ഇന്ത്യൻ റെയിൽവേ (Indian Railways) കഴിഞ്ഞ ആറ് വർഷത്തിനിടെ വിവിധ സോണുകളിലായി 72,000 ഓളം തസ്തികകൾ (posts ) നിർത്തലാക്കി. ഗ്രൂപ്പ് സി, ഡി (Group C and D) വിഭാഗങ്ങളിലായുള്ള തസ്തികകളാണ് നിർത്തലാക്കിയത്. പുതിയ സാങ്കേതിക വിദ്യയുടെ (new technology) വരവോടെ ഈ തസ്തികകൾ കാലഹരണപ്പെട്ടതിനാലാണ് ഒഴിവാക്കിയതെന്നും ഭാവിയിൽ ഈ തസ്തികകൾ നികത്തേണ്ടതില്ലെന്നും ആണ് ഇന്ത്യൻ റെയിൽവെയുടെ തീരുമാനമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒഴിവാക്കപ്പെട്ടിട്ടുള്ളതിൽ പ്യൂൺ, വെയിറ്റർ, ഗാർഡനർ, സ്വീപ്പർ, പ്രൈമറി സ്കൂൾ അധ്യാപകർ തുടങ്ങിയ തസ്തികകളും ഉൾപ്പെടുന്നതായി റിപ്പോട്ടിൽ പറയുന്നു.
ഇന്ത്യൻ റെയിൽവെ 2015-16 നും 2020-21 നും ഇടയിൽ പതിനാറ് റെയിൽവെ സോണുകളിലായി 56,888 തസ്തികകളാണ് വേണ്ടന്നു വച്ചിരിക്കുന്നത്. ഇക്കാലയളവിൽ ഉത്തര റെയിൽവെ 9,000ത്തിലധികം തസ്തികകൾ നിർത്തലാക്കി. അതേസമയം ദക്ഷിണ റെയിൽവേ വേണ്ടെന്നുവെച്ചത് 7,524 തസ്തികകളാണ്. പൂർവ റെയിൽവേ 5,700 തസ്തികകൾ നിർത്തലാക്കിയപ്പോൾ ദക്ഷിണ പൂർവ റെയിൽവേ 4,677 തസ്തികകൾ നിർത്തലാക്കി.
പതിനാറ് സോണുകൾ 81,000 തസ്തികകൾ നിർത്തലാക്കുന്നതിനാണ് ശുപാർശചെയ്തത്. ഇതിൽ 56,888 തസ്തികകൾ ഇതിനോടകം നിർത്തലാക്കിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 15,495 പോസ്റ്റുകൾ കൂടി ഉടൻ നിർത്തലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ ഗ്രൂപ്പ് സിയിലെയും ഗ്രൂപ്പ് ഡിയിലെയും ഈ തസ്തികകൾ കാലഹരണപ്പെട്ടതിനാലാണ് നിർത്തലാക്കാനുള്ള തീരുമാനമെടുത്തത്. ഭാവിയിൽ ഈ തസ്തികകൾ നികത്തേണ്ടെന്നാണ് റെയിൽവേയുടെ തീരുമാനം. എന്നിരുന്നാലും, നിലവിൽ ഈ തസ്തികകളിൽ തുടരുന്ന ജീവനക്കാർ ആശങ്കപ്പെടേണ്ട കാര്യമില്ല . ഇവരെ റെയിൽവേയുടെ മറ്റ് വകുപ്പുകളിൽ ഉൾപ്പെടുത്തുമെന്നാണ് ലഭ്യമാകുന്ന സൂചന.
തസ്തികകൾ നിർത്തലാക്കുന്നതിന് മുമ്പ്, സോണുകളിലുടനീളമുള്ള ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള പഠനം റെയിൽവെ നടത്തിയിരുന്നു. ഉത്പാദനക്ഷമമല്ലാത്ത തസ്തികകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠനം നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തസ്തികകൾ നിർത്തലാക്കുന്നതിലൂടെ ലാഭിക്കുന്ന പണത്തിന്റെ കണക്കുകളും റെയിൽവേക്ക് നൽകിയിട്ടുണ്ട്. കൂടുതൽ സപ്പോർട്ട് സ്റ്റാഫുകളെ നിയമിക്കുന്നതിന് പകരം റെയിൽവേയുടെ വളർച്ചയ്ക്ക് പിന്തുണ നൽകാൻ കഴിയുന്ന കൂടുതൽ ടെക്നിക്കൽ സ്റ്റാഫുകളെ നിയമിക്കുന്നതിനാണ് റെയിൽവെ ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്ത്യൻ റെയിൽവേ രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായി തുടരുകയാണെങ്കിലും ഔട്ട്‌സോഴ്‌സിങ് കാരണം അനുവദനീയമായ തസ്തികകളുടെ എണ്ണം കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയ്ക്കായുള്ള ചെലവ് കുറയ്ക്കാനും അതുവഴി റെയിൽവേയുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ റെയിൽവേയിൽ ഗസറ്റഡ്, നോൺ ഗസറ്റഡ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നുണ്ട്. ഗസറ്റഡ് തസ്തികകളിൽ ഗ്രൂപ്പ് എ, ബി വിഭാഗങ്ങൾ ആണ് ഉൾപ്പെടുന്നത്, അതേസമയം നോൺ ഗസറ്റഡ് തസ്തികകളിൽ ഗ്രൂപ്പ് സി, ഡി എന്നിവയാണ് ഉൾപ്പെടുന്നത്. ഗ്രൂപ്പ് സി തസ്തികകളിൽ സ്റ്റേഷൻ മാസ്റ്റർ, ക്ലാർക്ക്, ടിക്കറ്റ് കളക്ടർ എന്നിവരും ഗ്രൂപ്പ് ഡി തസ്തികകളിൽ പ്യൂൺ, സഫായിവാല, സഹായികൾ തുടങ്ങിയവരും ഉൾപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian railways, Job, Railways