രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്) (NEET) പരീക്ഷയ്ക്ക് പ്രാദേശിക ഭാഷ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ (STUDENTS) എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ. ഈ വര്‍ഷം നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം റെക്കോർഡിലെത്തിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
18.7 ലക്ഷം കുട്ടികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. ഇതിൽ മൊത്തം 1,37,492 വിദ്യാര്‍ത്ഥികളാണ് പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതിയത്. 2021ല്‍ ഇത് 1,20.616 ആയിരുന്നു. പ്രാദേശിക ഭാഷയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്ന് ഈ കണക്കുകളില്‍ നിന്ന് തന്നെ വ്യക്തമാകും. 1,476,024 പേരാണ് 2022ല്‍ ഇംഗ്ലീഷില്‍ പരീക്ഷ എഴുതിയത്. 2,58,827 പേര്‍ ഹിന്ദിയിലും പരീക്ഷ എഴുതി. നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 13 ഭാഷകളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. അസ്സാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു, ഇംഗ്ലീഷ് എന്നിവയാണ് പരീക്ഷാ ബോര്‍ഡ് അനുവദിച്ചിരിക്കുന്ന പ്രാദേശിക ഭാഷകള്‍.
ഈ കണക്കിൽ തന്നെ മുന്നിൽ നിൽക്കുന്ന ഗുജറാത്തി ഭാഷയാണ്. 49,000 ത്തിലധികം പേരാണ് ഗുജറാത്തി ഭാഷയിൽ നീറ്റ് എഴുതിയത്. തൊട്ടുപിന്നാലെയുള്ളത് ബംഗാളിയാണ്. 42000 കുട്ടികള്‍ ബംഗാളി ഭാഷയില്‍ പരീക്ഷയെഴുതി. തമിഴ് ഭാഷ തെരഞ്ഞെടുത്ത കുട്ടികളുടെ എണ്ണം 31000ത്തിലധികമാണ്. 1510 പേരാണ് മലയാളത്തില്‍ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത് പഞ്ചാബി ഭാഷയിലാണ്.
ഇത്തവണ 18,72,343 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 17,64,571 പേരാണ് നീറ്റ് പരീക്ഷയെഴുതിയത്. മെഡിക്കല്‍ പ്രവേശനത്തിനായി രജിസ്റ്റര്‍ ചെയ്ത പെണ്‍കുട്ടികളുടെ എണ്ണവും ആണ്‍ കുട്ടികളെ അപേക്ഷിച്ച് ഇത്തവണ കൂടുതലാണ്. മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയവര്‍ക്ക് ഔദ്യോഗിക സൈറ്റായ neet.nta.nic.in വഴി സ്‌കോര്‍ പരിശോധിക്കാം.
429160 ആണ്‍കുട്ടികളും 563902 പെണ്‍കുട്ടികളും ഇത്തവണ നീറ്റ് പരീക്ഷ വിജയിച്ചിട്ടുണ്ട്. ഹരിയാനയില്‍ നിന്നുള്ള രാജസ്ഥാന്‍ വിദ്യാര്‍ത്ഥി തന്‍ഷിക എന്ന പെണ്‍കുട്ടിയ്ക്കാണ് ഇത്തവണ ഒന്നാം റാങ്ക്.
കഴിഞ്ഞമാസം ജൂലൈ 17നായിരുന്നു നീറ്റ് പരീക്ഷ. സെപ്തംബര്‍ 4ന് 250ഓളം വിദ്യാര്‍ത്ഥികള്‍ക്കായി പുന പരീക്ഷയും നടത്തിയിരുന്നു. 2021ല്‍ 3,858 സെന്ററുകളിലായി നടത്തിയ പരീക്ഷയില്‍ 15.44 ലക്ഷം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. 8.70 വിദ്യാര്‍ത്ഥികളെങ്കിലും ആ തവണ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.5 ലക്ഷം വിദ്യാര്‍ത്ഥികളാണ് കൂടുതായി രജിസ്റ്റര്‍ ചെയ്തത്.
നീറ്റ് പരീക്ഷ വന്നതോടെ രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ ഏകീകരിക്കപ്പെടുകയായിരുന്നു. തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പ് പരിഗണിച്ച്, സുപ്രീംകോടതി 2014ല്‍ നീറ്റ് റദ്ദാക്കിയെങ്കിലും 2016ല്‍ ഇത് പുനസ്ഥാപിക്കയുണ്ടായി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ നടത്തിയിരുന്ന നീറ്റ് പരീക്ഷ, 2019 മുതല്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ആണ് നടത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.