സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്ക് കോവിഡ്-19 പ്രതിരോധത്തിനായി വാക്സിൻ എടുക്കുന്നതിന് സൗകര്യമൊരുക്കി ബാംഗ്ലൂരിലെ സാമൂഹിക പ്രവർത്തകർ. സിറ്റിസൺസ് ഫോർ സിറ്റിസൺസ് (സി 4 സി) എന്ന സന്നദ്ധ സംഘടനയാണ് ബാംഗ്ലൂർ നഗരസഭയുമായി സഹകരിച്ച് ഇത്തരമൊരു വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചത്. തിരിച്ചറിയൽ രേഖകളില്ലാത്തവർക്കും ഇത് വഴി വാക്സിന്‍ ലഭ്യമാക്കിയിരുന്നു. ജൂൺ ഏഴിനായിരുന്നു സംഘടനയുടെ ആഭിമുഖ്യത്തിൽ വാക്സിൻ ഡ്രൈവ് സംഘടിപ്പിച്ചത്.
വീടുവീടാന്തരം കയറിയിറങ്ങിയാണ് സന്നദ്ധ പ്രവർത്തകർ ഇത്തരത്തിൽ അർഹരായ 20 പേരെ കണ്ടെത്തിയത്. ബാംഗ്ലൂർ നഗരസഭക്ക് കീഴിലുള്ള വസന്ത് നഗറിൽ (വാർഡ് 93) നിന്നും അംഗപരിമിതിയുള്ളവർ, തെരുവ് കച്ചവടക്കാർ, മുതിർന്നവർ, ഗുരുതര രോഗം ബാധിച്ചവർ, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ഇല്ലാത്തവർ, ശിശു സംരക്ഷണ വകുപ്പ്, വനിതാ ശിശു വികസന വകപ്പുകളിലെ ജീവനക്കാർ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന 18 മുതൽ 44 വയസ്സിന് ഇടയിലുള്ളവർക്കാണ് വാക്സിൻ ഡ്രൈവ് സംഘടിപ്പിച്ചതെന്ന് ദി ന്യൂസ് മിനിറ്റ് റിപോർട്ട് ചെയ്തു.
ബാംഗ്ലൂർ നഗരസഭ സ്പെഷ്യൽ ഓഫീസർ ഡോ. വൈഷ്ണവി വാക്സിൻ ഡ്രൈവ് ഉദ്ഘാടനം ചെയ്തു. പബ്ലിക് ഹെൽത്ത് ആക്ഷൻ ടീമിന്റെ (പിഎസിടി) #VaxUp എന്ന ക്യാംപയിന്റെ കീഴിലാണ് വാക്സിൻ ഡ്രൈവ് സംഘടിപ്പിച്ചത്. കൂടാതെ വാക്സിൻ എടുത്തവർക്ക് എൻ95 മാസ്ക്, ഭക്ഷണ കിറ്റ് എന്നിവ നൽകുകയും ചെയ്തു.
വാക്സിനു ശേഷമുള്ള പാർശ്വഫലങ്ങളെപ്പറ്റിയും സന്നദ്ധ പ്രവർത്തകർ ബോധവത്കരണം നല്‍കി. ഒപ്പം പാരസെറ്റമോൾ വിതരണം ചെയ്തതായും സി ഫോർ സി സ്ഥാപകനും കൺവീനറുമായ രാജ്കുമാർ ദുഗർ പറഞ്ഞു. ഡോ. അലിയുടെ നേതൃത്വത്തിലുള്ള പിഎച്ച്സി സംഘം, രാജേന്ദ്ര ചോളൻ ഐഎഎസ്, ഡോ. വൈഷ്ണവി, എന്നിവരാണ് വാക്സിൻ ഡ്രൈവ് സംഘടിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. ബാംഗ്ലൂർ നഗരസഭയിലെ എല്ലാ 198 വാർഡുകളിലും ഇത്തരത്തിലുള്ള വാക്സിൻ ഡ്രൈവ് സംഘടിപ്പിക്കാൻ അതാത് സ്ഥലങ്ങളിലെ സന്നദ്ധ സംഘടനകൾ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അംഗപരിമിതയുള്ളവർക്ക് വേണ്ടി അവരുടെ വീടുകളിൽ എത്തി വാക്സിൻ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഇവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ കഴിഞ്ഞ മേയിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. 104 സന്നദ്ധ സംഘടനകളും വ്യക്തികളും സംയുക്തമായാണ് നിവേദനം നൽകിയത്. ഇവർക്ക് മഹാമാരിയുടെ കാലയളവിൽ 7500 രൂപ വീതം എക്സ് ഗ്രേഷ്യ നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ എല്ലാവർക്കും സൗജന്യ റേഷനും ഭക്ഷ്യ കിറ്റുകളും നൽകാൻ പദ്ധതി ആവിഷ്കരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
ജനുവരി 16ന് ശേഷം ഇതുവരെ ബാംഗ്ലൂർ നഗരസഭ 35 ലക്ഷം പേർക്കാണ് ആദ്യ ഡോസ് വാക്സിൻ നൽകിയത്. 6 ലക്ഷം പേരെ പൂർണമായും വാക്സിനേറ്റ് ചെയ്യുകയും ചെയ്തു. അതേസമയം, ബാംഗ്ലൂരിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനമാണ്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം കഴിഞ്ഞ ആഴ്ചകളിലായി ഇതേ നിരക്കിൽ തന്നെ ടിപിആർ നിരക്ക് തുടരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid, Covid vaccine