• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡിനെ നേരിട്ട പെൺകരുത്ത്; ജസീന്ത ആർഡേന് കയ്യടിച്ച് ലോകം

കോവിഡിനെ നേരിട്ട പെൺകരുത്ത്; ജസീന്ത ആർഡേന് കയ്യടിച്ച് ലോകം

ആദ്യഘട്ടം മുതല്‍ വ്യാപകമായി പരിശോധനകൾ നടത്തി. കൃത്യമായ സമയത്ത് ശക്തമായ തീരുമാനങ്ങൾ ന്യൂസിലന്റ് പ്രധാനമന്ത്രി സ്വീകരിച്ചു. മറ്റു പല രാജ്യങ്ങളേക്കാൾ മുൻപ് തന്നെ ന്യൂസിലന്റിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

jacinda ardern

jacinda ardern

  • Share this:
    ആരാണ് കോവിഡ് കാലത്തെ ഏറ്റവും നല്ല ഭരണാധികാരി? മോശം നേതാവ് എന്ന പേരിന് വേണ്ടി മത്സരിക്കുന്നവരായി പലരുണ്ട്, ഡോണാള്‍ഡ് ട്രംപോ, ബ്രസീലിയൻ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയോ ആ പട്ടം നേടാം. എന്നാല്‍ ഏറ്റവും മികച്ച രാഷ്ട്രനേതാവ് ജെസീന്താ ആർഡേൻ ആണെന്ന് പറഞ്ഞാല്‍ വലിയ എതിര്‍പ്പ് വരാനിടയില്ല. മനുഷ്യസ്‌നേഹത്തിലും ശാസ്ത്രചിന്തയിലും അധിഷ്ഠിതമായി നിന്നുകൊണ്ട് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള സ്‌നേഹം നേടുകയാണ് ന്യൂസിലന്ഡ് പ്രധാനമന്ത്രിയായ മുപ്പതിയൊമ്പതുകാരി ജസീന്താ ആർഡേന്‍.

    ജെസിന്താ ആര്‍ഡേൻ വലിയ അത്ഭുതങ്ങളൊന്നും ചെയ്യുന്നില്ല. ഏതെങ്കിലുമൊരു മനുഷ്യന് അത്ഭുതം കാണിച്ച് പരിഹരിക്കാവുന്ന കാര്യവുമല്ല കോവിഡ് ഭീഷണി. സാധാരണമായ കാര്യങ്ങള്‍ മാത്രമേ താൻ ചെയ്യുന്നുള്ളൂ എന്നാണ് അവര്‍ തന്നെയും പറയുന്നത്. പക്ഷേ ആ സാധാരണ കാര്യങ്ങള്‍ വലിയ ആശ്വാസമാണ് ന്യൂസിലന്‍ഡിലെ ജനതയ്ക്ക് നല്‍കുന്നത്.
    BEST PERFORMING STORIES:പ്രവാസികളെ തിരികെ എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച്‌ രാജ്യം; സംസ്ഥാനങ്ങൾക്ക് കത്തയച്ചു [NEWS]ഇന്ത്യയിൽ 24,500 കോവിഡ് ബാധിതർ; 24 മണിക്കൂറിനിടെ മരിച്ചത് 52 പേർ [NEWS]ഇന്ത്യയിൽ വൈറസ് അതിവേഗം പടരുന്ന 7 സംസ്ഥാനങ്ങൾ ഇവയൊക്കെ; മുന്നിൽ ഗുജറാത്ത് [NEWS]

    അമ്പത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള ന്യൂസിലന്‍ഡില്‍ കോവിഡ് ബാധിച്ച് 12 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം കുറച്ചു കൊണ്ടുവരാനും സാധിച്ചു. രോഗത്തിന്റെ ആദ്യഘട്ടം മുതല്‍ വ്യാപകമായി പരിശോധനകൾ നടത്തി. കൃത്യമായ സമയത്ത് ശക്തമായ തീരുമാനങ്ങൾ ന്യൂസിലന്റ് പ്രധാനമന്ത്രി സ്വീകരിച്ചു. മറ്റു പല രാജ്യങ്ങളേക്കാൾ മുൻപ് തന്നെ ന്യൂസിലന്റിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

    വൈറസ് ബാധ രൂക്ഷമാകുന്നതിന് മുമ്പ്, ഫെബ്രുവരി തുടക്കം മുതല്‍ തന്നെ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. മാര്‍ച്ച് പകുതിയോടെ അതിര്‍ത്തികളെല്ലാം അടച്ചു. പരിശോധനയും സമ്പര്‍ക്ക പരിശോധനയും വളരെ നേരത്തെ തന്നെ തുടങ്ങി. കടുത്ത നടപടികളിലേക്ക് പോവുമ്പോള്‍ തന്നെ നിരന്തരമായ ആശയവിനിമയത്തിലൂടെ പൗരന്മാരെ നിയന്ത്രണങ്ങൾക്ക് സജ്ജരാക്കിയെടുത്തു. ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ളവരെ മാത്രമല്ല, പ്രതിപക്ഷത്തെ നേതാക്കളെ വരെ സഹകരിപ്പിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് ശക്തമായി നേതൃത്വം നല്‍കി.

    ആശങ്ക പൂര്‍ണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും കോവിഡിനെ വിജയകരമായി ചെറുക്കുന്ന രാജ്യങ്ങളിൽ മുന്നിലാണ് ന്യൂസിലാന്‍ഡ്. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കുന്ന ജെസീന്തയ്ക്ക് നല്‍ക്കുന്നുണ്ട് രാജ്യത്തെ വലിയൊരു കൂട്ടം ജനങ്ങളും. ന്യൂസിലന്റിലെ 88 ശതമാനം ജനങ്ങളും സര്‍ക്കാരിന്റെ നടപടികളില്‍ തൃപ്തരാണെന്നാണ് ഒരു ഏജൻസി നടത്തിയ സർവേയിൽ പറയുന്നത്. കോവിഡ‍ിനെ പ്രതിരോധിക്കുന്നതിൽ മറ്റ് പല രാജ്യങ്ങളിലും സര്‍ക്കാരിലുള്ള വിശ്വാസം ഇതിന്റെ പകുതി പോലുമില്ല എന്നും ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.

    രാജ്യത്തെ രോഗവ്യാപനം കുറച്ച് കൊണ്ട് വരാനും ജനവിശ്വാസം നേടിയെടുക്കാനും ജസീന്തയ്ക്ക് സാധിച്ചത് കഠിനാധ്വാനത്തിലൂടെയും നിരന്തരമായ ആശയവിനിമയത്തിലൂടെയുമാണ്. എല്ലാ ദിവസവും ഫെയ്‌സ്ബുക്കിലൂടെ നടത്തുന്ന ലൈവ് ചാറ്റ് ആണ് അവരിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നത്.

    ജനങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് സാമൂഹ്യ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൈകുഞ്ഞിനേയും എടുത്താണ് വീട്ടില്‍ നിന്നുള്ള ലൈവില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രത്യക്ഷപ്പെടുന്നത്. ഇതെല്ലാം നമ്മിലൊരാള്‍ എന്ന തോന്നലാണ് ജനങ്ങളിൽ ഉണ്ടാക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളോട് പതിവായി സംസാരിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യാമണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

    നിരന്തര ആശയവിനിമയവും ശാസ്ത്രീയമായ നടപടികളും ചെറുപ്പത്തിന്റെ ഊര്‍ജ്ജത്തോടെുള്ള കഠിനാധ്വാനവുമാണ് ജസീന്തയെ ഈ കാലത്തെ ഏറ്റവും മികച്ച ഭരണാധികാരിയാക്കുന്നത്.
    Published by:Naseeba TC
    First published: