• HOME
  • »
  • NEWS
  • »
  • career
  • »
  • Hybrid Model | ഇന്ത്യയിൽ വർക്ക് ഫ്രം ഹോം തുടരുമോ? പുതിയ ഹൈബ്രിഡ് മോഡലിൽ താൽപര്യം പ്രകടിപ്പിച്ച് കമ്പനികൾ

Hybrid Model | ഇന്ത്യയിൽ വർക്ക് ഫ്രം ഹോം തുടരുമോ? പുതിയ ഹൈബ്രിഡ് മോഡലിൽ താൽപര്യം പ്രകടിപ്പിച്ച് കമ്പനികൾ

കോവിഡ് -19 മഹാമാരിയിൽ നിന്ന് ലോകം മുക്തി നേടിത്തുടങ്ങിയ സാഹചര്യത്തിൽ ഇനി പൂർണമായി വർക് ഫ്രം ഹോം ആവശ്യമില്ലെന്നാണ് കമ്പനികൾ അഭിപ്രായപ്പെടുന്നത്

  • Last Updated :
  • Share this:
    പൂർണമായും വർക് ഫ്രം ഹോം (Work From Home) അനുവദിച്ച് കൊണ്ടുള്ള സംവിധാനം ഇന്ത്യയിലെ ബിസിനസ് സ്ഥാപനങ്ങൾ ഏകദേശം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. കുറച്ച് ദിവസങ്ങൾ ഓഫീസിലിരുന്നും അത്യാവശ്യത്തിന് വീട്ടിലിരുന്നും ജോലി ചെയ്യുന്ന സംവിധാനം ഒരുക്കുന്ന ഒരു പുതിയ ഹൈബ്രിഡ് മോഡലിനോടാണ് (Hybrid Model) കമ്പനികൾക്ക് ഇപ്പോൾ കൂടുതൽ താൽപര്യമെന്നും സർവേ പറയുന്നു. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സിബിആർഇ (CBRE) സൗത്ത് ഈസ്റ്റ് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ സർവേ പ്രകാരം 73 ശതമാനം സ്ഥാപനങ്ങളും ഹൈബ്രിഡ് മോഡലാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്.

    കോവിഡ് -19 മഹാമാരിയിൽ നിന്ന് ലോകം മുക്തി നേടിത്തുടങ്ങിയ സാഹചര്യത്തിൽ ഇനി പൂർണമായി വർക് ഫ്രം ഹോം ആവശ്യമില്ലെന്നാണ് കമ്പനികൾ അഭിപ്രായപ്പെടുന്നത്. സർവേയിൽ പങ്കെടുത്തിട്ടുള്ള 78 ശതമാനം സ്ഥാപനങ്ങളും ഹൈബ്രിഡ് മോഡലിനോടാണ് താൽപര്യം പ്രകടിപ്പിക്കുന്നത്. ജീവനക്കാരുടെ ആരോഗ്യവും ജീവിത സാഹചര്യങ്ങളും വളരെ പ്രധാനമാണെന്ന് മനസ്സിലാക്കുന്നതിനാൽ ഓഫീസിലേക്ക് മടങ്ങണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്.

    സാഹചര്യത്തിനനുസരിച്ച് നാല് പാറ്റേണുകളിലായി ജോലി ചെയ്യാമെന്നാണ് പുതിയ മോഡൽ മുന്നോട്ട് വെക്കുന്ന ആശയം. പ്രത്യേക സാഹചര്യങ്ങളിൽ വർക് ഫ്രം ഹോം അനുവദിക്കുക, ആഴ്ചയിൽ മൂന്നിലധികം ദിവസം ഓഫീസിൽ പോവുക, ഓഫീസിലും വീട്ടിലും ഇരുന്ന് ജോലി ചെയ്യുന്നതിന് ഒരുപോലെ നിശ്ചിത ദിവസങ്ങൾ തീരുമാനിക്കുക, മൂന്നിലധികം ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി എന്നിങ്ങനെയുള്ള നാല് രീതികളാണ് മുന്നോട്ട് വെക്കുന്നത്. ഓഫീസിലും വീട്ടിലുമിരുന്ന് ഒരുപോലെ ദിവസങ്ങൾ ജോലി ചെയ്യാൻ അനുവദിക്കുന്നതാണ് നല്ലതെന്ന് 38 ശതമാനം ആളുകളും പ്രതികരിച്ചതായി 2022 ഇന്ത്യ ഓഫീസ് ഒക്യുപയർ സർവേയെന്ന ഈ റിപ്പോർട്ടിൽ പറയുന്നു. ആഴ്ചയിൽ മൂന്നിലധികം ഓഫീസ് ദിനങ്ങൾ വേണമെന്ന് 35 ശതമാനം പേർ പ്രതികരിച്ചു.

    ഹൈബ്രിഡ് വർക്കിങ് മോഡൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾ ഒന്നുകിൽ കൂടുതൽ ഓഫീസ് ദിനങ്ങളോ, അല്ലെങ്കിൽ ഓഫീസ്-റിമോട്ട് ദിനങ്ങൾ ഒരേപോലെയോ ആക്കുന്നതിനാണ് കൂടുതൽ താൽപ്പര്യപ്പെടുന്നതെന്നും സർവേ വ്യക്തമാക്കി. ഓഫീസുകളുടെ ആവശ്യകത ഇന്ത്യയിൽ ഇനിയും വർധിക്കാൻ തന്നെയാണ് സാധ്യത. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ റിയൽ എസ്റ്റേറ്റ് പോർട്ട് ഫോളിയോ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് 62 ശതമാനം പേരും കരുതുന്നു. സർവേയിൽ പങ്കെടുത്ത മൂന്നിലൊന്ന് പേർ കോ-വർക്കിങ് സ്ഥാപനങ്ങൾ രാജ്യത്ത് വർധിക്കുമെന്നും പറയുന്നു.

    ജീവനക്കാർ ഓഫീസിൽ തിരിച്ചെത്തുമ്പോഴും അവരുടെ ആരോഗ്യത്തിനും ജീവിതത്തിനും കൂടുതൽ സുരക്ഷിതത്വം നൽകുകയെന്ന ചിന്തയാണ് മിക്ക സ്ഥാപനങ്ങളും പങ്കുവെക്കുന്നത്. “ഇന്ത്യയിലെ മിക്ക കോർപ്പറേറ്റ് സ്ഥാപനങ്ങളും ഇപ്പോൾത്തന്നെ ജീവനക്കാരെ ഓഫീസിലേക്ക് മടക്കിവിളിച്ച് കഴിഞ്ഞു. പ്രൊഡക്ടിവിറ്റിയും ജീവനക്കാരുടെ ആരോഗ്യവുമെല്ലാം പരിഗണിച്ച് ഹൈബ്രിഡ് മോഡൽ പ്രോത്സാഹിപ്പിക്കുന്നതിന് മിക്കവരും ആഗ്രഹിക്കുന്നുണ്ട്. ഓഫീസുകൾ എടുക്കുമ്പോൾ കുറഞ്ഞ കാലത്തേക്ക് ലീസിനെടുക്കുന്ന സമ്പ്രദായവും കൂടിവരികയാണ്,” സിബിആർഇ ഇന്ത്യ ചെയർമാനും സിഇഒയുമായ അൻഷുമാൻ മാഗസിൻ പറഞ്ഞു.
    Published by:Amal Surendran
    First published: