• HOME
 • »
 • NEWS
 • »
 • career
 • »
 • Career Guidance: വേണം കരിയര്‍ പ്ലാനിംഗ്

Career Guidance: വേണം കരിയര്‍ പ്ലാനിംഗ്

(ഓരോരുത്തരുടെയും അഭിരുചിക്കിണങ്ങിയ കോഴ്‌സ് എങ്ങനെ കണ്ടെത്താം? ഭാവിയില്‍ ഉന്നത തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന കോഴ്‌സുകള്‍ ഏതെല്ലാം? അവ എവിടെ പഠിക്കണം? കരിയര്‍ വിദഗ്ധന്‍ ജലീഷ് പീറ്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ തുടർച്ച)

ജലീഷ് പീറ്റർ

ജലീഷ് പീറ്റർ

 • News18
 • Last Updated :
 • Share this:
  പഠന മാര്‍ഗം ആസൂത്രണം ചെയ്യുമ്പോള്‍ മകന്റെ /മകളുടെ അഭിരുചിയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. കുട്ടിയുടെ അഭിരുചി അറിഞ്ഞ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കണം. നമ്മള്‍ സാധാരണ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.

  എന്താവാനാണ് നിങ്ങള്‍ക്ക് ആഗ്രഹം? ഡോക്ടര്‍, എഞ്ചിനീയര്‍, ഐ.എ.എസുകാരി, അധ്യാപിക, പോലിസ ഇന്‍സ്‌പെക്ടര്‍......... ഇങ്ങനെ പലതരത്തിലുളള മറുപടിയാണ് നമുക്ക് ലഭിക്കുക. എന്നാല്‍ ഉത്തരങ്ങളിലും ആഗ്രഹങ്ങളിലുമല്ലാതെ അവരുടെ വ്യക്തിത്വങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു ഘടകമുണ്ട് - അഭിരുചി. ഈ ആഗ്രഹങ്ങള്‍ പലതും ഒരു പക്ഷേ അവരുടെ ആഗ്രഹങ്ങളുടെ/അഭിരുചികളുടെ ബഹിര്‍സ്ഫുരണങ്ങളാവാം. എന്നാല്‍, അത് അഭിരുചിയായിയിക്കൊള്ളണമെന്നില്ല. പക്ഷെ ഇവ തൊഴിലുകളോടുളള ആഭിമുഖ്യത്തെയോ താൽപര്യത്തെയോ കുറിയ്ക്കുന്നു. ഈ ആഭിമുഖ്യമാണ് വിലയിരുത്തപ്പെടേണ്ടത്. ഇതിന്, കരിയര്‍ കണ്‍സള്‍ട്ടന്റുമാരുടെ പക്കല്‍ തൊഴില്‍ അഭിരുചി പരീക്ഷകള്‍ ലഭ്യമാണ്.

  എന്താണ് അഭിരുചി ?
  ഒരു പ്രത്യേക വിഷയത്തിലുളള താല്‍പര്യം, അറിവ് അല്ലെങ്കില്‍ കഴിവാര്‍ജ്ജിക്കാനുളള ഒരാളുടെ പ്രത്യേക സ്വഭാവവിശേഷത്തെയാണ് അഭിരുചി എന്നുപറയുന്നത്. ഈ അഭിരുചി ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. കഴിവും അഭിരുചിയും വ്യത്യസ്തമായതിനാല്‍ അവനവന്റെ അഭിരുചിയ്ക്കനുസൃതം കോഴ്‌സുകള്‍ തെരഞ്ഞെടുത്ത് അനുബന്ധ തൊഴില്‍ മേഖലകളിലെത്താനാണ് ശ്രമിക്കേണ്ടത്.
  ഏതു വഴിയില്‍ പോകാനാണ് താല്‍പര്യമെന്ന് കഴിയുന്നത്ര  കാലേക്കൂട്ടി തീരുമാനിക്കുന്നതാണ് നല്ലത്. സിവില്‍ സര്‍വീസാണ് ലക്ഷ്യമെങ്കില്‍ ഹൈസ്‌കൂള്‍ ക്ലാസുകളിലെത്തുമ്പോള്‍ മുതല്‍ പൊതുവിജ്ഞാനത്തിലും ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം ആര്‍ജ്ജിക്കാന്‍ ശ്രമിക്കാം. ബിരുദാനന്തര ബിരുദം/പ്രൊഫഷണല്‍ ഡിഗ്രി നേടിയതിനു ശേഷം മാത്രം പൊതുവിജ്ഞാനം നേടുന്നതില്‍ പല പരിമിതികളുമുണ്ട്.

  പല പ്രവര്‍ത്തന മേഖലകളെപ്പറ്റിയും നമ്മുടെ  ധാരണ അപര്യാപ്തമോ, വികലമോ ആയിരിക്കാം. അതതു രംഗത്തുള്ളവരുമായി ഇടപെട്ടാല്‍ പ്രസക്തമായ ധാരാളം വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. ഇതിനുളള ശ്രമം പാഴ്‌വേലയായി കരുതരുത്. ജേര്‍ണലിസത്തിന്റെയും ഫാഷന്‍ ഡിസൈനിംഗിന്റെയും എയര്‍ഹോസ്റ്റസ് ജോലിയുടേയും മറ്റും ഗ്ലാമര്‍ കണ്ട് മോഹിച്ച് ചെല്ലുന്ന പലരും ആ രംഗത്തെ പരിശീലന  ശ്രമങ്ങളും ഉത്തരവാദിത്തങ്ങളും നേരിട്ട് മനസിലാക്കുമ്പോള്‍ പിന്തിരിയാറുണ്ട്. കഴിയുന്നത്ര ഗൃഹപാഠം ചെയ്തിട്ടു വേണം പഠന മാര്‍ഗം ഏതെന്നു നിര്‍ണയിക്കുവാന്‍.

  തൊഴിലും ആത്മസംതൃപ്തിയും
  ഏതു മേഖലയില്‍ വിജയിക്കണമെങ്കിലും ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലില്‍ സംതൃപ്തി കണ്ടെത്തുവാന്‍ സാധിക്കണം. അല്ലാത്തവര്‍ തൊഴില്‍രംഗത്ത് പരാജയപ്പെടുന്നു. വിജയിക്കുവാന്‍ ആദ്യമായി ചെയ്യേണ്ടത് ഓരോ വ്യക്തിയുടെയും അഭിരുചി മനസിലാക്കി അതിനു പറ്റുന്ന കോഴ്‌സുകള്‍ തെരഞ്ഞെടുക്കുകയാണ്. കുട്ടികളുടെ അഭിരുചി മനസിലാക്കി അവര്‍ക്ക് താല്‍പര്യമുള്ള കോഴ്‌സിനു വിടാന്‍ പലപ്പോഴും മാതാപിതാക്കള്‍ തയ്യാറാകുന്നില്ല എന്നതാണ് സത്യം.

  ഒരു കുട്ടി ഉണ്ടാകുമ്പോഴേ മാതാപിതാക്കള്‍ തീരുമാനിക്കും ഇവന്‍/ഇവള്‍ ആരാകണമെന്ന്. ചോര കണ്ടാല്‍ തല കറങ്ങുന്ന കുട്ടിയേയും പണമുണ്ടെങ്കില്‍ മെഡിസിനു ചേര്‍ക്കും. എനിക്കു പരിചയമുള്ള ഒരു കുട്ടിക്ക് ലോ പഠിക്കാനായിരുന്നു ഇഷ്ടം. പക്ഷേ, കോടീശ്വരന്മാരായ മാതാപിതാക്കള്‍ക്ക് മകളെ ഡോക്ടറാക്കണം. അന്‍പതു ലക്ഷം രൂപ കൊടുത്ത് മെഡിസിന് സീറ്റ് തരപ്പെടുത്തി. വര്‍ഷം നാലു കഴിഞ്ഞിട്ടും ആദ്യസെമസ്റ്ററിലെ ഒരു പേപ്പറുപോലും എഴുതി ജയിക്കാന്‍ സാധിച്ചില്ല.

