യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (Union Public Service Commission) നടത്തുന്ന സിവിൽ സർവീസ് മെയിൻ പരീക്ഷയിൽ ഹാജരാകാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് പുനഃപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി പരിഗണിക്കവേ, പുനഃപരീക്ഷ നടത്തുന്നതിനായി കമ്മീഷൻ ഒരു വ്യവസ്ഥ ഉണ്ടാക്കിയാൽ, അത് നടന്നുകൊണ്ടിരിക്കുന്ന മറ്റ് പരീക്ഷകളുടെയും തുടർന്നുള്ള പരീക്ഷകളുടെയും ഷെഡ്യൂളുകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് യു.പി.എസ്.സി. (UPSC) വ്യക്തമാക്കി.
ഇത്തരം അപേക്ഷകൾ അംഗീകരിച്ചാൽ ഒരു പരീക്ഷയും സമയത്തിന് പൂർത്തിയാക്കാൻ കഴിയാത്ത നിലയാകുമെന്നും യു.പി.എസ്.സി. അറിയിച്ചു. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, അധികശ്രമങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയെ യു.പി.എസ്.സി. എതിർക്കുകയും ഹർജിയിൽ കഴമ്പില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
സിവിൽ സർവീസ് പരീക്ഷയുടെ നടത്തിപ്പിൽ ഡിപ്പാർട്ട്മെന്റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിംഗും പങ്കാളിയാണെന്നും അതിനാൽ, ഹർജിയിൽ ഉന്നയിച്ച വിഷയങ്ങളിൽ വകുപ്പിന്റെ കാഴ്ചപ്പാടുകളും നിലപാടുകളും പരിഗണിക്കാമെന്നും യു.പി.എസ്.സി. അറിയിച്ചു.
സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിനുള്ള നിലവിലെ പ്രായപരിധി 21 മുതൽ 32 വയസ്സ് വരെയാണെന്നും ചില വിഭാഗക്കാർക്ക് ഇളവുകളുണ്ടെന്നും പരീക്ഷാ എഴുതാൻ അനുവദനീയമായ ശ്രമങ്ങളുടെ എണ്ണം ആറാണെന്നും യുപിഎസ്‌സി സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചു. “അതിനാൽ, ഒരു തവണ പരീക്ഷ എഴുതാൻ കഴിയാതെ പോയാലും ഉദ്യോഗാർത്ഥികൾക്ക് വീണ്ടും പരീക്ഷയെഴുതാൻ അവസരങ്ങൾ നിലവിലുള്ള നിയമങ്ങൾ നൽകുന്നുണ്ടെന്നും” യു.പി.എസ്.സി. അറിയിച്ചു.
നിർണായക തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് സമയബന്ധിതമായി ഉദ്യോഗസ്ഥരെ നൽകേണ്ട ബാധ്യതയുള്ളതിനാൽ കമ്മീഷൻ മുൻകൂട്ടി തയ്യാറാക്കിയ പരീക്ഷാ ഷെഡ്യൂളുകൾ പാലിക്കേണ്ടത് അനിവാര്യമാണെന്നും യുപിഎസ്‌സി കോടതിയെ അറിയിച്ചു. കമ്മീഷൻ പുന:പരീക്ഷ നടത്താൻ തീരുമാനിച്ചാൽ തുടർന്നുള്ള പരീക്ഷകളും കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയില്ലെന്നും യു.പി.എസ്.സി. ചൂണ്ടിക്കാട്ടി.
"ഇത് പരീക്ഷാ ശേഷമുള്ള നടപടികളുടെ സമയക്രമങ്ങളെയും പൂർണ്ണമായും പാളം തെറ്റിക്കും. ഇത് നിലവിലുള്ള മറ്റ് പരീക്ഷകളുടെയും തുടർന്നുള്ള പരീക്ഷകളുടെയും ഷെഡ്യൂളുകളിൽ കാസ്കേഡിംഗ് ഇഫക്റ്റ് ഉണ്ടാക്കുമെന്നും" യു.പി.എസ്.സി. പറഞ്ഞു.
“ഇത്തരം അഭ്യർത്ഥനകൾ അംഗീകരിക്കുന്നത് വഴി ഒരു പരീക്ഷയും ഷെഡ്യൂൾ അനുസരിച്ച് പൂർത്തിയാക്കാൻ കഴിയാത്ത അരാജകത്വത്തിലേയ്ക്ക് നയിക്കും, അതിന്റെ ഫലമായി സർക്കാരിലെ ഒഴിവുകൾ അനിശ്ചിതകാലത്തേക്ക് നികത്താനാകാതെ തുടരുമെന്നും പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും ” യു.പി.എസ്.സി. കൂട്ടിച്ചേർത്തു.
മൂന്ന് യു.പി.എസ്.സി. പരീക്ഷാർത്ഥികൾ അഭിഭാഷകനായ ശശാങ്ക് സിംഗ് മുഖേനയാണ് ഈ ഹർജി സമർപ്പിച്ചത്. പുന:പരീക്ഷ നടത്താൻ യു.പി.എസ്.സിക്ക് നിർദ്ദേശം നൽകണമെന്നും 2021ലെ മെയിൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഹർജിക്കാർക്ക് എഴുതാൻ കഴിയാത്ത ബാക്കി പേപ്പറുകളുടെ പരീക്ഷയ്ക്ക് ഹാജരാകാൻ ക്രമീകരണം നടത്തണമെന്നുമാണ് ഹർജിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
സർക്കാരിന്റെ കർശനമായ ക്വാറന്റൈൻ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലവും കോവിഡ് മൂലവുമാണ് പലർക്കും പരീക്ഷകളെഴുതാൻ സാധിക്കാതെ പോയത്. മെയിൻ പരീക്ഷയുടെ സമയത്തോ അതിനുമുമ്പോ കൊവിഡ് പോസിറ്റീവ് ആയ അപേക്ഷകർക്ക് ക്രമീകരണങ്ങൾ നടത്താൻ യു.പി.എസ്.സി. പ്രത്യേക നയങ്ങളൊന്നും സ്വീകരിച്ചിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.