തിമോത്തി ബ്രൗൺ, യെവെറ്റ് സലേ, കാതറിൻ വോൺ ഒഫെൻഹൈം
അമേരിക്കയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ സ്റ്റുഡന്റ് വിസക്ക് അപേക്ഷിക്കുന്നതും അഭിമുഖത്തിനായി തയ്യാറെടുക്കുന്നതും എങ്ങനെയാണ്? അതേക്കുറിച്ച് വിശദമായി മനസിലാക്കാം.
പതിനായിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് ഈ വർഷം അമേരിക്കയിലേക്ക് സ്റ്റുഡന്റ് വിസക്കായി (student visa) അപേക്ഷിക്കുന്നത്. മുൻനിര മൾട്ടിനാഷണൽ കോർപ്പറേഷനുകളിലാണ് ഇവരിൽ പലരും ഇന്റേൺഷിപ്പ് പൂർത്തിയാക്കുക. ചിലർ H-1B വിസ പ്രോഗ്രാമിന് കീഴിൽ പ്രത്യേകം കോഴ്സുകളും ചെയ്യും.
അമേരിക്കയിലേയ്ക്കുള്ള അക്കാദമിക് യാത്ര ആരംഭിക്കുന്നതിനു മുൻപ് നിങ്ങൾ ആദ്യം ഒരു യു.എസ് സർവകലാശാലയിൽ പ്രവേശനം നേടേണ്ടതുണ്ട്. എവിടെയാണ് പഠിക്കേണ്ടതെന്ന് തീരുമാനിക്കാൻ ആകുന്നില്ലെങ്കിൽ അക്കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ ധാരാളം സംവിധാനങ്ങൾ ഉണ്ട്. വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ഞങ്ങൾ യുഎസ്-ഇന്ത്യ എഡ്യൂക്കേഷണൽ ഫൗണ്ടേഷനുമായി (USIEF) ചേർന്നാണ് പ്രവർത്തിക്കുന്നത്. ചില USIEF കൗൺസിലർമാർ അമേരിക്കയിൽ പഠിച്ചവരാണ്. സഹായത്തിനായി അവരെയും സമീപിക്കാവുന്നതാണ്.
സ്ഥാപനം കണ്ടെത്തിക്കഴിഞ്ഞാൽ, നിങ്ങളുടെ പഠനം ആരംഭിക്കുന്നതിന് ഒരു വിസ ആവശ്യമാണ്. വിസ ഉദ്യോഗസ്ഥർ അപേക്ഷകരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും അഭിമുഖത്തിനിടെ ചോദിക്കുന്ന ചോദ്യങ്ങളെക്കുറിച്ചും നിങ്ങൾ കേട്ടിരിക്കാം. സ്റ്റുഡന്റ് വിസകൾ അംഗീകരിക്കാൻ ഞങ്ങൾ ഉപയോഗിക്കുന്ന യോഗ്യതകൾ നേരായതും 1952 ലെ ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിൽ പറയുന്നതുമാണ്. ആ മാനദണ്ഡങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവ ആണ് താഴെപ്പറയുന്നത്.
1. നിങ്ങൾ ഒരു സർവകലാശാലയിൽ പ്രവേശനം നേടിയിട്ടുണ്ടെന്ന് തെളിയിക്കണം. നിങ്ങളുടെ ഫോം I-20 കൊണ്ടുവരിക, സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റം (Student and Exchange Visitor Information System - SEVIS) ഫീസ് അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
2. നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പോകാൻ ആഗ്രഹിക്കുന്നതിന്റെ ഒരേയൊരു കാരണം പഠനം ആണെന്ന് തെളിയിക്കണം. നിങ്ങളുടെ യഥാർത്ഥ യാത്രാ ഉദ്ദേശം യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജോലി ചെയ്യുന്നതാണെങ്കിൽ, നിങ്ങൾ H-1B താൽക്കാലിക ജോലിക്കുള്ള (H-1B temporary worker program) വിസക്ക് ആയിരിക്കണം അപേക്ഷിക്കേണ്ടത്.
3. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങുമെന്ന് തെളിയിക്കണം. ബിരുദത്തിനു ശേഷമുള്ള ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) പൂർത്തിയാക്കാം.
4. വിദ്യാഭ്യാസച്ചെലവ് നിങ്ങൾക്ക് താങ്ങാനാകുമെന്ന് തെളിയിക്കണം. യുണൈറ്റഡ് സ്റ്റേറ്റ്സിൽ പഠിക്കാൻ മക്കളെ അയയ്ക്കുന്നതിനു വേണ്ടി പല കുടുംബങ്ങളും വർഷങ്ങളായി പണം സ്വരൂപിക്കുന്നുണ്ടെന്ന് നമുക്കറിയാം. ഞങ്ങൾക്ക് ഒരുപാട് ബാങ്ക് രേഖകൾ ആവശ്യമില്ല. എന്നാൽ കോഴ്സിനായി നിങ്ങൾ എങ്ങനെ പണമടയ്ക്കുമെന്ന് വ്യക്തമാക്കണം. നിങ്ങളുടെ കുടുംബാംഗങ്ങൾ വിദ്യാഭ്യാസ ചെലവുകൾക്കായി സംഭാവന ചെയ്യുന്നുണ്ടെങ്കിൽ, ആ ഫണ്ടുകളെക്കുറിച്ചും സൂചിപ്പിക്കണം. പഠന കാലയളവിൽ ജീവിതച്ചെലവുകൾ ഉൾപ്പെടെ എത്രമാത്രം
പണം ചെലവാകുമെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഉള്ള എല്ലാ വർഷവും നിങ്ങൾക്ക് എങ്ങനെ അത് താങ്ങാൻ കഴിയുമെന്നും അറിഞ്ഞിരിക്കണം.
5. തിരഞ്ഞെടുത്ത ബിരുദം പഠിക്കാൻ കഴിയുന്ന വിദ്യാർത്ഥി ആണെന്ന് നിങ്ങൾ തെളിയിക്കണം. ഉദാഹരണത്തിന്, നിങ്ങൾ അക്കൗണ്ടിംഗിൽ ഒരു ബിരുദ പ്രോഗ്രാമിന് അപേക്ഷിക്കുകയാണെന്നിരിക്കട്ടെ. ക്രെഡിറ്റും ഡെബിറ്റും തമ്മിലുള്ള വ്യത്യാസം അറിയില്ലെങ്കിൽ, നിങ്ങൾ ആ കോഴ്സിന് അനുയോജ്യർ ആയിരിക്കില്ല. നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാൻ കഴിയുന്ന വിധം മതിയായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും ഉണ്ടായിരിക്കണം.
അഭിമുഖങ്ങളിൽ എങ്ങനെ മികച്ച പ്രകടനം കാഴ്ച വെയ്ക്കാം?
ഒന്നാമതായി, നിങ്ങൾ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ക്ലാസ് ഏതാണെന്ന് അഭിമുഖകാരൻ ചോദിച്ചാൽ "യുഎസ് ന്യൂസ് പ്രകാരം ഈ സ്കൂളിന് ന്യൂജേഴ്സിയിൽ 13-ാം റാങ്ക് ആണ്" എന്ന് നിങ്ങൾ പ്രതികരിക്കുകയും ചെയ്താൽ, പിന്നീട് ചില ചോദ്യങ്ങൾ കൂടി ഉന്നയിക്കപ്പെടും. നിങ്ങൾ ചോദ്യം കേൾക്കുകയോ മനസ്സിലാക്കുകയോ ചെയ്തില്ലെങ്കിൽ, അത് ആവർത്തിക്കാൻ ആവശ്യപ്പെടുന്നതിൽ കുഴപ്പമില്ല. രണ്ടാമതായി, നിങ്ങൾ തിരഞ്ഞെടുത്ത കോഴ്സിൽ നിങ്ങൾക്ക് താൽപര്യമുണ്ടെന്നും നിങ്ങളുടെ നിലവിലെ അനുഭവവും നിങ്ങൾ തിരഞ്ഞെടുത്ത കോഴ്സും തമ്മിൽ ബന്ധമുണ്ടെന്നും തെളിയിക്കുക. നിങ്ങൾ ഒരു എഞ്ചിനീയർ ആയിരുന്നെങ്കിലും ഇപ്പോൾ മാനേജ്മെന്റ് പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ എങ്ങനെയാണ് ആ തീരുമാനത്തിലെത്തിയതെന്നും നിങ്ങളുടെ പശ്ചാത്തലം നിങ്ങളെ ഈ മേഖലയിലേക്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്നും കൃത്യമായി വിശദീകരിക്കുക.
അഭിമുഖങ്ങളിൽ നിങ്ങളെത്തന്നെ പ്രകടിപ്പിക്കാനും ആത്മാർത്ഥത പുലർത്താനും ഓർമിക്കുക. നിങ്ങൾ ഒരു വിദ്യാർത്ഥിയാകാൻ ഒരുക്കമാണെന്നും തിരഞ്ഞെടുത്ത ബിരുദം പൂർത്തിയാക്കാൻ തയ്യാറാണെന്നും ഞങ്ങൾക്കു കൂടി ബോധ്യപ്പെടേണ്ടതുണ്ട്. സ്ഥാപനത്തെക്കുറിച്ചുള്ള കാര്യങ്ങൾ പറയുന്നതിനുപകരം, പ്രസ്തുത കോഴ്സ് തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ സ്വാധീനിച്ചത് എന്താണെന്ന് ഞങ്ങളോട് പറയുക. സ്കൂൾ റാങ്കിംഗിനെയും പാഠ്യപദ്ധതിയെയും കുറിച്ച്, മനഃപാഠമാക്കിയ ഒരു ഉത്തരം ഞങ്ങളോട് പറയേണ്ടതില്ല. നിങ്ങളുടെ സത്യസന്ധമായ ഉത്തരങ്ങൾ മാത്രമേ ഞങ്ങൾ പരിഗണിക്കൂ.
വിസ അഭിമുഖത്തിന് തയ്യാറെടുക്കാൻ സഹായിക്കുന്നതിന് ഒരു കൺസൾട്ടന്റ് ആവശ്യമാണെന്ന് പല വിദ്യാർത്ഥികളും ചിന്തിച്ചേക്കാം. വാസ്തവത്തിൽ, അതിന്റെ ആവശ്യമില്ല. ഒരു വിദ്യാർത്ഥി കോച്ചിങ്ങ് നേടിയിട്ടുണ്ടോ എന്നോ കൺസൾട്ടന്റിനെ കണ്ടിട്ടുണ്ടോ എന്നോ കോൺസുലാർ ഓഫീസർമാർക്ക് പറയാൻ എളുപ്പമാണ്, കാരണം ഈ വിദ്യാർത്ഥികൾ നേരത്തേ തയ്യാറാക്കിയ ഉത്തരങ്ങൾ മനഃപാഠമാക്കിയിട്ടായിരിക്കും എത്തുക. കോൺസുലർ ഉദ്യോഗസ്ഥർ ആഴ്ചയിൽ നൂറുകണക്കിന് വിദ്യാർത്ഥികളെ അഭിമുഖം നടത്തുന്നവരാണ്. ഉത്തരങ്ങളെല്ലാം ഒരേ പോലെയാണെങ്കിൽ, അവരുടെ വിശദീകരണങ്ങൾ വിശ്വസിക്കുന്നത് പ്രയാസമായിരിക്കും. യുണൈറ്റഡ് സ്റ്റേറ്റ്സിൽ പഠിക്കുന്നതിനുള്ള നിങ്ങളുടെ സ്വന്തം താൽപര്യങ്ങളിലും കാരണങ്ങളിലും ആണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അങ്ങനെ വിസ അഭിമുഖത്തിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാനും നിങ്ങളുടെ ഭാവി പഠനങ്ങളിൽ മികവ് പുലർത്താനും സാധിക്കും.
ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ അഭിമുഖം നടത്തിയ ഞങ്ങളിൽ നിന്നുള്ള ചില നിരീക്ഷണങ്ങൾ ഇതാ:
1. അഭിമുഖത്തിന് തയ്യാറെടുക്കുക, പക്ഷേ അമിതമായി തയ്യാറെടുക്കരുത്. പല അപേക്ഷകരും അഭിമുഖത്തിൽ മുൻകൂട്ടി തയ്യാറാക്കിയ ഒരു പ്രസംഗം വായിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഞങ്ങൾ നിങ്ങളുടെ ഓർമയെ വിലയിരുത്തുന്നില്ല. യുണൈറ്റഡ് സ്റ്റേറ്റ്സിൽ പഠിക്കുന്ന എല്ലാവരും മികച്ച ടെസ്റ്റ് സ്കോറുകളോ മികച്ച ഗ്രേഡുകളോ ഉള്ള ഒരു തികഞ്ഞ വിദ്യാർത്ഥിയല്ലെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. എന്തുകൊണ്ടാണ് നിങ്ങൾ ഈ സർവകലാശാലയും ബിരുദവും തിരഞ്ഞെടുത്തതെന്ന് വിശദീകരിക്കുമ്പോൾ നിങ്ങളുടെ ശബ്ദത്തിൽ നിന്നും അതിനോടുള്ള അഭിനിവേശം കേൾക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
2. ആത്മവിശ്വാസത്തോടെയിരിക്കുക. നിങ്ങളുടെ അഭിമുഖം ചിലപ്പോൾ 60 സെക്കൻഡിനുള്ളിൽ അവസാനിച്ചേക്കാം. ഒരു ദീർഘനിശ്വാസം എടുക്കുക. ഉന്നത വിദ്യാഭ്യാസം നേടാൻ നിങ്ങൾ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. അത് പ്രകടിപ്പിക്കുന്നതിൽ കുഴപ്പമില്ല. നിങ്ങളുടെ നിശ്ചയദാർഢ്യത്തെയും തയ്യാറെടുപ്പിനെയും ധീരതയെയും കുറിച്ച് കേൾക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു. ഉച്ചത്തിലും വ്യക്തമായും സംസാരിക്കാൻ ശ്രമിക്കുക.
Also Read-
US സര്വകലാശാലകളിലേക്കുള്ള അപേക്ഷകള് തയ്യാറാക്കേണ്ടത് എങ്ങനെ? എന്തെല്ലാം വിവരങ്ങള് ഉള്പ്പെടുത്താം?
3. യുഎസ് വിസ ഓഫീസർമാരും ഒരു കാലത്ത് വിദ്യാർത്ഥികളായിരുന്നുവെന്ന് ഓർക്കുക. അഭിമുഖത്തെ കൂടുതൽ നന്നായി നേരിടാൻ ഇത് സഹായിക്കും. ഞങ്ങളിൽ ഭൂരിഭാഗം പേരും യു.എസ് വിസകൾക്കായി അഭിമുഖത്തിന് വിധേയരായിട്ടില്ലെങ്കിലും പലർക്കും യൂണിവേഴ്സിറ്റികൾക്കായും ഞങ്ങളുടെ ജോലികളുടെ ഭാഗമായും അഭിമുഖം നടത്തേണ്ടിവന്നു. അഭിമുഖങ്ങളിൽ വിജയിച്ചില്ലെങ്കിൽ നിങ്ങൾക്കുണ്ടാകുന്ന വികാരം എന്താണെന്ന് ഞങ്ങൾക്ക് മനസിലാകും. പ്രതീക്ഷയുള്ള, തിളക്കമുള്ള കണ്ണുകളുള്ള വിദ്യാർത്ഥികളെയാണ് ഞങ്ങൾ പലപ്പോഴും തിരസ്കരിക്കുന്നത്. ഞങ്ങൾ അവർക്ക് വേണ്ടി കൂടിയാണ് ജോലി ചെയ്യുന്നത്, പക്ഷേ ഞങ്ങൾ നിയമം പാലിക്കണമല്ലോ. യോഗ്യതകൾ അവലോകനം ചെയ്യുന്നതിലൂടെയും സ്വയം തയ്യാറെടുക്കുന്നതിലൂടെയും, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ക്യാമ്പസിൽ നിങ്ങൾക്ക് പ്രവേശിക്കാം. നിങ്ങളുടെ ജീവിതത്തിന്റെ അടുത്ത അധ്യായത്തിന് തയ്യാറാകുക.
Also Read-
Education | വിദേശത്ത് പഠിക്കണോ?; വാതിലുകൾ തുറന്ന് യു.എസ് യൂണിവേഴ്സിറ്റികളും കോളേജുകളും; സാധ്യതകൾ അറിയാം
നല്ല വാർത്ത
മുൻപത്തേക്കാൾ കൂടുതൽ സ്റ്റുഡന്റ് വിസകൾക്ക് ഞങ്ങൾ അംഗീകാരം നൽകുന്നുണ്ട്. 2021 ഏപ്രിൽ മുതൽ 2022 ജനുവരി വരെ, ഇന്ത്യയിലെ യുഎസ് എംബസിയിലും കോൺസുലേറ്റുകളിലുമായി 120,000 അപേക്ഷകരാണുള്ളത്. ബഹുഭൂരിപക്ഷവും ഇപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പഠിക്കുന്നുണ്ട്. റെക്കോർഡ് ഭേദിച്ച വർഷമായിരുന്നു അത്. അമേരിക്കയിൽ പഠിക്കാൻ ഇതിലും നല്ല സമയം വേറെയില്ല. കൃത്യമായ തയ്യാറെടുപ്പും പഠനത്തിനുള്ള വ്യക്തമായ പദ്ധതിയും ഉണ്ടെങ്കിൽ, അഭിമുഖത്തിൽ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
Courtesy: SPAN Magazine, U.S. Embassy, New Delhi
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.