തിരുവനന്തപുരം: ഡിജിറ്റൽ ഇന്ത്യ പ്ലാറ്റിനം ഐക്കോൺ അവാർഡ് കരസ്ഥമാക്കി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വികസിപ്പിച്ച ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡി ഡബ്ലിയു എം എസ് ). ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ (ഡി യു കെ ) സെന്റർ ഫോർ ഡിജിറ്റൽ ഇന്നൊവേഷൻ ആൻഡ് പ്രൊഡക്ട് ഡെവലപ്മെന്റ് ഡയറക്ടർ ആർ. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഈ സിസ്റ്റം വികസിപ്പിച്ചെടുത്തത്.
സ്റ്റാർട്ടപ്പുകളുമായുള്ള ഡിജിറ്റൽ സഹകരണത്തിന്റെ വിഭാഗത്തിലാണ് കേരളത്തിന് പ്ലാറ്റിനം ഐക്കൺ പുരസ്കാരം നേടാനായത്. ശനിയാഴ്ച ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തോടൊപ്പം കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ.പി.വി. ഉണ്ണികൃഷ്ണൻ, കേരള നോളജ് ഇക്കണോമി മിഷൻ മാനേജർ റിയാസ് പിഎം എന്നിവർ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) സംരംഭമായ കേരള നോളജ് ഇക്കണോമി മിഷന് വേണ്ടി വിജ്ഞാനാധിഷ്ഠിത ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ എല്ലാ പങ്കാളികളെയും ബന്ധിപ്പിക്കുന്ന ഒരു ഫ്യൂച്ചറിസ്റ്റിക് പ്ലാറ്റ്ഫോമാണ് ഡിഡബ്ല്യുഎംഎസ്.
നിരവധി സവിശേഷതകൾ സമന്വയിപ്പിച്ച ഒരു പ്ലാറ്റ്ഫോമായാണ് ഡി ഡബ്ലിയു എം എസ് വികസിപ്പിച്ചതെന്ന് ആർ. അജിത് കുമാർ പറഞ്ഞു.”വിജ്ഞാന വിലയിരുത്തൽ, റോബോട്ടിക് അഭിമുഖം, വ്യക്തിത്വ വികസനം, ഇംഗ്ലീഷ് ഭാഷാ വിലയിരുത്തൽ, ഇ-ലേണിംഗ്, കരിയർ കൗൺസിലിംഗ്, കരിയർ ഗൈഡൻസ് എന്നിങ്ങനെ ഒട്ടനവധി സവിശേഷതകൾ ഈ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുന്നു. ഡിജിറ്റൽ യൂണിവേഴ്സിറ്റി വികസിപ്പിച്ച മൊബൈൽ ആപ്പായ ഡിഡബ്ല്യുഎംഎസ് കണക്ട്, ഈ മുഴുവൻ സവിശേഷതകളും ഒരു ആപ്പിലേക്ക് സമന്വയിപ്പിക്കുന്നു .
ഗൂഗിൾ പ്ലേസ്റ്റോർ വഴി 9.62 ലക്ഷം ആളുകൾ ശരാശരി 4.02 റേറ്റിംഗുള്ള ഡിഡബ്ല്യുഎംഎസ് കണക്ട് മൊബൈൽ ആപ്ലിക്കേഷൻ ഇതുവരെ ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൾട്ടി-ലേയേർഡ് ആർക്കിടെക്ചറുള്ള ഒരു പ്ലാറ്റ്ഫോമാണ് ഡി ഡബ്ലിയു എം എസ് എന്ന് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
‘ഇത് തൊഴിൽ തേടുന്നവരെ തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കുകയും നൈപുണ്യം വർദ്ധിപ്പിക്കുകയും അതുവഴി അവരെ തൊഴിലിന് സജ്ജരാക്കുകയും ചെയ്യുന്നു. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള ടീം സൃഷ്ടിച്ച പ്ലാറ്റ്ഫോം കേരള സർക്കാർ നിശ്ചയിച്ചിട്ടുള്ള 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഒരു പ്രധാന പങ്കുവഹിക്കും. തൊഴിലന്വേഷകർക്ക് പരിശീലനവും ശരിയായ നൈപുണ്യവും പ്രദാനം ചെയ്യുന്നതും കരിയർ സപ്പോർട്ട് മാർഗ്ഗനിർദ്ദേശത്തിന് പുറമേ ഉപയോക്തൃ സൗഹൃദവുമാണ് ഡി ഡബ്ലിയു എം എസ് എന്ന്’, അദ്ദേഹം പറഞ്ഞു.
Also read- എൻഎസ്എസ് രജിസ്ട്രാർ പി.എൻ. സുരേഷ് രാജി വച്ചു
ഡിഡബ്ല്യുഎംഎസിനുള്ള ഡിജിറ്റൽ ഇന്ത്യ അംഗീകാരം, വിദ്യാഭ്യാസ വ്യവസായ മേഖലകൾ തമ്മിലുള്ള വിടവ് നികത്തിക്കൊണ്ട് വിവിധ ഇ-ഗവേണൻസ് പ്രോജക്ടുകൾ ഏറ്റെടുക്കുന്ന കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി വിജ്ഞാന് ഭവനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, കമ്മ്യൂണിക്കേഷൻസ്, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സെക്രട്ടറി അൽകേഷ് കുമാർ ശർമ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) ഡയറക്ടർ ജനറൽ രാജേഷ് ഗേര ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.