  വിദേശ രാജ്യങ്ങളിലൊക്കെ പത്താം ക്ലാസാകുമ്പോഴേ കുട്ടികളുടെ അഭിരുചി മനസിലാക്കി അതിനുതകത്തക്ക ഉപരിപഠന മേഖലയിലേക്ക് തിരിച്ചു വിടും. എന്നാല്‍ നമ്മുടെ വിദ്യാഭ്യാസ മേഖല അടിമുടി മെച്ചപ്പെടുത്തണം. നിത്യജീവിതത്തില്‍    പിന്നീടൊരിക്കലും പ്രയോജനം ലഭിക്കാത്ത അനേകം വിഷയങ്ങളും പുസ്തകങ്ങളും ഓരോ കുട്ടിയും പഠിച്ചു തള്ളുന്നു. മാര്‍ക്കു കിട്ടാന്‍ വേണ്ടി മാത്രം. ഇതിനെ ഡെഡ് ലേണിംഗ് എന്നാണ് പറയുന്നത്. ഈ അവസ്ഥ മാറ്റി പഠിക്കുന്ന വിഷയങ്ങള്‍ നിത്യ ജീവിതത്തില്‍ ഉപോയഗപ്രദമാക്കത്തക്ക ലിവിംഗ് ലേണിംഗ് വിദ്യാഭ്യാസ സംവിധാനമാണ് വേണ്ടത്. ടാലന്റ് ഒന്ന്, എത്തപ്പെടുന്ന മേഖല മറ്റൊന്ന് - അധ്യാപകനാകാന്‍ ആഗ്രഹിച്ചയാള്‍ പോലീസുകാരനായാലുള്ള അവസ്ഥ എന്താകും.ഒരിക്കലും ആ തൊഴിലില്‍ സംതൃപ്തി കിട്ടില്ല. ഫലമോ? മാനസികമായും ശാരീരികമായും തളര്‍ന്നുപോകും. ഇരുപത്തഞ്ചു വയസാകുമ്പോഴേ അന്‍പതു വയസുകാരന്റെ അവസ്ഥയുണ്ടാകും. ഓരോ കുട്ടിയിലുമുള്ള ജന്മസിദ്ധ വാസനകള്‍ കണ്ടെത്തുവാനും അതനുസരിച്ച് അവരുടെ വിദ്യാഭ്യാസഗതി തിരിച്ചുവിടുവാനും മാതാപിതാക്കള്‍ക്ക് സാധിക്കണം. അല്ലാതെ മാതാപിതാക്കളുടെ താത്പര്യം മാത്രം സംരക്ഷിക്കപ്പെടുവാനുള്ള ചട്ടുകങ്ങളുമായി കുട്ടികളെ കാണരുത്. ഇത് കുട്ടികളില്‍ പ്രതികാരബൂദ്ധി വളര്‍ത്തുവാനേ ഉതകൂ.

  കുട്ടികളെ അറിയുക
  ഓരോ കുട്ടികളും ഓരോ രത്‌നങ്ങളാണ്. അവരുടെ ആഭിമുഖ്യം വ്യത്യസ്ത കാര്യങ്ങളിലായിരിക്കും. അല്ലാതെ എല്ലാറ്റിനും എ പ്ലസ് കിട്ടുന്നവര്‍ മിടുക്കന്‍ എന്നുള്ള സമീപനം മാറ്റണം. സംസ്‌കൃതത്തിലൊരു ചൊല്ലുണ്ട്.

  ' മന്ത്രമക്ഷരം നാസ്തിനാസ്തിമൂല മനൗഷധംഅയോഗ്യ പുരുഷോ നാസ്തിയോജക തന്ത്ര ദുര്‍ലഭ '

  എല്ലാ അക്ഷരങ്ങളും മന്ത്രത്തിന് യോജ്യമാണ്. എല്ലാ സസ്യങ്ങളും ഔഷധത്തിന് യോഗ്യമാണ്. അതുപോലെ എല്ലാ മനുഷ്യരിലും കഴിവുകളുണ്ട്. പക്ഷേ, ഇവ കണ്ടെത്തി ശരിയായവണ്ണം കുട്ടിയോജിപ്പിക്കാന്‍ പറ്റുന്നവര്‍ ദുര്‍ലഭം. പ്ലസ് ടുവിന് കഷ്ടിച്ച് പാസായവരും സേ എഴുതി പാസായവരും ഒക്കെ നമ്മുടെ എന്‍ജിനീയറിംഗ് കോളേജിലും മെഡിക്കല്‍ കോളേജിലും മറ്റു പഠിക്കുന്നു. ഇതില്‍ ഭൂരിപക്ഷം കുട്ടികളുടെ താത്പര്യമല്ല, മറിച്ച് മാതാപിതാക്കള്‍ക്ക് എന്റെ മകള്‍/മകന്‍ എന്‍ജിനീയറിംഗിനാണ് പഠിക്കുന്നതെന്ന് വീമ്പു പറയുവാന്‍ മക്കളെ ബലിയാടാക്കുകയാണ് ചെയ്യന്നത്.

  ഇന്ന് മെഡിസിനോ എന്‍ജിനീയറിംഗിനോ ഒക്കെ അഡ്മിഷന്‍ കിട്ടുകയെന്നത് വലിയ കാര്യമൊന്നുമല്ല. പക്ഷേ ഇതില്‍ ഒരു ചെറിയ ശതമാനം മാത്രമേ ഡോക്ടറായും എന്‍ജിനീയറായും പുറത്തു വരുന്നുള്ളൂ. ഓരോ കോഴ്‌സിനും നിങ്ങളുടെ മക്കളെ വിടുമ്പോള്‍ സ്വയം ഒരു ആത്മപരിശോധന നടത്തണം. ഈ കടമ്പ കടക്കുവാനുള്ള ഐക്യു നിങ്ങളുടെ മക്കള്‍ക്കുണ്ടോ എന്ന്. അവര്‍ നിങ്ങളുടെ മക്കളാണ്. നിങ്ങളുടെ ഐക്യു വിന്റെ തോതിനനുസൃതമായിരിക്കും മക്കളുടെയും ഐക്യു തോത്.പല ഉന്നത കോഴ്‌സുകളിലും നാലുപേരില്‍ ഒരാളാണ് ഈ കടമ്പ കടക്കുന്നത്. ഇങ്ങനെ കടമ്പ കടന്നുവരുന്നവരില്‍ നാലില്‍ ഒരാള്‍ മാത്രമേ ജോലിക്ക് യോഗ്യത നേടുന്നുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ എട്ടില്‍ ഒരാള്‍ മാത്രം രക്ഷപ്പെടുന്നുവെന്നു സാരം.

  ഏതൊരു കോഴ്‌സ് തെരഞ്ഞെടുക്കുമ്പോഴും പലവട്ടം ആലോചിക്കുക. ഇത് എനിക്കു പറ്റിയ പഠന മേഖലയാണോ എന്ന്. ഇന്ന് പലര്‍ക്കും സംഭവിക്കുന്നത്  ആരുടെയൊക്കെയോ അഭിപ്രായം കേട്ട് കോഴ്‌സിനു ചേരും. പിന്നീടാണ് മനസ്സിലാക്കുന്നത് ഇത് എനിക്ക് യോജിച്ചതല്ല എന്ന്. പണനഷ്ടവും സമയനഷ്ടവും ഫലം. നിങ്ങള്‍ക്ക് ഏതു പ്രഫഷനിലും വിജയിക്കണമെങ്കില്‍ ആ പ്രഫഷനിലെ ഒരു വിജയിയെ പിന്‍തുടര്‍ന്നാല്‍ വിജയം എളുപ്പമാകും. മനോഹരമായ ചിന്തകള്‍കൊണ്ടു നിറച്ച ഒരു പൂന്തോട്ടമാകണം. നമ്മുടെ മനസ്, അതിന് ഏറ്റവും കൂടുതല്‍ വേണ്ടത് നമ്മള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴില്‍ നമുക്ക് ആത്മസംതൃപ്തി  നല്‍കുന്നതാകണം.

  തുടർന്ന് വായിക്കാൻ: എന്റെ അഭിരുചി എന്താണ്? എങ്ങനെ കണ്ടെത്തും?
  First published: