• HOME
 • »
 • NEWS
 • »
 • career
 • »
 • പാഠ്യ പദ്ധതി പരിഷ്‌കരണം; അടുത്ത വര്‍ഷം ജനുവരിയില്‍ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും

പാഠ്യ പദ്ധതി പരിഷ്‌കരണം; അടുത്ത വര്‍ഷം ജനുവരിയില്‍ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും

സാങ്കേതിക വിദ്യ, പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കൽ, മാലിന്യനിർമാർജനം, കുടിവെള്ള സംരക്ഷണം, ഊർജ്ജ സംരക്ഷണം തുടങ്ങിയ കാര്യങ്ങളൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാകും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് ഊന്നൽ നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള നടപടികളിലേക്ക് സർക്കാർ കടക്കുന്നത്. അടുത്ത വർഷം ആദ്യം തന്നെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ആധുനിക ശാസ്ത്ര - സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
  അടുത്ത വർഷം ജനുവരിക്ക് മുമ്പ് തന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും.

  സാങ്കേതിക വിദ്യ, പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കൽ, മാലിന്യനിർമാർജനം, കുടിവെള്ള സംരക്ഷണം, ഊർജ്ജ സംരക്ഷണം തുടങ്ങിയ കാര്യങ്ങളൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാകും. ലിംഗ സമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന രീതിയിൽ  ആവശ്യമായ അംശങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ  നടപടി ഉണ്ടാകും.

  പ്രീ സ്കൂൾ മുതൽ ഹയർസെക്കൻഡറി തലം വരെ സ്കൂൾ സംവിധാനങ്ങൾ ഏകീകരിക്കാനുള്ള പ്രവർത്തനം ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ നടത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മികവാർന്ന നിലയിൽ നടപ്പാക്കാൻ ക്രമീകരണം ഏർപ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

  സ്കൂളുകളുടെ ഭൗതിക സൗകര്യ വികസനരംഗത്ത് പ്രത്യേകം ശ്രദ്ധ ചെലുത്തും. കെട്ടിടങ്ങളെ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾക്കാകും ഊന്നൽ. ഫർണിച്ചറുകൾ നവീകരിക്കുന്നതിന് സമഗ്രമായ പദ്ധതിക്ക് രൂപം നൽകും. സ്കൂളുകളിൽ സൗരോർജം പ്രയോജനപ്പെടുത്തുന്നതിന് മുൻഗണന നൽകും.

  അധ്യാപകർക്ക് കൂടുതൽ പരിശീലനം നൽകി പ്രൊഫഷനലിസം വർദ്ധിപ്പിക്കും. പ്രീ പ്രൈമറി രംഗത്ത് ക്‌ളസ്റ്റർ അധിഷ്ഠിത ഇടപെടൽ നടത്തും. ഓൺലൈൻ ക്ലാസുകൾ ഫലപ്രദമായി ആവിഷ്കരിച്ച് നടപ്പാക്കും. ഗണിതപഠനം 'മഞ്ചാടി' ശാസ്ത്രപഠനം 'മഴവില്ല്' പദ്ധതികൾ വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തും. കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിന് പ്രയോഗ കേന്ദ്രങ്ങളായി ഒരു ജില്ലയിലെ ഒരു സ്കൂളിനെ മാറ്റിയെടുക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കും.

  പൊതുവിദ്യാലയങ്ങളിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും സാമൂഹ്യനീതിയിലധിഷ്ഠിതമായ ഗുണമേന്മാ വിദ്യാഭ്യാസം പ്രധാനം ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ വിദ്യാഭ്യാസ മന്ത്രി  വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. പുതിയ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ പാഠ്യപദ്ധതിയിൽ കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. പാഠ്യ പദ്ധതി പരിഷ്കരണത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ തൊട്ടാൽ പൊള്ളുന്ന വിഷയമാണ് വിദ്യാഭ്യാസം.

  എല്ലാകാലത്തും പാഠ്യ പദ്ധതി  പരിഷ്കരണത്തിനുള്ള നടപടികളിലേക്ക് കടന്നപ്പോൾ ശക്തമായ എതിർപ്പാണ് നേരിടേണ്ടി വന്നിട്ടുള്ളത്. അതിനാൽ ഇത്തവണയും അധ്യാപക സംഘടനകളുടെ അടക്കം ഭാഗത്തു നിന്നും ഉയരാൻ സാധ്യതയുള്ള ശക്തമായ എതിർപ്പുകൾ മറികടന്നുകൊണ്ട് മാത്രമേ സർക്കാരിന്പാ ഠ്യപദ്ധതി പരിഷ്കരണം യാഥാർത്ഥ്യമാക്കാൻ കഴിയൂ. ഏതായാലും എത്ര വലിയ എതിർപ്പ് ഉയർന്നാലും പാഠ്യപദ്ധതി പരിഷ്കരണം വേഗത്തിൽ നടപ്പിലാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം.
  Published by:Jayesh Krishnan
  First published: