• HOME
  • »
  • NEWS
  • »
  • career
  • »
  • Student organizations | അമേരിക്കയിൽ പഠിക്കാൻ ആശങ്കയുണ്ടോ? ഇന്ത്യൻ വിദ്യാർഥികളെ സഹായിക്കാൻ സംഘടനകൾ

Student organizations | അമേരിക്കയിൽ പഠിക്കാൻ ആശങ്കയുണ്ടോ? ഇന്ത്യൻ വിദ്യാർഥികളെ സഹായിക്കാൻ സംഘടനകൾ

വലിയ നഗരത്തിലുള്ള ഒരു വലിയ സർവ്വകലാശാല തിരഞ്ഞെടുക്കുന്നവർക്ക് ഒരു ചെറിയ പട്ടണത്തിലെ ക്യാമ്പസിലുള്ളവരേക്കാൾ വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും ഉണ്ടാകുക

(പ്രതീകാത്മക ചിത്രം)/ SPAN Magazine

(പ്രതീകാത്മക ചിത്രം)/ SPAN Magazine

  • Share this:
    #കാൻഡിസ് യാക്കനോ (Candice Yacono)

    സാധാരണയായി വിദ്യാർത്ഥി സംഘടനകൾ (Student organizations) വൈവിധ്യമാർന്ന കാമ്പസ് അന്തരീക്ഷം സൃഷ്ടിക്കുകയും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഓർമകളും ബന്ധങ്ങളും കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ അമേരിക്കൻ കാമ്പസുകളിലെ ഇന്ത്യൻ, അമേരിക്കൻ വിദ്യാർത്ഥികളുടെ സംസ്കാരവും വിദ്യാർത്ഥി ജീവിതവുമൊക്കെ കോർത്തിണക്കാനുള്ള ഒരു മാർഗമാണ് ഇന്ത്യൻ വിദ്യാർത്ഥി സംഘടനകൾ (Indian Student Associations).

    അമേരിക്കൻ സർവ്വകലാശാലകൾ (American universities) സ്ഥിരമായി ലോകത്തിലെ ഏറ്റവും ഉയർന്ന റാങ്കിംഗിൽ ഇടം നേടാറുണ്ട്. അക്കാദമിക് മികവിനും പാഠ്യേതര പ്രവർത്തനങ്ങൾക്കും പേരുകേട്ടവയാണ് ഈ സർവകലാശാലകൾ. ഇത്തരത്തിലുള്ള സർവ്വകലാശാലകളെ പരമാവധി പ്രയോജനപ്പെടുത്തുക എന്നത് ഏറെ പ്രധാനമാണ്. ഈ സർവ്വകലാശാലകൾ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുകയും അവരുടെ താമസവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുകയും ചെയ്യാറുണ്ട്. ഇവിടങ്ങളിലെ വിദ്യാർത്ഥി സംഘടനകളും സാംസ്കാരികമായി വൈവിധ്യമാർന്ന ഇത്തരം ക്യാമ്പസുകളിലെ അന്തരീക്ഷങ്ങൾ മികച്ച രീതിയിൽ മുൻപോട്ട് കൊണ്ടുപോകുയും അവയെ പരിപോഷിപ്പിക്കാനും വികസിപ്പിക്കാനും പ്രവർത്തിക്കുകയും ചെയ്യുന്നു. ക്ലബ്ബുകൾ, പെർഫോമിംഗ് ആർട്സ് ഗ്രൂപ്പുകൾ, സന്നദ്ധ സംഘടനകൾ, അനൗപചാരിക ഹാംഗ്ഔട്ടുകൾക്കുള്ള ഇടങ്ങൾ, തുടങ്ങിയവയിലൂടെയെല്ലാം അമേരിക്കയിലെ വിദ്യാർഥി ജീവിതത്തിന് ഇത്തരം സംഘടനകൾ ഒരു മുതൽക്കൂട്ടാകുന്നു.

    ഉദാഹരണത്തിന്, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉടനീളമുള്ള സർവ്വകലാശാലകളിലെ ഇന്ത്യൻ സ്റ്റുഡന്റ് അസോസിയേഷൻ (ISA) ഇന്ത്യൻ, അമേരിക്കൻ വിദ്യാർത്ഥികളെയും പൂർവ്വ വിദ്യാർത്ഥികളെയും ഒരുമിച്ച് ഒരു കുടക്കീഴിൽ അണി നിരത്താറുണ്ട്. വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ കഴിയുന്ന ചെറിയ ക്ലബ്ബുകളായും അസോസിയേഷനുകളായും ഒക്കെയാണ് ഇന്ത്യൻ സ്റ്റുഡന്റ് അസോസിയേഷന്റെ പ്രവർത്തനം. ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിൽ (University of Texas) 1954ൽ സ്ഥാപിക്കപ്പെട്ട ഇന്ത്യൻ സ്റ്റുഡന്റ് അസോസിയേഷൻ അമേരിക്കയിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനകളിലൊന്നാണ്. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ (California State University) ഇന്ത്യൻ സ്റ്റുഡന്റ് അസോസിയേഷനും കാമ്പസിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനകളിൽ ഒന്നാണ്. പർഡ്യൂ സർവ്വകലാശാലയിലും (Purdue University) മിഷിഗൺ സർവ്വകലാശാലയിലും (Michigan University) വിദ്യാർത്ഥികളെ ബന്ധിപ്പിക്കുന്നതിനും സൗഹൃദം സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള ഇന്ത്യൻ സ്റ്റുഡന്റ് അസോസിയേഷനുകൾ ഉണ്ട്.

