ഐഐടി-ജെഇഇ (IIT-JEE), നീറ്റ് (NEET), ക്ലാറ്റ് (CLAT), ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി (CA) തുടങ്ങി ദേശീയ തലത്തിലുള്ള മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനായി (Govt School Students) തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് ഒരു റസിഡന്‍ഷ്യല്‍ പരിശീലന പരിപാടിയ്ക്ക് (Residential Training Programme) തുടക്കം കുറിച്ചിരിക്കുന്നു.
ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ആധുനിക സ്കൂളുകള്‍ സജ്ജീകരിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം, താമസം, പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍, യൂണിഫോം, അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കായി ടാബ്ലെറ്റ് എന്നിവ നല്‍കുകയും ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് പതിവ് ക്ലാസുകള്‍ക്ക് പുറമെ പ്രവേശന പരീക്ഷകള്‍ക്ക് (Entrance Exams) പരിശീലനവും നല്‍കും. ഓണ്‍ലൈനായി ടാബ്ലെറ്റിൽ 20 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷ എല്ലാ ദിവസവും നടത്തും. അതിന്റെ സ്കോറുകള്‍ അധ്യാപകരുമായി ഉടനടി പങ്കുവെയ്ക്കുകയും ചെയ്യും. പുതിയ അധ്യയന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും നൽകും.
പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ ചെന്നൈ, തിരുവള്ളൂര്‍, ധര്‍മ്മപുരി, ട്രിച്ചി, കടലൂര്‍, കല്ലുറിച്ചി, തിരുവണ്ണാമലൈ, സേലം, പേരാമ്പ്ര, കൃഷ്ണഗിരി എന്നിവയുള്‍പ്പെടെ 14 ജില്ലകളിലാണ് തമിഴ്നാട് സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് മാതൃകാ സ്കൂളുകള്‍ സ്ഥാപിച്ചത്. രക്ഷിതാക്കളുടെ ഔപചാരികമായ അനുമതിയോടെ വിദ്യാര്‍ത്ഥികളെ അതത് ജില്ലകളിലെ റെസിഡന്‍ഷ്യല്‍ പരിശീലനത്തിനായി ഈ സ്കൂളുകളില്‍ ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ പദ്ധതിയ്ക്ക് കീഴില്‍, പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന 80 വിദ്യാര്‍ത്ഥികളെയാണ് വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്തത്. എന്‍ടിഎസ്ഇ ഉള്‍പ്പെടെയുള്ള മൂല്യനിര്‍ണ്ണയ പരീക്ഷകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി ഓരോ ജില്ലയിലെയും തമിഴ് മീഡിയം സ്കൂളില്‍ നിന്ന് 40 വിദ്യാര്‍ത്ഥികളെയും ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ നിന്ന് 40 വിദ്യാര്‍ത്ഥികളെയുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്.
വിദ്യാര്‍ത്ഥികള്‍ എല്ലാ ദിവസവും രാവിലെ 8:15 മുതല്‍ വൈകുന്നേരം 5 മണി വരെ ക്ലാസുകളില്‍ പങ്കെടുക്കും. കായിക പ്രവര്‍ത്തനങ്ങള്‍ക്ക് വാരാന്ത്യങ്ങളില്‍ സമയം അനുവദിച്ചിട്ടുണ്ട്. നിലവില്‍ ജീവശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങള്‍ മുഖ്യമായി എടുത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ഈ സ്കൂളുകളില്‍ ചേര്‍ത്തിട്ടുള്ളത്. അടുത്ത ഘട്ടത്തോടെ കൊമേഴ്സ് വിദ്യാര്‍ത്ഥികളെയും തിരഞ്ഞെടുത്ത് സിഎ പരീക്ഷയ്ക്ക് പരിശീലനം നല്‍കും. കായിക പരിശീലനം ഉള്‍പ്പെടെ എല്ലാ കോച്ചിംഗ് പരീക്ഷകള്‍ക്കും പരിശീലനം നൽകി പദ്ധതി വിപുലീകരിക്കാനാണ് സർക്കാരിന്റെ ശ്രമം.
നേരത്തെ, നീറ്റ് പരീക്ഷ എഴുതാന്‍ താത്പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോച്ചിംഗ് നല്‍കുമെന്ന് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ നീറ്റ് യുജി പരീക്ഷയ്ക്ക് പരിശീലിപ്പിക്കുന്നതിനായി 10 കോളേജുകളില്‍ ഭക്ഷണവും താമസ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈനായി പഠിക്കാനുള്ള ഓണ്‍ലൈന്‍ സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിരുന്നു. നീറ്റ് കോച്ചിംഗിനായി അധ്യാപകര്‍ക്ക് രണ്ടാഴ്ചയോളം പരിശീലനവും നല്കി. വിദ്യാര്‍ത്ഥികള്‍ക്ക് പാഠങ്ങള്‍ പഠിക്കാന്‍ ഒരു ലോഗിന്‍ ഐഡിയും പാസ്വേഡും നല്‍കുമെന്നും അധ്യാപകര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഹെഡ്മാസ്റ്റര് എന്നിവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ പ്രകടനം നിരീക്ഷിക്കാന്‍ കഴിയുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.