• HOME
  • »
  • NEWS
  • »
  • career
  • »
  • Agniveer | നാലുവർഷത്തേക്ക് സൈനികരാകാം; അഗ്നിപഥ് പദ്ധതിയിൽ അഗ്നിവീർ ആയി 45000 പേർക്ക് നിയമനം

Agniveer | നാലുവർഷത്തേക്ക് സൈനികരാകാം; അഗ്നിപഥ് പദ്ധതിയിൽ അഗ്നിവീർ ആയി 45000 പേർക്ക് നിയമനം

റിക്രൂട്ട്മെന്‍റിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറുമാസം ട്രെയിനിങ് നൽകിയശേഷമാണ് നാലു വർഷത്തേക്ക് നിയമിക്കുന്നത്. ഈ കാലയളവിൽ 30000 രൂപ മുതൽ 40000 രൂപ വരെ ശമ്പളം ലഭിക്കും

  • Share this:
    ന്യൂഡൽഹി: സൈനിക റിക്രൂട്ട്മെന്‍റിൽ അടിമുടി പരിഷ്ക്കാരങ്ങളുമായി കേന്ദ്ര സർക്കാർ. ഹ്രസ്വകാലത്തേക്കും സൈനികരെ നിയമിക്കുന്നതാണ് ഇതിൽ പ്രധാനം. അഗ്നിപഥ് എന്ന പദ്ധതി അനുസരിച്ച് നാലുവർഷത്തേക്ക് സൈനികരെ നിയമിക്കും. അഗ്നിവീർ എന്ന പേരിൽ 45000 പേർക്കാണ് നിയമനം നൽകുന്നത്. നിലവിൽ വിരമിക്കുന്നതുവരെയോ അല്ലെങ്കിൽ 20 വർഷമോ 15 വർഷമോ സേവനകാലമാണ് സൈനികർക്കുള്ളത്. അഗ്നിപഥ് പദ്ധതിയിൽ 17.5 വയസ് മുതൽ 21 വയസ് വരെ പ്രായമുള്ളവരെയാണ് നിയമിക്കുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചതാണ് ഇക്കാര്യം.

    ഇത്തരത്തിൽ നിയമനം ലഭിക്കുന്നവർക്ക് നാല് വർഷത്തിനുശേഷം പിരിഞ്ഞുപോകാം. മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേക്ക് നിയമിക്കും. സ്ഥിര നിയമനം നടത്തുമ്പോൾ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും പെൻഷൻ ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സർക്കാർ.

    റിക്രൂട്ട്മെന്‍റിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറുമാസം ട്രെയിനിങ് നൽകിയശേഷമാണ് നാലു വർഷത്തേക്ക് നിയമിക്കുന്നത്. ഈ കാലയളവിൽ 30000 രൂപ മുതൽ 40000 രൂപ വരെ ശമ്പളം ലഭിക്കും. ആരോഗ്യ ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങൾക്കും ഇവർ അർഹരായിരിക്കും. അടുത്ത 90 ദിവസത്തിനകം നിയമന നടപടികൾ ആരംഭിക്കും. 2023 ജൂലൈയോടെ ആദ്യ ബാച്ച് സജ്ജമാകും. കര, നാവിക, വ്യോമസേനകളിലേക്കാണ് നിയമനമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. അഗ്നിവീർ സേനാംഗങ്ങളായി പെൺകുട്ടികളെയും നിയമിക്കുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ അറിയിച്ചു. നിയമന നടപടികൾ ഓൺലൈൻ കേന്ദ്രീകൃത സംവിധാനത്തിലൂടെ ആയിരിക്കും. നിയമനത്തിനായുള്ള യോഗ്യത നിലവിലുള്ളത് തന്നെയായിരിക്കും.

    നാലു വർഷത്തിനുശേഷം പിരിച്ചുവിടുമ്പോൾ 11 മുതൽ 12 ലക്ഷം രൂപ പാക്കേജാണ് ഇവർക്ക് നൽകുന്നത്. എന്നാൽ ഇത്തരത്തിൽ നിയമനം ലഭിക്കുന്നവർക്ക് പെൻഷന് അർഹതയുണ്ടാകില്ല. പദ്ധതി വിജയിച്ചാൽ വാർഷിക പ്രതിരോധ ബജറ്റിൽ 5.2 കോടിയ രൂപ ലാഭിക്കാനാകുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്.
    Published by:Anuraj GR
    First published: