്റ് നടത്താറുണ്ടായിരുന്നുവെന്നും ഗാമിനി പറഞ്ഞു.
ആദ്യത്തെയും രണ്ടാമത്തെയും ശ്രമത്തിനിടയില്‍, തനിക്ക് കൃത്യമായ ഒരു തന്ത്രം ഇല്ലായിരുന്നുവെന്നും ഗാമിനി വിശദീകരിച്ചു. ആദ്യ ശ്രമത്തില്‍ നന്നായി പഠിച്ചിരുന്നെങ്കിലും, ഫലം കണ്ടത് രണ്ടാം തവണയായിരുന്നു. ''ഞാന്‍ മുന്‍വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ പഠിക്കുകയും കൂടുതല്‍ മോക്ക് ടെസ്റ്റുകള്‍ നടത്തുകയും ചെയ്തു. ആദ്യ ശ്രമത്തില്‍, എനിക്ക് മോക്ക് ടെസ്റ്റുകള്‍ എഴുതാന്‍ വേണ്ടത്ര സമയമില്ലായിരുന്നു. കൂടാതെ പ്രിലിമിനറി പാസാകാനും കഴിഞ്ഞില്ല. ആദ്യത്തേതില്‍ ഉത്തരങ്ങള്‍ വേണ്ട രീതിയില്‍ എഴുതാന്‍ കഴിഞ്ഞില്ല,'' ഗാമിനി ന്യൂസ് 18 നോട് പറഞ്ഞു.
ഒരാളുടെ വ്യക്തിത്വത്തില്‍ പ്രതിഫലിക്കുന്നത് അയാളുടെ അറിവാണ്. അഭിമുഖങ്ങള്‍ പാസാകാന്‍ ഇത് സഹായിക്കുമെന്നും ഗാമനി കൂട്ടിച്ചേർത്തു. സമകാലിക സംഭവങ്ങളെ കുറിച്ചറിയാന്‍ പത്രം വായിച്ചാല്‍ മതിയെന്നും ഗാമിനി പറയുന്നു. നിലവിലെ വാര്‍ത്തകളും മറ്റ് സംഭവങ്ങളും അറിയാന്‍ ഗാമിനിയെ സഹായിച്ചത് അവളുടെ പിതാവാണ്. ഇത് സമയം ലാഭിച്ചു. ഗാമിനിയുടെ അച്ഛനും അമ്മയും സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസര്‍മാരാണ്. സഹോദരന് ഖരഗ്പൂരിലെ ഐഐടിയിലെ ബിരുദധാരിയാണ്. കോളേജ് പഠനകാലത്ത് പിഇസി മോഡല്‍ യുഎന്നിന്റെ ഡയറക്ടര്‍ ജനറലായിരുന്നു ഗാമിനി. അതിനാല്‍, ഐക്യരാഷ്ട്രസഭയുടെ പ്രസക്തിയെക്കുറിച്ച് അഭിമുഖത്തില്‍ തന്നോട് ചോദിച്ചുവെന്നും ഗാമിനി പറയുന്നു.
Also Read-
UPSC Topper | വീട്ടുകാർക്കൊപ്പം നൃത്തം ചെയ്ത് വിജയം ആഘോഷിച്ച് സിവിൽ സര്‍വീസ് മൂന്നാം റാങ്കുകാരി; വീഡിയോ വൈറല്‍
പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയതിനെ തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം നൃത്തം ചെയ്യുന്ന ഗാമിനിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. റാങ്ക് നേടുന്നതിനായി തന്നെ വൈകാരികമായും ധാര്‍മ്മികമായും പിന്തുണച്ച കുടുംബത്തോട് ഗാമിനി നന്ദി പറഞ്ഞു. ''വളരെയധികം സംതൃപ്തി തോന്നുന്നുണ്ട്. ദൈവം എന്നെ അനുഗ്രഹിച്ചു, വൈകാരികമായും ധാര്‍മ്മികമായും എന്റെ പഠനത്തില്‍ എന്നെ പിന്തുണച്ച ദൈവത്തിനും എന്റെ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു'', ഗാമിനി പറഞ്ഞു.
2021-ലെ സിവില്‍ സര്‍വീസ് പരീക്ഷയിൽ ആദ്യ മൂന്ന് റാങ്കുകള്‍ കരസ്ഥമാക്കിയത് വനിതകളാണ്. ഡല്‍ഹി ആസ്ഥാനമായുള്ള ശ്രുതി ശര്‍മ്മ ഓള് ഇന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടി. അങ്കിത അഗര്‍വാള്‍ രണ്ടാം റാങ്കും ഗാമിനി സിന്ഗ്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 685 പേരെയാണ് ഇക്കുറി യുപിഎസ്സി നിയമനത്തിനു ശുപാർശ ചെയ്തിരിക്കുന്നത്. ഇവരില്‍ 177 സ്ത്രീകളും 508 പുരുഷന്മാരും ഉള്‍പ്പെടുന്നു. ഈ വർഷത്തെ റാങ്ക് പട്ടികയിൽ ആദ്യ നൂറിൽ ഒൻപതു മലയാളികളുമുണ്ട്. പ്രിലിമിനറി പരീക്ഷ 2021 ഒക്ടോബർ 10നാണ് നടന്നത്. മെയിൻ പരീക്ഷ 2022 ജനുവരി 7 മുതൽ 16 വരെയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.