    ദീപാവലി, പുതുവത്സര പരിപാടികൾ തുടങ്ങിയവയെല്ലാം ഈ അസോസിയേഷനുകളുടെ നേതൃത്വത്തിൽ സാധാരണയായി നടത്താറുണ്ട്. ഓരോ വസന്തകാലത്തും, യേൽ, പ്രിൻസ്റ്റൺ, കൊളംബിയ (Yale, Princeton and Columbia) തുടങ്ങിയ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലുടനീളമുള്ള സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഭാൻഗ്ര മത്സരം (Bhangra competition) നടത്താറുണ്ട്.

    പഞ്ചാബി സംസ്‌കാരവും ബഹുസാംസ്‌കാരികതയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 2003ൽ ഓസ്റ്റിനിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിൽ ഒരു നൃത്ത ​ഗ്രൂപ്പും രൂപീകരിക്കപ്പെട്ടിരുന്നു.

    വലിയ കാമ്പസുകളിൽ, സാംസ്കാരിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും സമാന ചിന്താഗതിക്കാരായ വിദ്യാർഥികൾ തമ്മിൽ ബന്ധം സ്ഥാപിക്കാനും ഒരു പിന്തുണാ ശൃംഖലയായും സോഷ്യൽ ഗ്രൂപ്പായും ഇന്ത്യൻ സ്റ്റുഡന്റ് അസോസിയേഷൻ പ്രവർത്തിക്കുന്നു. മിഷിഗൺ സർവ്വകലാശാലയിലെ ഇന്ത്യൻ സ്റ്റുഡന്റ് അസോസിയേഷൻ ഇന്ത്യൻ വിദ്യാർത്ഥികൾക്കും ഇന്ത്യൻ വംശജരായ അമേരിക്കൻ വിദ്യാർത്ഥികൾക്കും പരസ്പരം അറിയാനുള്ള അവസരം ഒരുക്കുന്നു. വിദ്യാർത്ഥികൾക്ക് താമസസൗകര്യം കണ്ടെത്തുന്നതിനും സ്വാഗത പരിപാടികൾ സംഘടിപ്പിക്കുന്നതിനും കാമ്പസ് ജീവിതത്തിൽ അവരെ സഹായിക്കാൻ കഴിയുന്ന സമപ്രായക്കാരുമായും ഉപദേശകരുമായും അവരെ പരിചയപ്പെടുത്തുന്നതിനും
    സാഹചര്യങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിനും അവർക്ക് ഉണ്ടായേക്കാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനും ഇന്ത്യൻ സ്റ്റുഡന്റ് അസോസിയേഷൻ വിദ്യാർത്ഥികൾക്ക് സഹായം നൽകുന്നു. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ സ്റ്റുഡന്റ് അസോസിയേഷൻ, തെക്കൻ കാലിഫോർണിയയിലെ ഇന്ത്യൻ സമൂഹവുമായി വിദ്യാർത്ഥികളെ ബന്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. കാമ്പസ് സമൂഹത്തെ ഇന്ത്യൻ സംസ്കാരവുമായി പരിചയപ്പെടുത്താനും സംഘടന പ്രവർത്തിക്കുന്നു.

    പുതിയതായി എത്തുന്ന വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും കാമ്പസിലെ പുതിയ ജീവിതവുമായി പൊരുത്തപ്പെടുത്തുന്നതിന് സഹായിക്കുക എന്ന ഏക ലക്ഷ്യത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ പല സർവ്വകലാശാലകളും വിദ്യാർത്ഥികൾക്ക് പല സേവനങ്ങളും നൽകുന്നുണ്ട്. ആരോഗ്യ വിദ​ഗ്ധരുടെയും അക്കാദമിക് വിദഗ്ധരുടെയും സഹായം മുതൽ സാമ്പത്തിക സഹായവും സുരക്ഷയും വരെ ഇവർ ഉറപ്പാക്കുന്നു.

