ലോകമെങ്ങും ഒരു നാടോടിയെപ്പോലെ (Nomad) സഞ്ചരിച്ച് ജീവിതം ആസ്വദിക്കാനും മാതൃരാജ്യത്തിന് പുറത്ത് പോയി വിദൂരത്തുള്ള ഒരു സ്ഥലത്ത് ജോലി ചെയ്യാനുമൊക്കെ ആഗ്രഹിക്കുന്നവരുണ്ടാകും. അത്തരക്കാരെ സഹായിക്കുന്നതാണ് ഡിജിറ്റൽ നൊമാഡ് വിസ (Digital Nomad Visa). മറ്റൊരു രാജ്യത്ത് യാത്ര ചെയ്യുന്നതിനും ഒരു ചെറിയ കാലയളവ് അവിടെ താമസിക്കുന്നതിനും സഹായിക്കുക മാത്രമല്ല ഒരു ഡിജിറ്റൽ നൊമാഡ് വിസ ചെയ്യുന്നത്. ആ രാജ്യങ്ങളിലെ ചെറിയ അസോസിയേഷനുകളുമായും ബിസിനസുകളുമായും വ്യക്തികളുമായും സഹകരിച്ച് ജോലി ചെയ്യാനുള്ള അവസരവും നിങ്ങൾക്കു ലഭിക്കും. റിമോട്ട് ജോലി (Remote Job) അനുവദിക്കുന്ന സ്ഥാപനത്തിലാണ് നിങ്ങള്‍ ജോലി ചെയ്യുന്നതെങ്കിൽ ജോലി ആ രാജ്യങ്ങളിലെത്തി തുടരുകയും ചെയ്യാം.
കോവിഡും തുടർന്നുണ്ടായ ലോക്ക്ഡൗണും പലർക്കും പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ചിലര്‍ക്കെങ്കിലും അവ പല അവസരങ്ങളും നൽകിയിരുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ലോകത്തിന്റെ ഏത് കോണിലിരുന്നും തങ്ങളുടെ ജോലി ചെയ്യാനുള്ള അവസരം പലര്‍ക്കും ലഭിച്ചു. ചിലർ ഈ അവസരം മുതലെടുത്തുകൊണ്ട് വിദേശരാജ്യങ്ങളിലേക്ക് പോകുകയും ചെയ്തു. അത്തരക്കാർക്കും ഏറെ ഉപകാരപ്രദമായിരുന്നു ഈ ഡിജിറ്റൽ നോമാഡ് വിസ.
ടൂറിസ്റ്റ് വിസയെക്കാള്‍ കാലപരിധിയുള്ള ഡിജിറ്റല്‍ നൊമാഡ് വിസ വഴി ദീർഘകാല താമസക്കാരെ കൊണ്ടുവരാനും ടൂറിസം രംഗം ശക്തിപ്പെടുത്താനും പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. കോവിഡ് കാലത്ത് തകര്‍ന്ന സമ്പദ്വ്യവസ്ഥ തിരികെ പിടിക്കാനും പല രാജ്യങ്ങളും ഡിജിറ്റല്‍ നൊമാഡ് വിസ നൽകുന്നുണ്ട്. എന്നാൽ ഓരോ രാജ്യങ്ങളിലെയും നിയമങ്ങളും മാനദണ്ഡങ്ങളുമെല്ലാം വ്യത്യസ്തമാണ്. ഇതിനായുള്ള ചെലവുകൾ, ഫീസ്, അപേക്ഷിക്കേണ്ട രീതി, വിസാ കാലാവധി എന്നിവയെല്ലാം ഓരോ രാജ്യത്തും വ്യത്യാസപ്പെട്ടിരിക്കും.
ഡിജിറ്റല്‍ നൊമാഡ് വിസ നൽകുന്ന ചില രാജ്യങ്ങൾ ഏതൊക്കെയാണെന്നറിയാം.
1. ഗ്രീസ് (Greece)
നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഗ്രീസ്. ഡിജിറ്റൽ നോമാഡ് വിസ ഉണ്ടെങ്കിൽ ഗ്രീസിൽ ഒരു വർഷത്തോളം നിങ്ങൾക്ക് ജോലി ചെയ്യാം. താൽപര്യമുണ്ടെങ്കിൽ നിങ്ങളുടെ വിസാ കാലാവധി നീട്ടാൻ അപേക്ഷിക്കുകയും ചെയ്യാം. അതിലും കൂടുതൽ കാലം താമസിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഡിജിറ്റൽ നോമാഡ് റെസിഡൻസ് വിസയ്ക്ക് (Digital Nomad Residence Visa) അപേക്ഷിക്കാം. യൂറോപ്പിൽ കുറഞ്ഞ ചിലവില്‍ ജീവിക്കാൻ സാധിക്കുന്ന രാജ്യം കൂടിയാണിത്.
2. ജർമനി (Germany)
ജർമനിയിൽ ജോലി ചെയ്യുന്നതും രാജ്യത്തുടനീളം സഞ്ചരിക്കുന്നതും പലരുടെയും സ്വപ്നമായിരിക്കും. ഒരു ജർമൻ ഫ്രീലാൻസ് വിസ (German Freelance Visa) ഉണ്ടെങ്കിൽ അതു സാധ്യമാകും. ഡിജിറ്റൽ നോമാഡ് വിസ ജർമനിയിൽ അറിയപ്പെടുന്നത് അങ്ങനെയാണ്. ജർമൻ ഫ്രീലാൻസ് വിസ ഉണ്ടെങ്കിൽ സ്റ്റാർട്ടപ്പുകൾ, ബിസിനസുകൾ, മറ്റു വ്യക്തികൾ എന്നിവരുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാനാകും. വിസക്ക് അംഗീകാരം ലഭിക്കാൻ 4 മാസം വരെ സമയം എടുത്തേക്കും.
3. ഐസ്ലാൻഡ് (Iceland)
ഐസ്ലാൻഡ് റിമോട്ട് വർക്കർ വിസ (Iceland Remote Worker Visa) എന്നാണ് ഡിജിറ്റൽ നോമാഡ് വിസ രാജ്യത്ത് അറിയപ്പെടുന്നത്. 2020 ഒക്ടോബറിലാണ് ഇത് അവതരിപ്പിച്ചത്. ഒരു താൽകാലിക റസിഡൻസ് പെർമിറ്റാണ് ഇത്. പക്ഷേ ഈ വിസ കൊണ്ട് രാജ്യത്ത് ജോലി അന്വേഷിക്കാനാകില്ല. അതിനായി ഒരു പ്രത്യേക വിസ ലഭിക്കേണ്ടതുണ്ട്. ജീവിതചിലവ് വളരെ ഉയര്‍ന്ന രാജ്യമാണ് ഐസ്ലാൻഡ് എന്ന കാര്യവും മറക്കരുത്. അതിമനോഹരമായ ഭൂപ്രകൃതിയുള്ള രാജ്യം കൂടിയാണിത്.
4. മൗറീഷ്യസ് (Mauritius)
മൗറീഷ്യസ് എന്ന സ്വപ്നഭൂമിയിൽ താമസിക്കാനും ജോലി ചെയ്യാനും നിങ്ങൾ എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ, അത് മൗറീഷ്യസ് ഡിജിറ്റൽ നോമാഡ് വിസയിലൂടെയോ മൗറീഷ്യസ് പ്രീമിയം ട്രാവൽ വിസയിലൂടെയോ സാധിക്കും. ഈ വിസ ഉണ്ടെങ്കിൽ മൗറീഷ്യസിൽ ഒരു വർഷത്തേക്ക് താമസിക്കാനും ജോലി ചെയ്യാനും സാധിക്കും. അതിനുശേഷം വിസ പുതുക്കാനായി അപേക്ഷിക്കാം. എന്നാൽ ഈ ദ്വീപ് രാഷ്ട്രത്തിൽ ആറുമാസം താമസിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ നിങ്ങൾ രാജ്യത്തെ നിയമങ്ങൾ അനുസരിച്ചുള്ള നികുതി അടക്കണം.
5. ഇന്തോനേഷ്യ (Indonesia)
ഡിജിറ്റൽ നൊമാഡ് വിസയുള്ള ഒരു വ്യക്തിക്ക് പരമാവധി അഞ്ച് വർഷം വരെ ഇന്തോനേഷ്യയിൽ താമസിക്കാം. കൂടാതെ, മറ്റു രാജ്യങ്ങളിൽ നിന്നുമെത്തുന്ന തൊഴിലാളികൾ നികുതി അടക്കേണ്ടതുമില്ല.
6. നോർവേ (Norway)
നോർവേയിലെ സ്വാൽബാർഡ് ഡിജിറ്റൽ നോമാഡ് വിസയുള്ള (Svalbard Digital Nomad Visa) ഒരു വ്യക്തിക്ക് ജീവിതകാലം മുഴുവൻ രാജ്യത്ത് താമസിക്കാം. എന്നാൽ വിസയ്ക്ക് അപേക്ഷിക്കുന്നതിന് ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. രാജ്യത്ത് താമസിക്കുന്നിടത്തോളം കാലം തങ്ങൾക്കു ജീവിക്കാനാവശ്യമായ വരുമാനം ഉണ്ടെന്ന് അധികാരികളെ രേഖാമൂലം ബോധ്യപ്പെടുത്തണം. നോർവേയും ജീവിതച്ചെലവ് കൂടുതലുള്ള ഒരു രാജ്യമാണ്.
7. ബഹാമാസ് (The Bahamas)
ബഹാമാസ് ഡിജിറ്റൽ നോമാഡ് വിസയ്ക്ക് 365 ദിവസത്തേക്ക് കാലാവധിയുണ്ട്. എന്നാൽ വിസ ലഭിക്കുന്നതിനായി നിങ്ങൾ ഒരു ഡിജിറ്റൽ നൊമാഡ് ആണെന്നും രാജ്യത്ത് ജീവിക്കാനാവശ്യമായ പണം ഉണ്ടാക്കാൻ കഴിയുമെന്നും തെളിയിക്കണം. ഈ വിസയുണ്ടെങ്കിൽ ബഹാമാസിൽ ജോലി ചെയ്യാനും കഴിയും.
8. പോർച്ചുഗൽ (Portugal)
സ്ഥിരതയുള്ള ഒരു സ്രോതസ്സിൽ നിന്ന് മതിയായ വരുമാനം ഉണ്ടെന്ന് തെളിയിച്ചാൽ മാത്രമേ പോർച്ചുഗലിലെ ഡി7 പാസീവ് ഇൻകം വിസ (D7 Passive Income Visa) ലഭിക്കൂ. ഈ വിസക്ക് ഒരു വർഷത്തെ കാലാവധിയാണ് ഉണ്ടാകുക. അതിനുശേഷം രണ്ട് വർഷത്തേക്കു കൂടി വിസ പുതുക്കാം.
9. ചെക്ക് റിപ്പബ്ലിക് (The Czech Republic)
ഫ്രീലാൻസ് വിസ അല്ലെങ്കിൽ സിവ്നോ വിസ (Zivno Visa) ഉണ്ടെങ്കിൽ ഒരു വർഷത്തേക്ക് ചെക്ക് റിപ്പബ്ലിക്കിൽ ഫ്രീലാൻസ് ജോലികൾ ചെയ്യാം. അത് പിന്നീട് രണ്ട് വർഷത്തേക്ക് പുതുക്കാം. എന്നാൽ എന്തിനാണ് രാജ്യത്ത് വന്നതെന്ന കാര്യവും കുറഞ്ഞത് മൂന്നു മാസം അവിടെ ഉണ്ടാകുമെന്നും തെളിയിക്കണം.
10. സ്പെയിൻ
സ്പാനിഷ് ഇതര കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും ഫ്രീലാൻസ് ജോലികൾ ചെയ്യുന്നവർക്കും വിദൂര സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്നവർക്കും സ്പെയിനിലും ഡിജിറ്റൽ നോമാഡ് വിസ ലഭിക്കും. സ്പെയിനിലെ ഡിജിറ്റൽ നോമാഡ് വിസ ലഭിച്ചുകഴിഞ്ഞാൽ, നിങ്ങൾ 30 ദിവസത്തിനുള്ളിൽ ഒരു റസിഡൻസ് പെർമിറ്റിന് അപേക്ഷിക്കേണ്ടതുണ്ട്. വിസക്ക് ഒരു വർഷത്തെ കാലാവധിയാണ് ഉണ്ടാകുക. രണ്ട് വർഷത്തേക്ക് പുതുക്കാവുന്നതുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.