HOME /NEWS /Career / UPSC 2020: ജമ്മു കശ്മീരിലെ റിക്ഷാക്കാരന്റെ മകന് രണ്ടാം റാങ്ക്; അഭിമാനനേട്ടം ആദ്യ പരിശ്രമത്തിൽ

UPSC 2020: ജമ്മു കശ്മീരിലെ റിക്ഷാക്കാരന്റെ മകന് രണ്ടാം റാങ്ക്; അഭിമാനനേട്ടം ആദ്യ പരിശ്രമത്തിൽ

തൻവീർ അഹമ്മദ് (മധ്യത്തിൽ) കുടുംബത്തോടൊപ്പം

തൻവീർ അഹമ്മദ് (മധ്യത്തിൽ) കുടുംബത്തോടൊപ്പം

പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരിക്കലും തൻവീർ അഹമ്മദിന്റെ വലിയ സ്വപ്നങ്ങൾക്ക് തടസ്സമായിരുന്നില്ല. നിശ്ചയദാർഢ്യവും കഠിനാധ്വാനവും മാത്രമായിരുന്നു കൈമുതൽ.

  • Share this:

    സഹൂർ ​​റാസ്വി

    കുൽഗാം: യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷൻ നടത്തുന്ന ഇന്ത്യൻ ഇക്കണോമിക്സ് സർവ്വീസ് പരീക്ഷയിൽ രണ്ടാം സ്ഥാനം നേടി ജമ്മു കശ്മീർ സ്വദേശി. കുൽഗാം ജില്ലയിലെ നിഗീൻപുര കുണ്ഡിൽ നിന്നുള്ള തൻവീർ അഹമ്മദ് ഖാനാണ് താഴ്വരയുടെ അഭിമാനമായി മാറിയത്. റിക്ഷക്കാരന്റെ മകനായ തൻവീർ നിരവധി സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ചാണ് സ്വപ്നതുല്യമായ ഈ നേട്ടം കൈവരിച്ചത്.

    അനന്ത് നാഗിൽ നിന്നുള്ള സർക്കാർ ബോയ്സ് കോളജിൽ നിന്നാണ് തൻവീർ അഹമ്മദ് ഖാൻ ബിരുദം പൂർത്തിയാക്കിയത്. 2018ൽ കശ്മീർ സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുധം നേടി. കൊൽക്കത്തയിലായിരുന്നു എം.ഫിൽ പഠനം. ഇതിനിടെ ഇന്ത്യൻ ഇക്കണോമിക്സ് സർവ്വീസ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകളും തുടർന്നു. ആദ്യ പരിശ്രമത്തിൽ തന്നെ വിജയം നേടാനായി എന്നതാണ് മറ്റൊരു പ്രത്യേകത.

    പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരിക്കലും തൻവീർ അഹമ്മദിന്റെ വലിയ സ്വപ്നങ്ങൾക്ക് തടസ്സമായിരുന്നില്ല. നിശ്ചയദാർഢ്യവും കഠിനാധ്വാനവും മാത്രമായിരുന്നു കൈമുതൽ. കുടുംബത്തിൻ്റെ അകമഴിഞ്ഞ പിന്തുണ കൂടി ലഭിച്ചതോടെ വലിയ നേട്ടം തൻവീറിനെ തേടിയെത്തി.

    Also Read- പാക്കിസ്ഥാനിൽ വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ കൗമാരക്കാരൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തി

    കർഷകനായിരുന്ന തൻവീർ അഹമ്മദിൻ്റെ പിതാവ് തണുപ്പ് കാലത്ത് പഞ്ചാബിൽ റിക്ഷ വലിക്കുന്ന ജോലിക്ക് പോകുമായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും മകൻ്റെ പഠനം മുടങ്ങാതിരിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിതാവ് എപ്പോഴും മകനോട് പറയാറുള്ളത്. കുടുംബാംഗങ്ങൾ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നതാണ് കഷ്ടപ്പാടുകൾക്കിടയിലും തൻവീറിന് പഠനത്തിൽ മുന്നേറാനുള്ള ഊർജ്ജമായത്.

    ഇൻ്റർനെറ്റ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ജമ്മു കശ്മീരിലെ ഉൾ നാടൻ  ഗ്രാമങ്ങളിൽ താമസിച്ചു കൊണ്ടുള്ള പഠനത്തെ ദുഷ്ക്കരമാക്കിയിരുന്നുവെന്ന് തൻവീർ പറയുന്നു. മികച്ച വേഗതയിൽ ഇൻ്റർനെറ്റ് ലഭിക്കാൻ മറ്റ് സ്ഥലങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക് പോകേണ്ടി വരുന്നു എന്നും തൻവീർ കൂട്ടിച്ചേർത്തു.

    രക്ഷിതാക്കൾക്ക് പുറമേ പ്രൊഫസർ ആയ അമ്മാവൻ്റെ പിന്തുണ തൻവീറിന് ലഭിച്ചിരുന്നു. വെല്ലുവിളികളെ നേരിട്ട് പഠനത്തിൽ മുന്നേറാൻ അമ്മാവൻ്റെ  ഉപദേശങ്ങൾ സഹായിച്ചെന്ന് തൻവീർ അഹമ്മദ് പറയുന്നു. “എൻ്റെ വിജയം അദ്ദേഹത്തിന് കൂടി അവകാശപ്പെട്ടതാണ്” തൻവീർ അഹമ്മദ് പറഞ്ഞു.

    വ്യത്യസ്തമായ തൊഴിൽ സാധ്യതകൾ ജമ്മു കാശ്മീരിലെ വിദ്യാർത്ഥികൾ തേടേണ്ടതുണ്ട് എന്ന് തൻവീർ അഹമ്മദ് പറഞ്ഞു. “ഏത് മേഖലയിലും കഴിവ് തെളിയിക്കാനുള്ള പ്രാപ്തി ജമ്മു കശ്മീരിലെ യുവതയ്ക്കുണ്ട്. പരമ്പരാഗത തൊഴിൽ സാധ്യതകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പുതിയ തൊഴിൽ സാധ്യതകൾ കൂടി യുവാക്കാൾ കണ്ടെത്തണം”- തൻവീർ അഹമ്മദ് പറഞ്ഞു.

    ഇന്ത്യൻ ഇക്കണോമിക്സ് സർവ്വീസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ തൻവീർ അഹമ്മദിനെ ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയും അഭിനന്ദിച്ചിരുന്നു.

    First published:

    Tags: Jammu Kashmir, Upsc, UPSC Civil Service