നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ഭാര്യമാരോടുളള സ്നേഹത്താൽ പരീക്ഷാത്തട്ടിപ്പ്; രണ്ട് പൊലീസുകാർ പിടിയിൽ; ചോദ്യപേപ്പർ ഒന്നര മണിക്കൂർ മുൻപ് മൊബൈൽ ഫോണിൽ

  ഭാര്യമാരോടുളള സ്നേഹത്താൽ പരീക്ഷാത്തട്ടിപ്പ്; രണ്ട് പൊലീസുകാർ പിടിയിൽ; ചോദ്യപേപ്പർ ഒന്നര മണിക്കൂർ മുൻപ് മൊബൈൽ ഫോണിൽ

  ആറു ജില്ലകളിലായി പരീക്ഷാ ക്രമക്കേടിന് 40 പേരാണ് പിടിയിലായത്. ഇവരിൽ പൊലീസുകാരും സർക്കാർ അധ്യാപകരും ഉൾപ്പെടുന്നു. 

  അറസ്റ്റിലായ പൊലീസുകാർ

  അറസ്റ്റിലായ പൊലീസുകാർ

  • Share this:
   ജയ്പൂർ: രാജസ്ഥാനിൽ റീറ്റ് പരീക്ഷയിൽ (രാജസ്ഥാൻ എലിജിബിലിറ്റി എക്‌സാമിനേഷൻ ഫോർ ടീച്ചേഴസ്) വ്യാപകമായ ക്രമക്കേടുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ആറു ജില്ലകളിലായി പരീക്ഷാ ക്രമക്കേടിന് 40 പേരാണ് പിടിയിലായത്. ഇവരിൽ പൊലീസുകാരും സർക്കാർ അധ്യാപകരും ഉൾപ്പെടുന്നു. സവായി മധോപൂർ ജില്ലയിലെ ഗംഗാപൂർ നഗരത്തിൽ ഭാര്യമാർക്ക് ചോദ്യപേപ്പർ ലഭിക്കാൻ സഹായം ചെയ്തതിന് രണ്ട് പൊലീസുകാർ പിടിയിലായി.

   പരീക്ഷാ പേപ്പർ സൂക്ഷിക്കുന്ന സുരക്ഷാ വലയം ഭേദിച്ച രണ്ട് പൊലീസുകാരാണ് പിടിയിലായത്. ഇവരുടെ ഭാര്യമാരെ കൂടാതെ നാലു പേർ‌ കൂടി സവായി മധോപൂർ ജില്ലയിൽ പിടിയിലായി.  കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് കോൺസ്റ്റബിളിനെയും ഹെഡ് കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഏഴ് സർക്കാർ അധ്യാപകർ ഉൾപ്പെടെ 40 പേരാണ് ഇതുവരെ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായത്.

   ഹെഡ് കോൺസ്റ്റബിൾ യദുവീർ സിംഗ്, കോൺസ്റ്റബിൾ ദേവേന്ദർ സിംഗ് എന്നിവരാണ് പിടിയിലായത്. ഇവരുടെ ഭാര്യമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ആഷിഷ് മീണ, ഉഷ മീണ, മനിഷ മീണ, ദിൽഖുഷ് മീണ എന്നിവരാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെ രണ്ട് പൊലീസുകാരെയും സസ്പെൻഡ് ചെയ്തുകൊണ്ട് പൊലീസ് സൂപ്രണ്ട് രാജേഷ് സിംഗ് ഉത്തരവിറക്കി.

   രണ്ട് പൊലീസുകാരുടെയും മൊബൈൽ ഫോണിൽ നിന്ന് റീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ കണ്ടെത്തിയിട്ടുണ്ട്. വളഞ്ഞ വഴിയിൽ പരീക്ഷ  പാസാകാൻ ഇരുവരും ഭാര്യമാരെ സഹായിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. റീറ്റ് ലെവൽ- 2 പരീക്ഷ രാവിലെ പത്ത് മണിക്കാണ് ആരംഭിച്ചത്. എന്നാൽ പരീക്ഷ ആരംഭിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപു തന്നെ ഇവരുടെ മൊബൈല്‍ ഫോണുകളിൽ ചോദ്യപേപ്പറിന്റെ പകർപ്പ് ലഭ്യമായെന്നാണ് കണ്ടെത്തിയിട്ടുള്ളത്. രണ്ട് പൊലീസുകാരുടെയും മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

   സിരോഹി ജില്ലയിലും സമാനമായ ആരോപണം ഉയർന്ന പൊലീസുകാരനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മൊബൈല്‍ ഫോണിൽ റീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട സംശകരമായ ചില ചാറ്റുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കലാന്ദരി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സൈതാനരമിനെ സസ്പെൻഡ് ചെയ്തതെന്ന് അഡീഷണൽ സൂപ്രണ്ട് ദേവേന്ദ്ര ശാരം അറിയിച്ചു. ഈ സംഭവവും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

   രാജസ്ഥാനിൽ സർക്കാർ സ്കൂളുകളിൽ അധ്യാപകരായി നിയമനം ലഭിക്കുന്നതിന് റീറ്റ് പരീക്ഷ പാസാകണമെന്നത് നിർബന്ധമാണ്. 31,000 ഒഴിവുകൾക്ക് വേണ്ടി 16 ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതുന്നതിന് ഹാജരായത്. കോപ്പിയടി പതിവായ ഇത്തരം പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പായി രാജസ്ഥാനിൽ ഉടനീളം 12 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ്, എസ് എം എസ് മുതലായ സേവനങ്ങൾ പൊലീസിന്റെ നിർദേശപ്രകാരം മൊബൈൽ ഫോൺ സേവനദാതാക്കൾ നിർത്തി വച്ചിരുന്നു. ബ്ലൂടൂത്ത് ചപ്പലുകൾ ഉപയോഗിച്ചും പരീക്ഷാ തട്ടിപ്പ് നടന്നിരുന്നതായി ഇന്നലെ തന്നെ റിപ്പോർട്ടുകൾ  വന്നിരുന്നു.
   Published by:Rajesh V
   First published:
   )}