    വിദ്യാർത്ഥികൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ ഇന്ത്യൻ സ്റ്റുഡന്റ്സ് അസോസിയേഷൻ സഹായവുമായി രംഗത്തെത്താറുണ്ട്. ഓസ്റ്റിനിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ഐഎസ്‌എ ഫുഡ് ഫോർ തോട്ട് (Food For Thought) എന്ന പേരിൽ ഒരു പ്രത്യേക ഡ്രൈവ് നടത്തുന്നുണ്ട്. പദ്ധതിക്ക് കീഴിൽ ഇന്ത്യൻ സ്റ്റുഡന്റ്സ് അസോസിയേഷൻ വിദ്യാർത്ഥികൾക്ക് അവസാന ആഴ്ചയിൽ സൗജന്യ ഭക്ഷണം നൽകുന്നു. അതുപോലെ, പർഡ്യൂ ഇന്ത്യൻ അണ്ടർ ഗ്രാജുവേറ്റ് വെൽഫെയർ അസോസിയേഷൻ പുതിയതായി എത്തുന്ന വിദ്യാർഥികളെ അവർ എത്തുന്നതിനു മുൻപേ തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ജീവിതവുമായി പൊരുത്തപ്പെടുത്താൻ വേണ്ട സഹായങ്ങളും ചെയ്യുന്നു.

    യുണൈറ്റഡ് സ്റ്റേറ്റ്സിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഒരു പുതിയ സ്ഥലത്തെത്തുന്നതുമായും പുതിയ ജീവിതശൈലി ആരംഭിക്കുന്നതുമായും ബന്ധപ്പെട്ട ഭയവും അസ്വസ്ഥതയും ഉണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കോളേജുകളിലെ അന്തരീക്ഷം പലർക്കും പല തരത്തിലുള്ള അനുഭവം ആയിരിക്കും സമ്മാനിക്കുക. വലിയ നഗരത്തിലുള്ള ഒരു വലിയ സർവ്വകലാശാല തിരഞ്ഞെടുക്കുന്നവർക്ക് ഒരു ചെറിയ പട്ടണത്തിലെ ക്യാമ്പസിലുള്ളവരേക്കാൾ വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും ഉണ്ടാകുക. വേഗതയേറിയ ജീവിതശൈലി ഇഷ്ടപ്പെടുന്ന, നഗരജീവിതവുമായി ഇടപഴകി ശീലിച്ച വിദ്യാർത്ഥികൾക്ക് വലിയ ന​ഗരങ്ങളിലെ ക്യാമ്പസുകൾ മികച്ച അനുഭവം ആയിരിക്കും സമ്മാനിക്കുക.
    നേരേ മറിച്ച്, ചെറിയ പട്ടണങ്ങളിലെ മന്ദഗതിയിലുള്ള ജീവിതരീതി ഇഷ്ടപ്പെടുന്ന വിദ്യാർഥികളും ഉണ്ട്.

    ഒരു വിദ്യാർത്ഥി തിരഞ്ഞെടുക്കുന്ന ക്യാമ്പസ് ഏതായാലും, ഈ സ്ഥാപനങ്ങളിലെല്ലാം എല്ലാ വിദ്യാർത്ഥികൾക്കും പാഠ്യേതര അവസരങ്ങൾ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. ഡിബേറ്റ് ക്ലബുകളും മ്യൂസിക് അസോസിയേഷനുകളും മുതൽ പ്രാദേശിക സംഘടനകളുമായി പ്രവർത്തിക്കുന്ന ക്യാമ്പസ് സംഘടനകൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഇതേക്കുറിച്ച് കൂടുതറിയാനാൻ ആ​ഗ്രഹിക്കുന്നവർ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് താൽപര്യമുള്ള ഒരു സ്റ്റുഡന്റ് ക്ലബ് ഉണ്ടോ എന്നറിയാൻ യൂണിവേഴ്സിറ്റി വെബ്‌സൈറ്റുകൾ പരിശോധിക്കാവുന്നതാണ്. കൂടാതെ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലൂടെ മറ്റ് വിദ്യാർത്ഥികളുമായി ബന്ധപ്പെടുകയും അവരുടെ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്യാം. ഒരു വിദ്യാർത്ഥി ഏത് ക്യാമ്പസിൽ പഠിച്ചാലും, അവരുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്ന് മറ്റ് പരിപാടികളിൽ പങ്കെടുക്കാൻ തയ്യാറാകുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്. കാരണം അവസരങ്ങൾ ആരുടെയും വാതിൽക്കൽ വന്ന് മുട്ടില്ല.

    (തെക്കൻ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മാസികയിലും പത്രത്തിലും ലേഖകനാണ് കാൻഡിസ് യാക്കനോ).

    Courtesy: SPAN Magazine, U.S. Embassy, New Delhi
    Published by:user_57
    First published: